വത്തിക്കാൻ സിറ്റി: പൗരസ്ത്യ കത്തോലിക്കാ സഭകളുടെ കാനൻ നിയമത്തിൽ സുപ്രധാന ഭേദഗതികൾ വരുത്തി ലെയോ പതിനാലാമൻ പാപ്പാ മോത്തു പ്രോപ്രിയോ “മൂത്തുവ കൊൻകോർദിയ” (Mutua Concordia) പ്രസിദ്ധീകരിച്ചു. ഇതിലൂടെ പൗരസ്ത്യ സഭകളുടെ കാനൻ നിയമത്തിലെ 106, 126 കാനോനുകളിൽ ഭേദഗതി വരുത്തി.
പാത്രിയർക്കീസിനെ തിരഞ്ഞെടുക്കുന്നതിനുള്ള ശരിയായ വേദി മെത്രാൻ സിനഡാണെന്ന് പുതിയ പരിഷ്കാരം വ്യക്തമാക്കുന്നു. സഭയുടെ സഹവർത്തിത്വ സ്വഭാവവും സിനഡൽ പാരമ്പര്യവും കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് ഈ മാറ്റമെന്ന് വിലയിരുത്തപ്പെടുന്നു. ഇത് കേവലം നിയമപരമായ ഭേദഗതിയല്ലെന്നും പൗരസ്ത്യ സഭകളുടെ സിനഡൽ പാരമ്പര്യത്തിന്റെയും സഭാനടത്തിപ്പിലെ പൊതുവായ ഉത്തരവാദിത്വത്തിന്റെയും ആഴം വർധിപ്പിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടുന്നു.പാത്രിയർക്കീസും സിനഡിലെ മറ്റ് മെത്രാന്മാരും തമ്മിലുള്ള കൂട്ടായ്മയ്ക്ക് ഗുരുതരമായ തടസ്സം നേരിടുന്ന സാഹചര്യങ്ങളിലും പുതിയ നിയമത്തിൽ വ്യവസ്ഥകളുണ്ട്. പാത്രിയർക്കീസ് സിനഡിന്റെ അധ്യക്ഷൻ മാത്രമല്ല, ‘ഒന്നാമൻ’ എന്ന നിലയിലുള്ള വ്യക്തിയാണെങ്കിലും, സിനഡുമായുള്ള കൂട്ടായ്മയിൽനിന്ന് വേർതിരിച്ച് അദ്ദേഹത്തിന്റെ ശുശ്രൂഷയെ കാണാനാവില്ലെന്ന് പരിഷ്കാരം വ്യക്തമാക്കുന്നു.അടിയന്തര സാഹചര്യങ്ങളിൽ പാത്രിയർക്കീസും സിനഡും തമ്മിലുള്ള ബന്ധം ഗുരുതരമായി തകരുകയാണെങ്കിൽ, അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെടാനും ആവശ്യമായ സാഹചര്യത്തിൽ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും സിനഡിന് അധികാരം നൽകുന്നതാണ് പുതിയ നിയമത്തിലെ പ്രധാന മാറ്റങ്ങളിലൊന്ന്.

