വത്തിക്കാൻ: സ്നേഹവും ജീവനും പരസ്പരം പങ്കുവയ്ക്കുന്ന കുടുംബങ്ങൾ ദൈവസ്നേഹത്തിന്റെ പ്രതിഫലനമാണെന്ന് ലെയോ പതിനാലാമൻ പാപ്പാ. വത്തിക്കാൻ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സംഗമത്തിൽ സംസാരിക്കുകയായിരുന്നു പാപ്പാ.
വത്തിക്കാൻ ഗവർണറേറ്റിന്റെ നേതൃത്വത്തിൽ വത്തിക്കാൻ ഉദ്യാനത്തിൽ സംഘടിപ്പിച്ച കുടുംബസംഗമത്തിൽ നിരവധി ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. കുടുംബബന്ധങ്ങളുടെ മഹത്വവും പരസ്പര സ്നേഹത്തിന്റെ പ്രാധാന്യവും ഓർമിപ്പിച്ച പാപ്പാ, മറ്റുള്ളവർക്കായി സ്നേഹവും ജീവനും പങ്കുവയ്ക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നെന്നും പറഞ്ഞു.കുട്ടികളുമായി ഏറെ സൗഹൃദ പരമായാണ് പാപ്പാ സംവദിച്ചത്. പ്രചാരത്തിലുള്ള ‘ഓറ’യെക്കുറിച്ചും പാപ്പാ കുട്ടികളോട് ചോദിച്ചറിഞ്ഞു. പാപ്പായുടെ ലളിതവും സൗഹൃദപരവുമായ ഇടപെടൽ കുടുംബസംഗമത്തിന് കൂടുതൽ സന്തോഷകരമായ അന്തരീക്ഷം നൽകി.

