ബുവേനോസ് ഐറിസ് : ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതിന്റെ സൂചന നൽകി അർജന്റീന നായകൻ ലിയോണൽ മെസ്സി. പിതാവ് ഹോർഹെ മെസ്സിയുടെ മരണത്തെത്തുടർന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച വികാരനിർഭരമായ കുറിപ്പിലാണ് ഫുട്ബോളിൽ ഇനി എത്രനാൾ തുടരാനാകുമെന്ന കാര്യത്തിൽ തനിക്ക് സംശയമുണ്ടെന്ന് മെസ്സി വ്യക്തമാക്കിയത്.
ഇത് വിരമിക്കൽ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമല്ലെങ്കിലും കരിയറിന്റെ അവസാനത്തെക്കുറിച്ച് മെസ്സി ചിന്തിക്കുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.68-കാരനായ ഹോർഹെ മെസ്സി ദീർഘകാലമായി രോഗബാധിതനായിരുന്നു. ഓഗസ്റ്റ് ഏഴിനാണ് അദ്ദേഹം അന്തരിച്ചത്. മെസ്സിയുടെ കരിയറിന്റെ തുടക്കം മുതൽ പിതാവ് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.പിതാവിന്റെ മരണശേഷം ആദ്യമായി പ്രതികരിച്ച മെസ്സി, അദ്ദേഹത്തിന്റെ വേർപാട് വിശ്വസിക്കാനാകുന്നില്ലെന്നും ഇനി എങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയില്ലെന്നും കുറിച്ചു. കരിയറിലുടനീളം പിതാവ് നൽകിയ പിന്തുണയും സാന്നിധ്യവും അനുസ്മരിച്ച താരം, പിതാവിന്റെ ആഗ്രഹപ്രകാരമാണ് അവസാന ലോകകപ്പിലും കളിക്കാൻ തീരുമാനിച്ചതെന്നും വ്യക്തമാക്കി.പിതാവ് രോഗാവസ്ഥയിലായിരുന്നെങ്കിലും ലോകകപ്പ് കാണാൻ എത്താനാകുമെന്ന പ്രതീക്ഷയിലായിരുന്നു താനെന്നും മെസ്സി പറഞ്ഞു.
പിതാവില്ലാതെ ഫുട്ബോൾ തുടരുന്നതിനെക്കുറിച്ച് ഇപ്പോൾ തനിക്ക് നിരവധി സംശയങ്ങളുണ്ടെന്നും താരം കുറിച്ചു. ഇതോടെയാണ് മെസ്സിയുടെ വിരമിക്കൽ സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായത്.എന്നാൽ മെസ്സി വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല.

