ചെന്നൈ: കത്തോലിക്ക മാധ്യമപ്രവർത്തകരെ ഡിജിറ്റൽ സുവിശേഷവത്കരണത്തിനായി പരിശീലിപ്പിക്കുന്ന ആഗോള ഇ ഡബ്ല്യൂ ടി എൻ സമ്മർ അക്കാദമിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ചെന്നൈ സ്വദേശിയായ കെവിൻ മാരിയോ പങ്കെടുത്തു. ജൂൺ 22 മുതൽ ജൂലൈ 2 വരെ റോമിലെ Centro Internazionale di Animazione Missionaria (സി ഐ എ എം )യിൽ നടന്ന അക്കാദമിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരും ആശയവിനിമയ പ്രവർത്തകരും പങ്കെടുത്തു. ക്രോമ്പേട്ടിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ദേവാലയാംഗവും ദി കത്തോലിക് ട്രംപെറ്റ് സ്ഥാപകനുമായ കെവിൻ, ലോകമെമ്പാടുമുള്ള അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാളായിരുന്നു. മാധ്യമപ്രവർത്തനം, ഫോട്ടോഗ്രാഫി, വീഡിയോ നിർമ്മാണം, ഡിജിറ്റൽ സ്റ്റോറിയെല്ലിംഗ്, സോഷ്യൽ മീഡിയ, കത്തോലിക്ക ആശയവിനിമയ രംഗത്തെ കൃത്രിമ ബുദ്ധിയുടെ ഉത്തരവാദിത്തപരമായ ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം പരിശീലനം നേടി.
വിശ്വാസാധിഷ്ഠിത മാധ്യമപ്രവർത്തനത്തിലൂടെ സുവിശേഷം കൂടുതൽ ഫലപ്രദമായി ലോകത്തേക്ക് എത്തിക്കുന്നതിനുള്ള വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി ചേർന്നുള്ള സംയുക്ത മാധ്യമ പദ്ധതികളിലും കെവിൻ പങ്കെടുത്തു. വോക്സ് എക്ലേസിയ പ്രസിഡന്റ് ആർച്ച്ബിഷപ്പ് ജോർജ് അന്തോണിസാമി, സോഷ്യൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ സെക്രട്ടറി ഫാ. റിച്ചി വിൻസെന്റ്, ഇടവക വികാരി ഫാ. ജി. ബാക്കിയ റെജിസ്, ആത്മീയ മാർഗനിർദേശകനായ ഫാ. ലിഗോരി ബെർണാർഡ് എന്നിവർ നേതൃത്വം നൽകി.

