തിരുവനന്തപുരം: കേരളീയ പാരമ്പര്യവും ക്രൈസ്തവ മൂല്യങ്ങളും സമന്വയിപ്പിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ മതബോധന അധ്യാപകരും വിദ്യാർഥികളും ഓണാഘോഷം സംഘടിപ്പിച്ചു.

ആഘോഷത്തിലെ വേറിട്ട ആകർഷണമായി മാറിയ “വചനപൂക്കളം” സാമൂഹിക മാധ്യമങ്ങളിലും ശ്രദ്ധ നേടി.സാധാരണ പൂക്കളങ്ങളിൽനിന്ന് വ്യത്യസ്തമായി, ബൈബിളിലെ വചനങ്ങളെ പൂക്കളുടെ രൂപത്തിലും വിവിധ നിറങ്ങളിലുമായി ക്രിയാത്മകമായി അവതരിപ്പിച്ചാണ് മതബോധന അധ്യാപകരും വിദ്യാർഥികളും വചനപൂക്കളം ഒരുക്കിയത്. സ്നേഹം, പങ്കുവെക്കൽ, സമത്വം എന്നീ ഓണസന്ദേശങ്ങളെ ക്രൈസ്തവ ജീവിതമൂല്യങ്ങളുമായി ബന്ധിപ്പിച്ചായിരുന്നു പൂക്കളത്തിന്റെ ആശയാവിഷ്കാരം.ബൈബിളിലെ സ്നേഹം, കരുണ, സഹോദര്യം, സമാധാനം, പ്രത്യാശ തുടങ്ങിയ സന്ദേശങ്ങൾ പൂക്കളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഫലിച്ചു. ഓരോ പൂവും ഓരോ വചനത്തെയും ഓരോ നിറവും ഓരോ മൂല്യത്തെയും പ്രതിനിധീകരിക്കുന്ന തരത്തിൽ ഒരുക്കിയ വചനപൂക്കളം ആഘോഷത്തിന് ആത്മീയവും സാംസ്കാരികവുമായ വേറിട്ട ഭംഗി നൽകി.കത്തീഡ്രൽ അങ്കണത്തിൽ നടന്ന ഓണാഘോഷത്തിൽ ഇടവക വികാരി മോൺ. വിൽഫ്രഡ് ഈ, സഹവികാരി റവ. ഫാ. പ്രമോദ് സേവ്യർ എന്നിവർ നേതൃത്വം നൽകി.

