നെയ്യാറ്റിൻകര : നെയ്യാറ്റിൻകര രൂപതയിലെ പ്രസിദ്ധമായ വ്ളാത്താങ്കര മരിയൻ തീർത്ഥാടനത്തോടനുബന്ധിച്ച് തീർത്ഥാടന നഗരിയിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയുടെയും മറ്റ് എട്ട് സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.
ഓഗസ്റ്റ് 9 ഞായറാഴ്ച തീർത്ഥാടനകേന്ദ്രം വികാരി ഫാ. ജോയി സി.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മരിയൻ തീർത്ഥാടന ജനറൽ കൺവീനർ ചെങ്കൽ വിൻസെന്റ്, ഇടവക കൗൺസിൽ സെക്രട്ടറി ലാൽ സി.വി., തീർത്ഥാടന പ്രാഥമിക ശുശ്രൂഷ കൺവീനർ മരിയതങ്കം എന്നിവർ സംസാരിച്ചു.തീർത്ഥാടനത്തിന്റെ ഭാഗമായി രാവിലെ 7.30ന് പരേതർക്കായി ദിവ്യബലിയും പ്രത്യേക പ്രാർത്ഥനയും നടന്നു. രാവിലെ 11ന് വിൻസെന്റ് ഡീ പോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കിടപ്പുരോഗികളെ പള്ളിയിലെത്തിച്ച് അവർക്കായി പ്രത്യേക ദിവ്യബലിയും പ്രാർത്ഥനയും നടത്തി. ഫാ. അലോഷ്യസ് കുളങ്ങരയുടെ നേതൃത്വത്തിൽ വ്ളാത്താങ്കര ബൈബിൾ കൺവെൻഷന് തുടക്കമായി. ഓഗസ്റ്റ് 13ന് കൺവെൻഷൻ സമാപിക്കും.

