ഭരണങ്ങാനം: കേരളത്തിലെ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന് വഴിതുറന്ന ഭരണങ്ങാനം അസീസി ധ്യാനകേന്ദ്രം സുവർണജൂബിലി നിറവിൽ. 1976 സെപ്റ്റംബർ അഞ്ചിന് ആരംഭിച്ച ധ്യാനകേന്ദ്രത്തിന്റെ 50-ാം വാർഷികാഘോഷങ്ങൾക്ക് ഓഗസ്റ്റ് 30ന് സമാപിച്ചു .ദൈവദാസൻ ഫാ. ആർമ്മണ്ട് കപ്പൂച്ചിനാണ് അസീസി ധ്യാനകേന്ദ്രത്തിന്റെ സ്ഥാപകൻ. ഫാ. ഗ്രേഷ്യൻ കപ്പൂച്ചിനും അദ്ദേഹത്തോടൊപ്പം ധ്യാനകേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അഞ്ച് പതിറ്റാണ്ടിനിടെ ജീവിത നവീകരണത്തിലൂടെ ആയിരക്കണക്കിന് വ്യക്തികളെയും കുടുംബങ്ങളെയും ആത്മീയ വളർച്ചയിലേക്കും വിശുദ്ധിയുടെ പാതയിലേക്കും നയിക്കാൻ ധ്യാനകേന്ദ്രത്തിന് സാധിച്ചു.സുവർണജൂബിലി സമാപന സമ്മേളനം ഓഗസ്റ്റ് 30ന് വൈകുന്നേരം നാലിന് അസീസി ധ്യാനകേന്ദ്രത്തിൽ നടന്നു.
കൃതജ്ഞതാബലിയിൽ കോട്ടയം സെന്റ് ജോസഫ് കപ്പൂച്ചിൻ പ്രൊവിൻഷ്യൽ ഫാ. സരീഷ് തൊണ്ടാംകുഴിയിൽ മുഖ്യകാർമികത്വം വഹിച്ചു . ധ്യാനകേന്ദ്രത്തിന്റെ മുൻ ഡയറക്ടർമാർ സഹകാർമികരായി .തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ കെസിഎസ്സി കോ-ഓർഡിനേറ്റർ ഫാ. ജോൺസൺ കൗണ്ടിയിൽ, ജോയിന്റ് കോ-ഓർഡിനേറ്റർ ഷാജി വൈക്കത്തുപറമ്പിൽ, പാലാ രൂപതാ ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ. തോമസ് ഓലാലയത്തിൽ എന്നിവർ പ്രസംഗിച്ചു. കപ്പൂച്ചിൻ സഹോദരങ്ങളുടെ കാപ്പിപ്പൊടി ബാൻഡിന്റെ സംഗീതവിരുന്നും സമാപന പരിപാടികളുടെ ഭാഗമായി നടത്തി .കരിസ്മാറ്റിക് ധ്യാനരംഗത്ത് നിരവധി ആത്മീയ ശുശ്രൂഷകരെ വളർത്തിയെടുക്കാനും പ്രശസ്തരായ ധ്യാനഗുരുക്കന്മാർക്ക് രൂപം നൽകാനും അസീസി ധ്യാനകേന്ദ്രത്തിന് കഴിഞ്ഞിട്ടുണ്ട്. അരനൂറ്റാണ്ട് പിന്നിടുമ്പോഴും വ്യക്തികളുടെയും കുടുംബങ്ങളുടെയും ജീവിത നവീകരണത്തിനായുള്ള ദൗത്യം തുടരുകയാണ് ധ്യാനകേന്ദ്രം.

