കാഠ്മണ്ഡു: വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിലായ നേപ്പാളിന് സഹായഹസ്തവുമായി പാപ്പാ. ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നതിനിടെ പരിശുദ്ധ പിതാവ് സാമ്പത്തിക സഹായം അനുവദിച്ചു. കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കസ്റ്ററി വഴിയാണ് സഹായം കൈമാറിയത്.
ദുരന്തബാധിത വിവിധ പ്രദേശങ്ങളിൽ 630-ലധികം പേർ മരിക്കുകയും 3,000-ത്തോളം പേരെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കാണാതായവരിൽ 500-ലധികം പേർ വിദേശികളാണെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.നേപ്പാളിലെ ദുരിതബാധിതർക്ക് സഹായമെത്തിക്കുന്നതിനായി ഇറ്റാലിയൻ മെത്രാൻ സമിതിയും അഞ്ച് ലക്ഷം യൂറോ അനുവദിച്ചിട്ടുണ്ട്. ദുരന്തബാധിതർക്ക് അടിയന്തര സഹായവും പുനരധിവാസ പിന്തുണയും എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ തുടരുകയാണ്.

