വത്തിക്കാൻ സിറ്റി: സുഡാനിലെ ജനങ്ങൾ നേരിടുന്ന ദുരിതങ്ങളിൽ ആശങ്ക രേഖപ്പെടുത്തി സമാധാനത്തിനായി പ്രാർത്ഥിക്കുകയും അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്ത് പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പാ.
സുഡാനീസ് സായുധ സേനയും അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിലുള്ള പോരാട്ടം സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്ന് പാപ്പാ പറഞ്ഞു.ഓഗസ്റ്റ് ഒൻപതിന് വത്തിക്കാൻ ചത്വരത്തിൽ മധ്യാഹ്ന പ്രാർത്ഥനയ്ക്കുശേഷം സംസാരിക്കുകയായിരുന്നു പാപ്പാ. സുഡാനിൽ തുടരുന്ന സംഘർഷം രാജ്യത്ത് സമാനതകളില്ലാത്ത മാനുഷിക ദുരന്തമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.യുദ്ധത്തിൽ ഇതുവരെ ഒന്നരലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. സാധാരണക്കാർ കൂട്ടക്കൊലയ്ക്ക് ഇരകളാകുകയും രാജ്യം കടുത്ത ക്ഷാമത്തിലേക്കും ആരോഗ്യരംഗത്തെ ഗുരുതര പ്രതിസന്ധിയിലേക്കും നീങ്ങുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
പ്രത്യേകിച്ച് വടക്കൻ കോർദോഫാൻ സംസ്ഥാനത്തിന്റെ തലസ്ഥാനമായ എൽ-ഒബെയ്ദിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്നും പാപ്പാ പറഞ്ഞു. സുഡാനിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് അന്താരാഷ്ട്ര സമൂഹം പൂർണ പിന്തുണ നൽകണമെന്ന് പാപ്പാ അഭ്യർത്ഥിച്ചു. യുദ്ധത്തിന്റെ ദുരിതം അനുഭവിക്കുന്ന സുഡാനിലെ ജനങ്ങൾക്കായി പ്രാർത്ഥിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

