മാനന്തവാടി: അന്താരാഷ്ട്ര കത്തോലിക്കാ യുവജന പ്രസ്ഥാനമായ എം ഐ ജെ എ എ ആർ സി ഏഷ്യ -യുടെ വനിതാ കമ്മീഷൻ ചെയർപേഴ്സണായി ഗ്രാലിയ അന്ന അലക്സ് തിരഞ്ഞെടുക്കപ്പെട്ടു. കെസിവൈഎം സംസ്ഥാന സിൻഡിക്കേറ്റ് അംഗവും മാനന്തവാടി രൂപതാംഗവുമാണ് ഗ്രാലിയ.
ഗ്രാമീണ മേഖലകളിലെയും കർഷക കുടുംബങ്ങളിലെയും യുവജനങ്ങളുടെ സാമൂഹിക, സാമ്പത്തിക, ആത്മീയ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കത്തോലിക്കാ യുവജന പ്രസ്ഥാനമാണ് MIJARC. Mouvement International de la Jeunesse Agricole et Rurale Catholique എന്ന ഫ്രഞ്ച് നാമത്തിന്റെ ചുരുക്കപ്പേരാണ് MIJARC. 1954-ൽ ബെൽജിയത്തിൽ രൂപീകൃതമായ സംഘടനയ്ക്ക് യുനെസ്കോ, എഫ്.എ.ഒ, ഐ.എൽ.ഒ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളിൽ കൺസൾട്ടേറ്റീവ് പദവിയുണ്ട്.
MIJARC-ന്റെ വനിതാ കമ്മീഷൻ അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലത്തിലും ഗ്രാമീണ മേഖലയിലെ വനിതകളുടെ അവകാശ സംരക്ഷണത്തിനും ശാക്തീകരണത്തിനുമായി പ്രവർത്തിക്കുന്നു. ഗ്രാമീണ പെൺകുട്ടികളുടെയും യുവതികളുടെയും നേതൃത്വപാടവം വളർത്തുന്നതിനും കാർഷിക-ഗ്രാമവികസന മേഖലകളിൽ തുല്യ അവസരങ്ങൾ ഉറപ്പാക്കുന്നതിനും കമ്മീഷൻ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഏഷ്യൻ രാജ്യങ്ങളിലെ ഗ്രാമീണ യുവതികൾ നേരിടുന്ന പ്രശ്നങ്ങൾക്കും അവരുടെ വികസനത്തിനുമാണ് MIJARC Asia Women’s Commission പ്രത്യേക പ്രാധാന്യം നൽകുന്നത്. വനിതാ ദിനാചരണങ്ങൾ, സ്ത്രീ ശാക്തീകരണ വെബിനാറുകൾ, അഗ്രോ ഇക്കോളജി ഉൾപ്പെടെയുള്ള വിവിധ മേഖലകളിലെ പരിശീലന പരിപാടികൾ എന്നിവ കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചുവരുന്നു.
മണിമൂളി ക്രിസ്തുരാജ ഇടവക വെട്ടുകാട്ടിൽ അലക്സിന്റെയും മിനിയുടെയും മകളായ ഗ്രാലിയ, പാതിരിപ്പാടം ഇടവക ചെട്ടിയാംകുന്നേൽ അരുണിന്റെ ഭാര്യയാണ്. കെസിവൈഎം സംസ്ഥാന വൈസ് പ്രസിഡന്റായും മാനന്തവാടി രൂപത കെസിവൈഎം വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

