കണ്ണൂർ: കണ്ണൂർ രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കയ്റോസ് നടപ്പാക്കുന്ന ‘ഭവനം ഇല്ലാത്തവർക്ക് ഭവനം’ പദ്ധതിയുടെ ഭാഗമായി 2026-ലെ ഹൗസിംഗ് പദ്ധതിയിൽ ഉൾപ്പെടുത്തി തളിപ്പറമ്പ് പൂവ്വത്തിനടുത്ത് ആറ് പുതിയ വീടുകളുടെ നിർമ്മാണം ആരംഭിച്ചു. ജൂലൈ 17-ന് നടന്ന ചടങ്ങിൽ കണ്ണൂർ രൂപത സഹായമെത്രാൻ മാർ ഡെന്നിസ് പുതിയ വീടുകളുടെ ശിലാസ്ഥാപനവും ആശീർവാദ കർമവും നിർവഹിച്ചു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പദ്ധതിയുടെ ഭാഗമായി 10 വീടുകൾ പൂർണമായും 62-ഓളം വീടുകൾ ഭാഗികമായും നിർമിച്ച് ഭവനരഹിതർക്കും അർഹരായ കുടുംബങ്ങൾക്കും കൈമാറിയതായി കയ്റോസ് അധികൃതർ അറിയിച്ചു. 2030-ഓടെ 50 വീടുകൾ നിർമിച്ച് നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി മുന്നോട്ടുപോകുന്നത്.
ചടങ്ങിൽ രൂപതാ പ്രൊക്യുറേറ്റർ ഫാ. ജോർജ് പൈനാടത്ത്, കയ്റോസ് ഡയറക്ടർ ഫാ. ജോർജ് മാത്യു, കണ്ണൂർ ജില്ലാ അൺഓർഗനൈസ്ഡ് ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രസിഡന്റ് ഫാ. ബെന്നി മണപ്പാട്ട്, സെക്രട്ടറി ബീന ഡെറിക്, ഭവനനിർമാണത്തിനായി ഭൂമി ദാനം നൽകിയ ഡോ. മാത്യുവും കുടുംബവും, പൂവ്വം ഇടവക വികാരി ഫാ. ടിബിൻ, ഇടവകാംഗങ്ങൾ എന്നിവരും പങ്കെടുത്തു.
ഭവനരഹിതരായ കുടുംബങ്ങൾക്ക് സുരക്ഷിതമായ പാർപ്പിടം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കയ്റോസ് നടപ്പാക്കുന്ന പദ്ധതി സാമൂഹിക പ്രതിബദ്ധതയുടെ ശ്രദ്ധേയ മാതൃകയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു.

