ഫാ. ആന്റണി റാഫേല്‍ കൊമരംചാത്ത്
ചില ഗാനങ്ങള്‍ കേവലം പാടിത്തീരുന്നില്ല; അവ ഒരു കാലത്തിന്റെ ഹൃദയമിടിപ്പായി മാറുന്നു. ചില വരികള്‍ ചുണ്ടുകളില്‍നിന്ന് ഉയര്‍ന്ന് തെരുവുകളിലൂടെ പടരുകയും ഒടുവില്‍ ഒരു ജനതയുടെ സ്വപ്നത്തിന്റെയും പോരാട്ടത്തിന്റെയും ശബ്ദമായി മാറുകയും ചെയ്യുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ അത്തരമൊരു സ്ഥാനമാണ് ‘വന്ദേമാതര’ത്തിനും ‘ജനഗണമന’യ്ക്കും ഉള്ളത്. ഒന്ന് അടിമത്തത്തിന്റെ ഇരുട്ടില്‍ മാതൃഭൂമിയുടെ മോചനത്തിനായുള്ള തീക്ഷ്ണമായ വിളിയായി ഉയര്‍ന്നു; മറ്റൊന്ന് സ്വാതന്ത്ര്യത്തിന്റെ പ്രഭാതത്തില്‍ വൈവിധ്യങ്ങളുടെ ഇന്ത്യയെ ഒരൊറ്റ ദേശീയസ്വരത്തില് ചേര്‍ത്തുനിര്‍ത്തുന്ന ഗാനമായി മാറി. ഒന്നിന്റെ വരികളില്‍ പോരാട്ടത്തിന്റെ ചൂടും മാതൃഭൂമിയോടുള്ള ആവേശഭരിതമായ ആരാധനയും നിറഞ്ഞുനിന്നപ്പോള്‍, മറ്റൊന്നില്‍ നദികളും മലകളും ജനപദങ്ങളും അതിരുകളില്ലാത്ത ഭാരതത്തിന്റെ ആത്മാവും സംഗീതമായി.
‘വന്ദേമാതരം’ സ്വാതന്ത്ര്യം നേടുന്നതിനുമുമ്പേ ഒരു ജനതയുടെ ഹൃദയത്തില്‍ ദേശീയബോധത്തിന്റെ മന്ത്രമായി പതിഞ്ഞിരുന്നു; ‘ജനഗണമന’ സ്വതന്ത്ര ഇന്ത്യയുടെ ഔദ്യോഗിക ശബ്ദമായി ആ ദേശീയതയെ പുതിയൊരു അര്‍ത്ഥത്തിലേക്ക് ഉയര്‍ത്തി. അതുകൊണ്ടുതന്നെ ഇവ കേവലം രണ്ട് ദേശീയഗീതങ്ങളോ ഗാനങ്ങളോ മാത്രമല്ല. ഒരു രാഷ്ട്രം അടിമത്തത്തില്‍നിന്ന് സ്വാതന്ത്ര്യത്തിലേക്കും, സമരത്തില്‍നിന്ന് രാഷ്ട്രനിര്മാണത്തിലേക്കും സഞ്ചരിച്ച വഴിയിലെ രണ്ട് നിര്‍ണായക സംഗീതചിഹ്നങ്ങളാണ്.
കാലം മാറി, അധികാരങ്ങള്‍ മാറി, ചരിത്രത്തിന്റെ വ്യാഖ്യാനങ്ങള്‍ മാറി. പക്ഷേ ഈ രണ്ടു ഗാനങ്ങള്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഇന്നും ഇന്ത്യയുടെ പൊതുജീവിതത്തില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു. ദേശസ്നേഹം എന്താണ്? ഒരു രാഷ്ട്രത്തിന്റെ ആത്മാവിന് എത്ര സ്വരങ്ങളുണ്ട്? വ്യത്യസ്ത വിശ്വാസങ്ങളും സംസ്കാരങ്ങളും ഭാഷകളും ചേര്‍ന്നൊരു ജനതയ്ക്ക് പൊതുവായി പാടാന്‍ കഴിയുന്ന ഗാനം എങ്ങനെയായിരിക്കണം? ആ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ തേടിയുള്ള ചരിത്രവഴിയിലാണ് ‘വന്ദേമാതര’വും ‘ജനഗണമന’യും ഇന്നും നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.
‘വന്ദേമാതരം’: ഒരു ഗാനത്തില്‍നിന്ന് ഒരു പ്രസ്ഥാനത്തിലേക്ക്
ബങ്കിം ചന്ദ്ര ചതോപാധ്യായ 1870-കളില്‍ രചിച്ച ‘വന്ദേമാതരം’ 1875 നവംബര്‍ 7-ന് ബംഗദര്‍ശന്‍ എന്ന സാഹിത്യപ്രസിദ്ധീകരണത്തില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടു. പിന്നീട് 1882-ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ വിഖ്യാത നോവലായ ആനന്ദമഠം എന്ന കൃതിയുടെ ഭാഗമായും ഇത് ഉള്‍പ്പെടുത്തി. സംസ്കൃതവും ബംഗാളിയും സമന്വയിപ്പിച്ച ഈ ഗാനം മാതൃഭൂമിയെ പ്രകൃതിസൗന്ദര്യത്തിന്റെയും ശക്തിയുടെയും സമൃദ്ധിയുടെയും പ്രതീകമായി അവതരിപ്പിക്കുന്നു. പിന്നീട് അതിലെ ചില ചരണങ്ങളില്‍ മാതൃഭൂമിയെ ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി തുടങ്ങിയ ദേവീസങ്കല്പ്പങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഈ ഇരട്ട സ്വഭാവമാണ് പിന്നീട് ഗാനത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ-സാമുദായിക ചര്‍ച്ചകളുടെ പ്രധാന കാരണങ്ങളിലൊന്നായത്.
1896-ലെ കൊല്‍ക്കത്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനത്തിലാണ് രവീന്ദ്രനാഥ ടാഗോര്‍ ‘വന്ദേമാതരം’ പൊതുവേദിയില്‍ ആലപിച്ചത്. അതോടെ ഈ ഗാനം ദേശീയപ്രസ്ഥാനത്തിന്റെ സാംസ്കാരിക പ്രതീകമായി കൂടുതല്‍ ശക്തമായി ഉയര്‍ന്നു. 1905-ലെ ബംഗാള്‍ വിഭജനത്തിനെതിരായ സ്വദേശി പ്രസ്ഥാനത്തോടെ ‘വന്ദേമാതരം’ ഒരു ഗാനമെന്ന പരിധി വിട്ട് ജനകീയ മുദ്രാവാക്യമായി മാറി. ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ തെരുവുകളില്‍ അതിന്റെ നാദം മുഴങ്ങി. സ്വാതന്ത്ര്യസമരത്തിന്റെ പല ഘട്ടങ്ങളിലും ‘വന്ദേമാതരം’ സമരവീര്യത്തിന്റെ പ്രതീകമായി മാറിയതിന്റെ പശ്ചാത്തലം ഇതാണ്.
എന്തുകൊണ്ട് ആദ്യ രണ്ട് ചരണങ്ങള്‍ മാത്രം?
എന്നാല്‍ ‘വന്ദേമാതരം’ എന്ന ഗാനത്തിന്റെ മുഴുവന്‍ രൂപം പിന്നീട് ദേശീയപ്രസ്ഥാനത്തിനകത്തുതന്നെ ചര്‍ച്ചകള്‍ക്ക് വഴിവച്ചു.
1937-ല്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ഗാനത്തിന്റെ ഉപയോഗത്തെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തി. ഗാനത്തിന്റെ ആദ്യ രണ്ട് ചരണങ്ങളില്‍ മാതൃഭൂമിയുടെ പ്രകൃതിസൗന്ദര്യം, നദികള്‍, വയലുകള്‍, കാറ്റ്, വിളകള്‍ തുടങ്ങിയവയാണ് പ്രധാനമായും പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ തുടര്‍ന്നുള്ള ചരണങ്ങളില്‍ മാതൃഭൂമിയെ ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി തുടങ്ങിയ ഹിന്ദു ദേവീസങ്കല്പ്പങ്ങളുമായി താരതമ്യപ്പെടുത്തുന്നു.
ഇന്ത്യ ഒരു ബഹുമത, ബഹുസാംസ്കാരിക സമൂഹമായി സ്വാതന്ത്ര്യത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന സാഹചര്യത്തില്‍, എല്ലാ മതവിഭാഗങ്ങള്‍ക്കും അംഗീകരിക്കാവുന്ന രൂപത്തില്‍ ഗാനം ഉപയോഗിക്കണമെന്ന നിലപാടാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്വീകരിച്ചത്.
ജവഹര്‍ലാല്‍ നെഹ്റു ഈ വിഷയത്തില്‍ രവീന്ദ്രനാഥ ടാഗോറിന്റെ അഭിപ്രായം തേടിയിരുന്നു. 1937-ലെ തീരുമാനത്തിന് മുമ്പ് ടാഗോര്‍ നല്കിയ നിര്‍ദ്ദേശവും ഇതില്‍ നിര്‍ണായകമായി. മതപരമായ ദേവീസങ്കല്‍പ്പങ്ങള്‍ വരുന്ന പിന്നീടുള്ള ചരണങ്ങളെക്കാള്, മാതൃഭൂമിയെ പ്രകൃതിയുടെയും ദേശത്തിന്റെയും രൂപത്തില്‍ വാഴ്ത്തുന്ന ആദ്യ രണ്ട് ചരണങ്ങള്‍ പൊതുവായ ദേശീയാവബോധത്തിന് കൂടുതല്‍ അനുയോജ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
അതിനാല്‍ ആദ്യ രണ്ട് ചരണങ്ങളുടെ ഉപയോഗം ചരിത്രപരമായ അബദ്ധമോ യാദൃച്ഛികമായ വെട്ടിച്ചുരുക്കലോ ആയിരുന്നില്ല. വ്യത്യസ്ത മതസമൂഹങ്ങള്‍ക്കിടയില്‍ ഒരു ദേശീയഗാനത്തിന് ഉണ്ടായിരിക്കേണ്ട പൊതുസ്വീകാര്യത കണക്കിലെടുത്തെടുത്ത രാഷ്ട്രീയ-ചരിത്രപരമായ ഒരു സമവായമായിരുന്നു അത്.
‘ജനഗണമന’: മറ്റൊരു ദേശീയസ്വരം
‘വന്ദേമാതരം’ സ്വാതന്ത്ര്യസമരത്തിന്റെ പോരാട്ടവീര്യത്തെ പ്രതിനിധീകരിച്ചപ്പോള്‍, ‘ജനഗണമന’ സ്വതന്ത്ര ഇന്ത്യയുടെ ഐക്യത്തിന്റെയും വൈവിധ്യത്തിന്റെയും പ്രതീകമായി ഉയര്‍ന്നു. രവീന്ദ്രനാഥ ടാഗോര്‍ ബംഗാളിയില്‍ രചിച്ച ‘ഭാരതോ ഭാഗ്യോ ബിധാതാ’ എന്ന ഗാനത്തിന്റെ ആദ്യ ഭാഗമാണ് ഇന്ന് ഇന്ത്യയുടെ ദേശീയഗാനമായി അറിയപ്പെടുന്ന ‘ജനഗണമന’. 1911 ഡിസംബര്‍ 27-ന് കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ഇത് ആദ്യമായി പൊതുവേദിയില്‍ ആലപിക്കപ്പെട്ടത്.
ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ വൈവിധ്യവും വിവിധ ജനവിഭാഗങ്ങളുടെയും സംസ്കാരങ്ങളുടെയും ഏകത്വവും ഈ ഗാനത്തില്‍ പ്രതിഫലിക്കുന്നു. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ദേശീയസ്വഭാവത്തോട് ‘ജനഗണമന’ കൂടുതല്‍ സ്വാഭാവികമായി ചേര്‍ന്നുനിന്നു.
‘ജനഗണമന’ ജോര്‍ജ് അഞ്ചാമനെ പുകഴ്ത്തി എഴുതിയതാണെന്ന വ്യാഖ്യാനം പിന്നീട് ഉയര്‍ന്നെങ്കിലും, ടാഗോര്‍ തന്നെ അത്തരമൊരു വ്യാഖ്യാനം നിഷേധിച്ചു. ഗാനത്തിലെ ‘ഭാഗ്യവിധാതാവ്’ ഒരു ബ്രിട്ടീഷ് രാജാവല്ല, ഭാരതത്തിന്റെ ചരിത്രാത്മാവിനെയും ജനതയുടെ വിധിയെയും പ്രതിനിധീകരിക്കുന്ന സങ്കല്പ്പമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
1950 ജനുവരി 24: രണ്ട് ഗാനങ്ങള്‍, രണ്ട് പദവികള്‍
സ്വാതന്ത്ര്യാനന്തരം ദേശീയഗാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി. ഒടുവില്‍ 1950 ജനുവരി 24-ന് ഭരണഘടനാ നിര്‍മാണസഭയുടെ അവസാന സമ്മേളനത്തില്‍ പ്രസിഡന്റ് ഡോ. രാജേന്ദ്ര പ്രസാദ് ഒരു നിര്‍ണായക പ്രഖ്യാപനം നടത്തി.
‘ജനഗണമന’ ഇന്ത്യയുടെ ദേശീയഗാനമായിരിക്കുമെന്നും, സ്വാതന്ത്ര്യസമരത്തില്‍ ചരിത്രപരമായ പങ്കുവഹിച്ച ‘വന്ദേമാതര’ത്തിന് ‘ജനഗണമന’യോടു തുല്യമായ ബഹുമാനവും പദവിയും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇവിടെ ഒരു പ്രധാന വസ്തുത ഓര്‍ക്കേണ്ടതുണ്ട്: ഇത് ഭരണഘടനയില്‍ പ്രത്യേകം ഉള്‍പ്പെടുത്തിയ വ്യവസ്ഥയോ സഭ പാസാക്കിയ ഔദ്യോഗിക പ്രമേയമോ ആയിരുന്നില്ല; രാജേന്ദ്ര പ്രസാദ് സഭയില്‍ നടത്തിയ ഔദ്യോഗിക പ്രസ്താവനയായിരുന്നു. അതുകൊണ്ടുതന്നെ ‘വന്ദേമാതരം’ ദേശീയഗാനത്തിന് തുല്യമായ ഭരണഘടനാപരമായ പദവിയുള്ളതാണ് എന്ന് പറയുന്നത് ശരിയല്ല. അതിന് ദേശീയഗാനത്തോടുള്ള തുല്യ ബഹുമതിയുടെ ചരിത്രപരവും ഔദ്യോഗികവുമായ അംഗീകാരമാണ് ലഭിച്ചത്.
150 വര്‍ഷം പിന്നിടുമ്പോള്‍ വീണ്ടും വിവാദത്തിന്റെ കേന്ദ്രത്തില്‍
‘വന്ദേമാതരം’ രചിക്കപ്പെട്ടതിന്റെ 150-ാം വാര്‍ഷികമായ 2025-26 കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപകമായി ഒരു വര്‍ഷം നീളുന്ന അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചു. 2025 നവംബര്‍ 7-ന് ഇതിന് ഔദ്യോഗിക തുടക്കം കുറിച്ചു. എന്നാല്‍ ആഘോഷങ്ങള്‍ക്കൊപ്പം പഴയ ചരിത്രം പുതിയ രാഷ്ട്രീയ വിവാദമായും തിരിച്ചുവന്നു.
2025 ഡിസംബറില്‍ പാര്‍ലമെന്റില്‍ നടന്ന പ്രത്യേക ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും 1937-ലെ ആദ്യ രണ്ട് ചരണങ്ങളിലേക്കുള്ള പരിമിതപ്പെടുത്തലിനെ രൂക്ഷമായി വിമര്‍ശിച്ചു. മോദി ‘വന്ദേമാതരം’ സ്വാതന്ത്ര്യസമരത്തിന്റെ നിര്‍ണായക പ്രചോദനമായിരുന്നുവെന്നും അതിന്റെ ചരിത്രപരമായ പാരമ്പര്യം പുനഃസ്ഥാപിക്കേണ്ടതുണ്ടെന്നും വാദിച്ചു. അമിത് ഷാ, കോണ്‍ഗ്രസ് നേതൃത്വമാണ് ഗാനത്തെ വിഭജിച്ചതെന്നും അതിന് പിന്നില്‍ പ്രീണനരാഷ്ട്രീയം പ്രവര്‍ത്തിച്ചുവെന്നും ആരോപിച്ചു.
ഇവിടെ ചരിത്രവും രാഷ്ട്രീയവും തമ്മിലുള്ള അതിര്‍ത്തിയാണ് വീണ്ടും മങ്ങിയതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. 1937-ലെ തീരുമാനം ഒരു പ്രത്യേക മതവിഭാഗത്തെ പ്രീതിപ്പെടുത്താനുള്ള രാഷ്ട്രീയനീക്കമായിരുന്നോ, അതോ ബഹുമത സമൂഹത്തില്‍ ദേശീയഗാനത്തിന് പൊതുസ്വീകാര്യത ഉറപ്പാക്കാനുള്ള ശ്രമമായിരുന്നോ എന്ന ചോദ്യം വീണ്ടും ഉയര്‍ന്നു.
നിയമത്തിന്റെ പരിധിയിലേക്ക് ‘വന്ദേമാതരം’
ഈ വിവാദം 2026-ല്‍ മറ്റൊരു തലത്തിലേക്കും നീങ്ങി. Prevention of Insults to National Honour (Amendment) Bill, 2026 എന്ന ഭേദഗതി ബില്‍ ജൂലൈ 24-ന് രാജ്യസഭയില്‍ അവതരിപ്പിക്കുകയും ജൂലൈ 29-ന് രാജ്യസഭ പാസാക്കുകയും ചെയ്തു. തുടര്‍ന്ന് ലോക്സഭയും ബില്‍ പാസാക്കി. 1971-ലെ നിയമത്തിന്റെ പരിധിയില്‍ ‘വന്ദേമാതര’ത്തെയും ഉള്‍പ്പെടുത്തുന്നതാണ് ഭേദഗതിയുടെ പ്രധാന ലക്ഷ്യം. ദേശീയഗാനത്തെ മനഃപൂര്‍വം തടയുകയോ അതിന്റെ ആലാപനത്തില്‍ തടസ്സം സൃഷ്ടിക്കുകയോ ചെയ്യുന്ന പ്രവൃത്തികള്‍ക്ക് നിലവിലുള്ള നിയമത്തില്‍ പരമാവധി മൂന്ന് വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാം; സമാനമായ സംരക്ഷണം ‘വന്ദേമാതര’ത്തിനും നല്‍കുന്നതാണ് ഭേദഗതി.
ഇതോടെ ‘വന്ദേമാതരം’ ഒരു ചരിത്രഗാനമെന്ന പരിധി വിട്ട് നിയമപരമായ സംരക്ഷണത്തിന്റെ പരിധിയിലും എത്തുകയാണ്.
എന്നാല്‍ ഇവിടെ മറ്റൊരു പ്രധാന ചോദ്യം ഉയരുന്നു: ഒരു ദേശീയഗാനത്തോടുള്ള ബഹുമാനം നിയമത്തിലൂടെ ഉറപ്പാക്കുന്നത് ദേശസ്നേഹത്തെ ശക്തിപ്പെടുത്തുമോ, അതോ ദേശസ്നേഹത്തെ നിയമാനുസരണത്തിന്റെ പരീക്ഷണമായി ചുരുക്കുമോ?
കേരളത്തിലും വിവാദം
വിവാദം ദേശീയതലത്തില്‍ മാത്രം ഒതുങ്ങിയില്ല. 2026 മേയില്‍ കേരള നിയമസഭയില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ നയപ്രഖ്യാപനത്തിന് മുമ്പും ശേഷവും പൊലീസ് ബാന്‍ഡ് ‘വന്ദേമാതര’ത്തിന്റെ ആദ്യ രണ്ട് ചരണങ്ങള്‍ മാത്രമാണ് ആലപിച്ചത്. പൂര്‍ണഗാനം ആലപിക്കാത്തതില്‍ ഗവര്‍ണര്‍ അതൃപ്തി പ്രകടിപ്പിച്ചപ്പോള്‍, പൂര്‍ണഗാനം ആലപിക്കുന്നത് നിര്‍ബന്ധമല്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്.
ഇതിനുശേഷം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളോട് ‘വന്ദേമാതരം’ പൂര്‍ണമായും ആലപിക്കണമെന്ന് നിര്‍ദേശിച്ചതും പുതിയ രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി. ഓഗസ്റ്റ് 10-ന് കേരള ഗതാഗതമന്ത്രി സി. പി. ജോണ്‍ പൂര്‍ണ ആലാപനത്തിനെതിരെ രംഗത്തെത്തുകയും ബിജെപി വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തു.
ഇതോടെ ചോദ്യം വീണ്ടും പഴയിടത്തേക്ക് എത്തുന്നു: 1937-ല്‍ വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്വീകാര്യത ഉറപ്പാക്കാന്‍ രൂപപ്പെടുത്തിയ സമവായത്തെ ഇന്ന് മാറ്റേണ്ടതുണ്ടോ?
ചെങ്കോട്ടയിലും പുതിയ ചരിത്രം
ഇതിനിടയില്‍, 2026 ആഗസ്റ്റ് 15-ന് ചെങ്കോട്ടയുടെ കൊത്തളത്തില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ ‘വന്ദേമാതരം’ ആദ്യമായി ദേശീയഗാനമായ ‘ജനഗണമന’യ്ക്ക് മുമ്പായി ആലപിക്കാനാണ് തീരുമാനം. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിലെ ശ്രദ്ധേയമായ മാറ്റമാണിത്.
അങ്ങനെ നോക്കുമ്പോള്‍, 1875-ല്‍ ഒരു സാഹിത്യകൃതിയുടെ ഭാഗമായി പിറന്ന വരികള്‍ 1905-ല്‍ ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭത്തിന്റെ മുദ്രാവാക്യമായി മാറി; 1937-ല്‍ അതിന്റെ ഉപയോഗത്തെക്കുറിച്ച് ദേശീയപ്രസ്ഥാനം തന്നെ സമവായം കണ്ടെത്തി; 1950-ല്‍ സ്വതന്ത്ര ഇന്ത്യ അതിന് പ്രത്യേക ബഹുമതി നല്കി; 2025-26-ല്‍ 150-ാം വാര്‍ഷികത്തിന്റെ പേരില്‍ അത് വീണ്ടും ദേശീയ രാഷ്ട്രീയത്തിന്റെ കേന്ദ്രത്തിലേക്ക് വന്നു; 2026-ല്‍ നിയമപരമായ സംരക്ഷണത്തിന്റെ പരിധിയിലേക്കും അത് പ്രവേശിച്ചു.
ചരിത്രത്തെ രാഷ്ട്രീയത്തിന്റെ കണ്ണാടിയില്‍ മാത്രം കാണേണ്ടതുണ്ടോ?
‘വന്ദേമാതരം’ ഒരു ഗാനമാണ്. അതേസമയം അത് ഒരു ചരിത്രരേഖയുമാണ്. സ്വാതന്ത്ര്യസമരത്തിന്റെ ആവേശവും ത്യാഗവും ദേശീയബോധവും അതില്‍ പതിഞ്ഞിട്ടുണ്ട്. അതിന്റെ സാഹിത്യപരമായ പശ്ചാത്തലവും അതിലെ മതപരമായ പ്രതീകങ്ങളും അവഗണിക്കാനാവില്ല. അതുപോലെ തന്നെ, ഇന്ത്യയുടെ ബഹുസ്വരമായ സാമൂഹിക യാഥാര്‍ഥ്യവും അവഗണിക്കാനാവില്ല.
ദേശസ്നേഹം ഒരാളുടെ മതവിശ്വാസത്തെ ഇല്ലാതാക്കേണ്ടതില്ല. അതുപോലെ മതവിശ്വാസം ദേശീയബോധത്തിന് തടസ്സമാകേണ്ടതുമില്ല. സ്വാതന്ത്ര്യസമരം നമ്മെ പഠിപ്പിച്ച ഏറ്റവും വലിയ പാഠങ്ങളിലൊന്ന് വ്യത്യസ്തതകളെ ഇല്ലാതാക്കി ഏകത്വം സൃഷ്ടിക്കുകയല്ല, വ്യത്യസ്തതകളെ ഉള്‍ക്കൊണ്ട് ഏകത്വം സൃഷ്ടിക്കുകയാണ് എന്നതാണ്.
‘വന്ദേമാതരം’ അതിന്റെ ഏറ്റവും വലിയ ചരിത്രപാഠം തന്നെയാണ്.
‘വന്ദേമാതരം’ അധിനിവേശത്തിനെതിരെ ഉയര്‍ന്ന ഒരു സ്വാതന്ത്ര്യവിളിയായിരുന്നു. ‘ജനഗണമന’ സ്വതന്ത്ര ഇന്ത്യയുടെ വൈവിധ്യങ്ങളെ ഒരൊറ്റ ദേശീയസ്വരത്തില് ചേര്‍ത്തുനിര്‍ത്തുന്ന ഗാനമായി മാറി. ഒന്നിനെ മറ്റൊന്നിന്റെ എതിരാളിയാക്കേണ്ടതില്ല. രണ്ടും ഇന്ത്യയുടെ ചരിത്രത്തില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ ജനിച്ച, വ്യത്യസ്ത ദൗത്യങ്ങള്‍ നിര്‍വഹിച്ച ദേശീയപ്രതീകങ്ങളാണ്.
അതുകൊണ്ട് ഇവയെക്കുറിച്ചുള്ള ഇന്നത്തെ ചര്‍ച്ച ആരാണ് കൂടുതല്‍ ദേശസ്നേഹി എന്ന മത്സരമായി മാറാതെ, ചരിത്രത്തെ എത്രമാത്രം സത്യസന്ധമായും ഉള്ക്കൊള്ളലോടെയും വായിക്കാം എന്ന ചര്‍ച്ചയായി മാറുന്നതാണ് കൂടുതല്‍ ഉചിതം.
കാരണം, സ്വാതന്ത്ര്യസമരം നമ്മില്‍ നിന്ന് ആവശ്യപ്പെട്ടത് ഒരേ സ്വരത്തില്‍ പാടുക മാത്രമായിരുന്നില്ല; വ്യത്യസ്ത സ്വരങ്ങള്‍ക്കിടയിലും ഒരു രാജ്യം പണിയുക എന്നതായിരുന്നു.
അതാണ് ‘ജനഗണമന’യുടെയും ‘വന്ദേമാതര’ത്തിന്റെയും ചരിത്രം നമ്മോട് ഇന്നും പറയുന്നത്.

