ഇറ്റലി: വിശുദ്ധ ഫ്രാൻസിസ് അസീസി എട്ടു നൂറ്റാണ്ടുകൾക്ക് മുമ്പ് ലോകത്തിന് സമർപ്പിച്ച ‘Canticle of the Sun’ (സൂര്യകീർത്തനം) എന്ന കൃതിയുടെ പുതിയ മലയാള പരിഭാഷ ഓഗസ്റ്റ് 6ന് ഇറ്റലിയിലെ അസീസിയിൽ പാപ്പാ ലിയോ പതിനാലാമൻ പ്രകാശനം ചെയ്യും.
ആഗോള ഫ്രാൻസിസ്കൻ കുടുംബത്തിനും കേരളസഭയ്ക്കും അഭിമാനമാകുന്ന ചടങ്ങായിരിക്കും ഇത്.പരിഭാഷയുടെ പ്രകാശനത്തോടനുബന്ധിച്ച് സമർപ്പിത വൈദികർ, സന്യാസിനികൾ, സന്യാസസഹോദരങ്ങൾ എന്നിവരടങ്ങുന്ന വിവിധ ഫ്രാൻസിസ്കൻ സന്യാസസഭകളിലെ 117 അംഗങ്ങൾ ചേർന്ന് ആലപിച്ച ‘സൂര്യകീർത്തനം’ അന്നേദിവസം യൂട്യൂബിലും റിലീസ് ചെയ്യും.വിശുദ്ധ ഫ്രാൻസിസിന്റെ കബറിടം സ്ഥിതിചെയ്യുന്ന അസീസിയിലെ ബസിലിക്ക ഓഫ് സെന്റ് ഫ്രാൻസിസിൽ സേവനം ചെയ്യുന്ന മലയാളി ഫ്രാൻസിസ്കൻ കൺവെൻച്വൽ വൈദികനായ ഫാ. ഫിലിപ്പ് കരോട്ടപ്പുറം OFM ആണ് ഇറ്റാലിയൻ ഭാഷയിൽ നിന്നുള്ള കൃതി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്.
സൂര്യകീർത്തനത്തിന് സംഗീതം ഒരുക്കിയത് സെബി തുരുത്തിപ്പുറം ആണ്. ആബേൽ ടി. ജോയി സിനിമാറ്റോഗ്രാഫിയും മനു സംവിധാനവും നിർവഹിച്ചു.വിശുദ്ധ ഫ്രാൻസിസിന്റെ ആത്മീയതയും സൃഷ്ടിയോടുള്ള സ്നേഹവും കാവ്യഭംഗിയോടെ മലയാളത്തിലേക്ക് പകർന്ന ഈ പരിഭാഷ, മലയാള ക്രൈസ്തവ സംഗീതരംഗത്തിന് ശ്രദ്ധേയമായ സംഭാവനയാകുമെന്ന് വിലയിരുത്തപ്പെടുന്നു.
വിശുദ്ധ ഫ്രാൻസിസിന്റെ ജന്മനാടായ അസീസിയിൽ, അദ്ദേഹത്തിന്റെ ആത്മീയ പൈതൃകത്തിന്റെ ഭാഗമായ ഈ കൃതിയുടെ മലയാള പരിഭാഷ പരിശുദ്ധ പിതാവ് പ്രകാശനം ചെയ്യുന്നതും നൂറിലധികം ഫ്രാൻസിസ്കൻ സമർപ്പിതർ മലയാളത്തിൽ ആലപിക്കുന്നതും മലയാളഭാഷയ്ക്കും കേരളത്തിലെ ഫ്രാൻസിസ്കൻ സമൂഹത്തിനും ലഭിക്കുന്ന അപൂർവ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.എട്ടു നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വിശുദ്ധ ഫ്രാൻസിസിന്റെ സൃഷ്ടിസ്തുതി മലയാളത്തിന്റെ മാധുര്യത്തിൽ ലോകമെമ്പാടുമുള്ള മലയാളി വിശ്വാസികളിലേക്കും ആത്മീയതയെ സ്നേഹിക്കുന്ന ഏവരിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ചരിത്രപരമായ സംരംഭം ഒരുക്കിയിരിക്കുന്നത്.

