ലണ്ടൻ: ലോകമെമ്പാടും പീഡനങ്ങളും ദുരിതങ്ങളും അനുഭവിക്കുന്ന ക്രൈസ്തവർക്കായി ഫണ്ട് സമാഹരിക്കുന്നതിനായി ലണ്ടനിൽനിന്ന് ജെറുസലേമിലേക്ക് സൈക്കിൾ തീർത്ഥാടനം നടത്തി യുവാവ്. ആൻഡ്രൂ ഫൂട്ട് ആണ് 2246 മൈൽ ദൂരം സൈക്കിളിൽ സഞ്ചരിച്ച് വിശുദ്ധ നാട്ടിലെത്താനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.
പീഡിത ക്രൈസ്തവരെ സഹായിക്കുന്ന എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN) എന്ന സംഘടനയ്ക്കായി 10,000 പൗണ്ട് സമാഹരിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. ഓഗസ്റ്റ് 15ന് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിൽനിന്നാണ് ആൻഡ്രൂ യാത്ര ആരംഭിച്ചത്. 12 ആഴ്ച നീളുന്ന യാത്രയിൽ ഫ്രാൻസിലൂടെ ഇതിനകം 600 മൈൽ പിന്നിട്ട അദ്ദേഹം ഫ്രഞ്ച് യാത്രയുടെ മൂന്നിൽ രണ്ട് ഭാഗവും പൂർത്തിയാക്കി.32 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള കനത്ത ചൂടും ശക്തമായ കാറ്റും ദിവസവും വെറും മൂന്ന് മണിക്കൂർ മാത്രം ഉറങ്ങേണ്ടിവരുന്ന സാഹചര്യവും അതിജീവിച്ചാണ് ആൻഡ്രൂ യാത്ര തുടരുന്നത്. പ്രതിദിനം 60 മുതൽ 70 മൈൽ വരെ സൈക്കിൾ ചവിട്ടുന്ന അദ്ദേഹം വലിയ വെല്ലുവിളികളാണ് നേരിടുന്നത്.
ഫ്രാൻസിന് ശേഷം ഇറ്റലി, ഗ്രീസ്, തുർക്കി, ജോർദാൻ എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് ഇസ്രായേലിലെ ജെറുസലേമിലെത്തേണ്ടത്. മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധികൾക്കിടയിലും വിശുദ്ധ നാട്ടിലെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആൻഡ്രൂ. യാത്രയിലൂടെ സമാഹരിക്കുന്ന തുക ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡനം അനുഭവിക്കുന്ന ക്രൈസ്തവരുടെ സഹായത്തിനായി വിനിയോഗിക്കപ്പെടും.

