വത്തിക്കാന്‍ സിറ്റി: ക്രൈസ്തവകുടുംബങ്ങളില്‍ തലമുറകളായി കൈമാറിവന്നിരുന്ന പ്രാര്‍ത്ഥനയുടെ പൈതൃകം പലപ്പോഴും നഷ്ടപ്പെടുകയാണെന്നും പ്രാര്‍ത്ഥനയെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ വീണ്ടും കണ്ടെത്തേണ്ടതുണ്ടെന്നും ലിയോ പതിനാലാമന്‍ പാപ്പ. ബുധനാഴ്ചത്തെ പൊതുദര്‍ശന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പാപ്പ.ഉപഭോഗസംസ്കാരത്തിനും കാര്യക്ഷമതയ്ക്കും അമിത പ്രാധാന്യം നല്കുന്ന ഇന്നത്തെ ലോകത്ത് പ്രാര്‍ത്ഥന അര്‍ത്ഥശൂന്യവും പ്രയോജനരഹിതവുമാണെന്ന ചിന്ത വളര്‍ന്നുവരികയാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെ ആസ്പദമാക്കിയുള്ള പ്രബോധനപരമ്പര തുടര്‍ന്നുകൊണ്ട് ‘സാക്രോസാങ്റ്റം കണ്‍സീലിയം’ എന്ന പ്രമാണരേഖയുടെ വെളിച്ചത്തില്‍ പ്രാര്‍ത്ഥനയുടെ പ്രാധാന്യവും പാപ്പ വിശദീകരിച്ചു.പ്രാര്‍ത്ഥനയെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ വീണ്ടെടുക്കുന്നതിനായി ‘യാമപ്രാര്‍ത്ഥനകള്‍’ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് പാപ്പ ആഹ്വാനം ചെയ്തു. ദിവസത്തിന്റെ വിവിധ സമയങ്ങളെ പ്രാര്‍ത്ഥനയിലൂടെ ദൈവസാന്നിധ്യത്തില്‍ സമര്‍പ്പിക്കുന്നതിന്റെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു.പ്രഭാതത്തില്‍ വിശ്വാസത്തോടും നന്ദിയോടും കൂടി ദിവസം ആരംഭിക്കാനും, ഉച്ചസമയത്ത് ദൈനംദിന അധ്വാനങ്ങള്‍ക്കിടയിലും വിശ്വസ്തരായി നിലകൊള്ളാനുള്ള ശക്തിക്കായി ദൈവത്തോട് അപേക്ഷിക്കാനും പാപ്പ ഓര്‍മിപ്പിച്ചു.
സായാഹ്നത്തില്‍ ദിവസത്തെ അധ്വാനങ്ങള്‍ പൂര്‍ത്തിയാക്കി സന്ധ്യാപ്രാര്ത്ഥനയിലൂടെ ദൈവത്തിന് നന്ദി അര്‍പ്പിക്കണമെന്നും രാത്രിയില്‍ ദൈവത്തിന്റെ സമാധാനത്തില്‍ സ്വയം സമര്‍പ്പിച്ച് വിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.ദൈനംദിന ജീവിതത്തിന്റെ ഓരോ നിമിഷത്തെയും വിശുദ്ധീകരിക്കുന്ന പ്രാര്‍ത്ഥനാക്രമം ക്രൈസ്തവ വിശ്വാസജീവിതത്തിന്റെ അവിഭാജ്യഘടകമാണെന്നും പാപ്പ വ്യക്തമാക്കി.

