കൊല്ലം: ഭാരതീയ സംസ്കാരത്തിന്റെ ആത്മീയ പാരമ്പര്യം നിലനിർത്തിക്കൊണ്ട് അധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളുമായി ഊഷ്മളമായ ബന്ധം പുലർത്തിയിരുന്ന ഗുരുവര്യനായിരുന്നു ദൈവദാസൻ ബിഷപ്പ് ജെറോം മരിയ ഫെർണാണ്ടസെന്ന് കൊല്ലം രൂപത വികാർ ജനറൽ മോൺസിഞ്ഞോർ ഡോ. ബൈജു ജൂലിയൻ പറഞ്ഞു.
അധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും തമ്മിൽ നല്ല ബന്ധം നിലനിർത്തിയ ഒരു ചെറിയ ഗുരുകുലത്തിന് ബിഷപ്പ് ജെറോം തുടക്കം കുറിച്ചു. അതാണ് ഇന്ന് മൂവായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന മികച്ച വിദ്യാലയമായ ട്രിനിറ്റി ലൈസിയമായി വളർന്നതെന്നും അദ്ദേഹം പറഞ്ഞു.ദൈവദാസൻ ബിഷപ്പ് ജെറോം മരിയ ഫെർണാണ്ടസിന്റെ 125-ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോൺസിഞ്ഞോർ ഡോ. ബൈജു ജൂലിയൻ.

സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. ജാക്സൻ ജെയിംസ് അധ്യക്ഷത വഹിച്ചു. രൂപത അസോസിയേറ്റ് പി.ആർ.ഒ. ജോർജ് എഫ്. സേവ്യർ, വൈസ് പ്രിൻസിപ്പൽ ലീന ജോസഫ്, അധ്യാപകരായ നിഷ ആന്റണി, ദിവ്യ ബിജു, ജ്യോതി എസ്., ആനി പി. എന്നിവർ സംസാരിച്ചു.ഫോട്ടോ അടിക്കുറിപ്പ്: ദൈവദാസൻ ബിഷപ്പ് ജെറോം മരിയ ഫെർണാണ്ടസ് സ്ഥാപിച്ച കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിൽ നടന്ന ബിഷപ്പ് ജെറോമിന്റെ 125-ാം ജന്മവാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് രൂപത വികാർ ജനറൽ മോൺസിഞ്ഞോർ ഡോ. ബൈജു ജൂലിയൻ സംസാരിക്കുന്നു.

