വത്തിക്കാൻ സിറ്റി: ദൈവത്തിന്റെ വിശ്വസ്തതയുടെ അടയാളമായാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാൾ വിശ്വാസികൾ ആഘോഷിക്കുന്നതെന്ന് ലെയോ പതിനാലാമൻ പാപ്പാ.
ദൈവത്തോടുള്ള ആത്മീയ സംഭാഷണവും ദൈവവചനം സ്വീകരിക്കുന്ന മനോഭാവവും പരിശുദ്ധ അമ്മയുടെ ജീവിതത്തിൽനിന്ന് പഠിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു.പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് മുന്നോടിയായി റോമിന് സമീപമുള്ള ജെനസാനോയിലെ അഗസ്റ്റീനിയൻ സന്യാസികൾ ശുശ്രൂഷ ചെയ്യുന്ന മരിയൻ തീർത്ഥാടനകേന്ദ്രത്തിൽ വിശുദ്ധ ബലിയർപ്പിച്ച് വചനസന്ദേശം നൽകുകയായിരുന്നു പാപ്പ.തിന്മയിൽനിന്ന് വിമോചിതമാകുന്ന പുതിയ ലോകത്തിന്റെ പ്രഭാതമാണ് മറിയമെന്ന് പാപ്പ വിശേഷിപ്പിച്ചു. ദൈവവചനം സ്വീകരിക്കുകയും ഹൃദയത്തിൽ സൂക്ഷിക്കുകയും ധീരമായ തീരുമാനങ്ങളിലൂടെ അതിന് ജീവിതത്തിൽ രൂപം നൽകുകയും ചെയ്യുന്നതിൽ മറിയത്തിന്റെ ‘നല്ല ഉപദേശം’ പിന്തുടരണമെന്ന് അദ്ദേഹം പറഞ്ഞു.മറിയത്തിന്റെ നിശബ്ദ സാന്നിധ്യമാണ് ചരിത്രത്തിൽ നിർണായകമായ മാറ്റത്തിന് വഴിയൊരുക്കിയതെന്ന് പാപ്പ ചൂണ്ടിക്കാട്ടി. അവളുടെ മഹത്വം പുറമേയുള്ള പ്രകടനങ്ങളിലായിരുന്നില്ല; മറിച്ച് അവളുടെ ഉള്ളിലായിരുന്നു. “അവളിൽ നിന്ന് യേശു ജനിച്ചു” എന്ന വാക്കിൽ തന്നെ അവളുടെ ജീവിതത്തിന്റെ മഹത്വവും ചരിത്രത്തിലെ സ്ഥാനവും വ്യക്തമാകുന്നുവെന്നും പാപ്പ പറഞ്ഞു.
തന്റെ സ്രഷ്ടാവിന്റെ അമ്മയാകാൻ വിളിക്കപ്പെട്ട ഒരു പെൺകുട്ടിയുടെ ജനനമാണ് സഭ ആഘോഷിക്കുന്നതെന്ന് ഓർമിപ്പിച്ച പാപ്പ, മറിയത്തെ ‘രാജ്ഞി’ എന്നും ‘നാഥ’ എന്നും വിളിക്കുമ്പോഴും ദൈവത്തിന്റെ പ്രവർത്തനരീതി ലാളിത്യത്തിന്റെയും നിശബ്ദതയുടെയും വഴിയിലൂടെയാണെന്ന് വ്യക്തമാക്കി.അധികാരത്തിനും അഹങ്കാരത്തിനും പകരം ശുശ്രൂഷയ്ക്കും കരുണയ്ക്കും പ്രാധാന്യം നൽകുന്ന ദൈവരാജ്യത്തിന്റെ മനോഭാവമാണ് മറിയം തന്റെ ജീവിതത്തിലൂടെ വെളിപ്പെടുത്തുന്നതെന്ന് പാപ്പ പറഞ്ഞു. നാശവും അനിശ്ചിതത്വവും നിറഞ്ഞ ഇന്നത്തെ കാലത്ത് ദൈവത്തിന്റെ പ്രവർത്തനം തിരിച്ചറിയാനും പ്രത്യാശയോടെ മുന്നേറാനും പരിശുദ്ധ അമ്മയുടെ മാതൃക വിശ്വാസികളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

