ചൈന: ചൈനയിലെ ഷാങ്ഹായിൽ ജൂലൈ 1 മുതൽ 10 വരെ നടക്കുന്ന അണ്ടർ-18 ലോക സ്കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പിൽ മത്സരങ്ങൾ നിയന്ത്രിക്കാൻ ഗോതുരുത്ത് സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിലെ കായികാദ്ധ്യാപകൻ ജിബിൻ ജോർജിന് അവസരം ലഭിച്ചു. 30 രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇന്ത്യയുടെ മത്സരങ്ങൾ ഒഴികെയുള്ള മത്സരങ്ങളിലാണ് അദ്ദേഹം റഫറിയായി ചുമതലയേൽക്കുന്നത്.
എറണാകുളം ജില്ലയിലെ ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിലെ കായികാധ്യാപകനായ ജിബിൻ മുൻ ദേശീയ വോളിബോൾ താരവുമാണ്. 2008 മുതൽ കേരള സ്റ്റേറ്റ് റഫറി പാനലിലും 2015 മുതൽ ദേശീയ വോളിബോൾ റഫറി പാനലിലും അംഗമായ അദ്ദേഹം സീനിയർ നാഷണൽ ചാമ്പ്യൻഷിപ്പുകളും ഓൾ ഇന്ത്യ പൊലീസ് ഗെയിംസും ഉൾപ്പെടെ നിരവധി ദേശീയ മത്സരങ്ങളിൽ റഫറിയായിരുന്നു.

2023-ലും 2025-ലും ദേശീയ സ്കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പിൽ മികച്ച സേവനം കാഴ്ചവച്ച കേരള റഫറിയായി തിരഞ്ഞെടുക്കപ്പെട്ട ജിബിൻ, 2024-25-ൽ ഉത്തരപ്രദേശിൽ നടന്ന ദേശീയ സ്കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പിൽ മികച്ച സേവനം നടത്തിയ ഏക മലയാളി റഫറിയെന്ന നേട്ടവും സ്വന്തമാക്കി. നാഗ്പൂർ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിലെ പരിശീലനത്തിനും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഇന്ത്യൻ നേവിയിൽ തേഡ് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുള്ള ജിബിൻ, മധ്യകേരളത്തിലെ വള്ളംകളി മത്സരങ്ങളിലെ സ്റ്റാർട്ടറായും ഗോതുരുത്ത് എസ്.പി. ക്ലബിന്റെ വൈസ് പ്രസിഡന്റായും പ്രവർത്തിക്കുന്നു. അന്താരാഷ്ട്ര വേദിയിൽ മലയാളി റഫറിയുടെ സാന്നിധ്യം കേരളത്തിന്റെ കായികരംഗത്തിന് അഭിമാന നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

