മുതൽകൊല്ലം: തുയ്യം വേളാങ്കണ്ണി മാതാ തീർത്ഥാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാൾ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 8 വരെ ഭക്തിനിർഭരമായി ആചരിക്കും. വിവിധ ആത്മീയ, ആരാധനാക്രമ പരിപാടികളോടെയാണ് തിരുനാൾ ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 31ന് വൈകിട്ട് 4ന് തുയ്യം ഇടവക വികാരി ഫാ. ബോസ് ആന്റണിയുടെ നേതൃത്വത്തിൽ ഇടവക ദേവാലയത്തിൽ തിരുനാൾ പ്രസുദേന്തിമാരെ വാഴിക്കുകയും തിരുനാൾ പതാക ആശീർവദിക്കുകയും ചെയ്യും. തുടർന്ന് തുയ്യം പള്ളിയിൽനിന്ന് പതാക പ്രദക്ഷിണമായി വേളാങ്കണ്ണി മാതാ തീർത്ഥാലയത്തിലെത്തിക്കും. ഇടവക വികാരി ഫാ. ബോസ് ആന്റണി കൊടിയേറ്റുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് ബിഷപ്പ് എമരിറ്റസ് ഡോ. സ്റ്റാൻലി റോമന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ സമാരംഭ ദിവ്യബലി നടക്കും.തിരുനാൾ ദിവസങ്ങളിൽ ദിവസവും രാവിലെ 8നും 11.30നും വൈകിട്ട് 4.30നും ജപമാല, ലിറ്റനി, നൊവേന, ദിവ്യബലി തുടങ്ങിയ തിരുക്കർമ്മങ്ങൾ ഉണ്ടായിരിക്കും.
സെപ്റ്റംബർ 1 മുതൽ 5 വരെ വൈകിട്ട് 6 മുതൽ രാത്രി 8.30 വരെ ഫാ. ബിനോയ് ലിൻ OFM Cap നയിക്കുന്ന വചനാഭിഷേക ധ്യാനം നടക്കും. സെപ്റ്റംബർ 3ന് ഉച്ചയ്ക്ക് 12ന് കുഞ്ഞുങ്ങൾക്കുള്ള ചോറൂണും നടത്തപ്പെടും.സെപ്റ്റംബർ 7ന് വൈകിട്ട് 5ന് നടക്കുന്ന ആഘോഷമായ വേസ്പരയ്ക്ക് മോൺസിഞ്ഞോർ വിൻസെന്റ് മച്ചാഡോ മുഖ്യകാർമികത്വം വഹിക്കും. ഫാ. ജോസ് സെബാസ്റ്റ്യൻ വചനപ്രഘോഷണം നടത്തും. തുടർന്ന് കൊല്ലം നഗരം ചുറ്റി പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ പ്രദക്ഷിണവും നടക്കും.സെപ്റ്റംബർ 8ന് രാവിലെ 9.30ന് കൊല്ലം രൂപതാ വികാരി ജനറൽ മോൺസിഞ്ഞോർ ഡോ. ബൈജു ജൂലിയന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ സമൂഹബലി നടക്കും. തുടർന്ന് തുയ്യം പള്ളി അങ്കണത്തിൽ സ്നേഹവിരുന്ന് ഒരുക്കും. വൈകിട്ട് 5ന് ഇടവക വികാരി ഫാ. ബോസ് ആന്റണിയുടെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബലിയും കൊടിയിറക്കും നടക്കും.

