വത്തിക്കാൻ സിറ്റി: ലാത്വിയൻ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് എഡ്ഗാർസ് റിങ്കെവിക്സിനെ ലെയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ച് കൂടിക്കാഴ്ച നടത്തി. സെപ്റ്റംബർ നാലിനായിരുന്നു കൂടിക്കാഴ്ച. പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്.
തുടർന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ, സംസ്ഥാനങ്ങളും അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധങ്ങളുടെ സെക്രട്ടറി മോൺസിഞ്ഞോർ പോൾ റിച്ചാർഡ് ഗാല്ലഘർ എന്നിവരുമായും ലാത്വിയൻ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി.പരിശുദ്ധ സിംഹാസനവും ലാത്വിയൻ റിപ്പബ്ലിക്കും തമ്മിലുള്ള സൗഹൃദബന്ധത്തിൽ ഇരുപക്ഷവും സംതൃപ്തി രേഖപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.
