കൊച്ചി: ദൈവദാസൻ മോൺ. ലോറൻസ് പുളിയനത്തിന്റെ 129-ാം ജന്മദിനത്തോടനുബന്ധിച്ച് ഇടക്കൊച്ചി സെന്റ് ലോറൻസ് ഇടവകയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു.
‘ആഗോള കുടിയേറ്റവും തൊഴിൽ നൈപുണ്യവും’ എന്ന വിഷയത്തിൽ തൃശൂർ സെന്റ് തോമസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഡൈസൺ പനങ്ങാടൻ ക്ലാസ് നയിച്ചു.കൊച്ചി രൂപതയിലെ വിവിധ ഇടവകകളിൽനിന്ന് എസ്.എസ്.എൽ.സി. പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവരെയും പ്ലസ് ടു, ഡിഗ്രി തലങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ചടങ്ങിൽ അനുമോദിച്ചു.അനുമോദന സമ്മേളനം കൊച്ചി രൂപതാ മെത്രാൻ ഡോ. ആന്റണി കരിയിൽപറമ്പിൽ ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ നിയോജകമണ്ഡലം എം.എൽ.എ. ദീപക് ജോയ് മുഖ്യാതിഥിയായിരുന്നു. ഇരുവരും ചേർന്ന് വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.ഇടവക വികാരി റവ. ഫാ. വർഗീസ് ചെറുതീയിൽ അധ്യക്ഷത വഹിച്ചു. കൊച്ചി നഗരസഭ കൗൺസിലർ ലസിത പീറ്റർ, ഡോ. ജൂഡ് മാർട്ടിൻ മെൻഡസ്, സിസ്റ്റർ അൻസാ മേരി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സെബാസ്റ്റ്യൻ കോയിൽപറമ്പിൽ എന്നിവർ ആശംസകൾ നേർന്നു. വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രീയ, ഇടവക മേഖലകളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

