ശരത് വെണ്‍പാല
നമ്മുടെ പള്ളികളെ ‘സര്ഗ്ഗശാലകള്’ ആക്കാം. അവിടെ വിശ്വാസം എന്നത് കേവലം ചടങ്ങുകളല്ല, മറിച്ച് ജീവസ്സുറ്റ ഒരു സാമൂഹിക ബോധമാണ്. കഴിവും സമയവും പണവും വെറുതെ ചെലവാക്കുന്നതല്ല വിശ്വാസം; മറിച്ച്, അത് മനുഷ്യനന്മയ്ക്കും സമൂഹത്തിന്റെ ഉയര്‍ച്ചയ്ക്കും വേണ്ടി വിനിയോഗിക്കുന്നതാണ്. അത്തരം ഒരു ജീവിതം നയിക്കുമ്പോള്‍, സ്വര്‍ഗ്ഗം മുകളില്‍ എവിടെയോ അല്ല, മറിച്ച് നാം സ്നേഹിക്കുന്ന, നാം ഇടപെടുന്ന ഈ മണ്ണില്‍ തന്നെ നമുക്ക് അനുഭവിക്കാന്‍ സാധിക്കും. പ്രാര്‍ഥനയുടെ ശാന്തതയും സര്‍ഗ്ഗാത്മകതയുടെ നിറവും ഒത്തുചേരുന്ന ഒരിടമായി നമ്മുടെ പള്ളികള്‍ മാറണം.
മുന്മൊഴി
2026 ഫെബ്രുവരിയില്‍ കൊല്ലം രൂപതയിലെ കാഞ്ഞിരകോട് സെന്റ് ആന്റണി പള്ളിയില്‍ തിരുന്നാളിനോട് അനുബന്ധിച്ച് ഒരു നാടകം അവതരിപ്പിച്ചു. വിശുദ്ധ കുര്‍ബാന കഴിഞ്ഞ് പ്രശസ്തനായ ഒരു ധ്യാനഗുരുവിന്റെ ധ്യാനത്തിനു ശേഷമായിരുന്നു നാടകം. ‘താക്കോല്‍ ‘എന്ന പേരില്‍ ബൈബിളിലെ ജോബിന്റെ കഥയും ആത്മഹത്യക്കൊരുങ്ങുന്ന ഒരു കുടുംബത്തിന്റെ കഥയും ഒരുമിച്ച് ചേര്‍ത്ത് ഇടവകാംഗങ്ങളായ വൈദികരും സുഹൃത്തുകളും ചേര്‍ന്ന് അവതരിപ്പിച്ച നാടകം ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരുന്നു. കണ്ടവരെല്ലാം ആസ്വദിച്ച ആ നാടകത്തിന്റെ ആമുഖം പറഞ്ഞ ആളുടെ വാക്കുകള്‍ ഇങ്ങനെ ”ഉണ്ണിയണ്ണന്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന പി.ജെ ഉണ്ണികൃഷ്ണന് ഇരുപത് വര്‍ഷം മുന്‍പു എഴുതിയ ഈ നാടകം വീണ്ടും അവതരിപ്പിക്കാന്‍ കാരണം നമ്മുടെ ഇടവകയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ആത്മഹത്യകളുടെ തുടര്‍ച്ചകളാണ്.” ഈ നാടകം പിന്നീട് അടുത്തുള്ള പള്ളികളിലും അവതരിപ്പിക്കപ്പെട്ടു. ഒരിടത്ത് ചാറ്റല്‍ മഴ ഉണ്ടായിരുന്നിട്ടും ആളുകള്‍ ക്ഷമയോടിരുന്നു നാടകം കണ്ടു. നാടകത്തില്‍ ദൈവസ്വരം കൊടുക്കാന്‍ ക്ഷണിക്കപ്പെട്ട് ആ സ്റ്റേജിന് മുന്നില്‍ ഇരിക്കവെ കടന്നു വന്ന ചിന്തയാണ് ഇപ്രാവശ്യത്തെ പക്ഷം.
പള്ളിയെന്ന സാംസ്കാരികമുറ്റം
‘പള്ളി’ എന്ന വാക്ക് സംസ്കൃതത്തിലെ ‘പല്ലി’ അല്ലെങ്കില്‍ ‘പള്ളിക ‘എന്ന വാക്കില്‍ നിന്നാണ് ഉത്ഭവിച്ചത്. ഇതിനര്‍ത്ഥം ഒരു ചെറിയ ഗ്രാമം അല്ലെങ്കില്‍ താമസസ്ഥലം എന്നൊക്കെയാണ്. ബുദ്ധ-ജൈന മതങ്ങളുടെ സ്വാധീനകാലത്ത് അവരുടെ ആരാധനാലയങ്ങളെയും പാഠശാലകളെയും ‘പള്ളി’ എന്ന് വിളിച്ചിരുന്നു . കാലക്രമേണ, കേരളത്തിലെ ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് ഈ പേര് കൈവന്നു. കുറച്ച് നാളുകളായി മോസ്കുകളെയും മുസ്ലീംപള്ളികള് എന്ന് വിളിക്കുന്നുണ്ട് .
സഭയും സ്വര്‍ഗവും പിന്നെ സര്‍ഗ്ഗവും
സഭ എപ്പോഴും കലയെ ഒരു ‘ഭാഷയായി’ കണ്ടിരുന്നു. ബൈബിള്‍ വായന അക്ഷരങ്ങളിലൂടെ മാത്രമല്ല, കണ്ണുകള്‍ കൊണ്ടും കാതുകള്‍ കൊണ്ടും ആസ്വദിക്കാന്‍ സഭ അവസരമൊരുക്കിയിരുന്നു. ചരിത്രം പരിശോധിക്കുമ്പോള്‍, സഭയും കലയും കൂടിച്ചേരുമ്പോള്‍ മാത്രമാണ് വിശ്വാസത്തിന് മനുഷ്യന്റെ മനസ്സിനെ സ്പര്‍ശിക്കാന്‍ കഴിയുന്ന ഒരു ‘ജീവന്’ ലഭിക്കുന്നത്. ആദ്യകാലങ്ങളില്‍ ക്രിസ്തുമതത്തെ അടിച്ചമര്‍ത്തിയിരുന്ന കാലത്ത് കലകള്‍ രഹസ്യമായിട്ടാണ് നിലനിന്നിരുന്നത്. (ക്രിസ്ത്യാനികള്‍ പീഡനം നേരിട്ടിരുന്ന ആദ്യ നൂറ്റാണ്ടുകളില്‍ ഒളിവില്‍ താമസിച്ചിരുന്ന ഭൂഗര്‍ഭ ശ്മശാനഭിത്തികളില് ചിത്രങ്ങള്‍ വരച്ചിരുന്നു (കാറ്റകോംപ്സ് ഓഫ് റോം)) എന്നാല്‍, റോമന്‍ സാമ്രാജ്യത്തില്‍ ക്രിസ്തുമതം ഔദ്യോഗിക മതമായി മാറിയതോടെ, കലകള്‍ സഭയുടെ പ്രബോധനത്തിനുള്ള ഒരു മാധ്യമമായി മാറി. വാസ്തുവിദ്യ നോക്കിയാല്‍ ഗോഥിക്, റോമനെസ്ക്, ബറോക്ക് തുടങ്ങിയ ശൈലികള്‍ പള്ളികളുടെ നിര്‍മ്മിതികളില്‍ ഉപയോഗിക്കുന്നതില്‍ സഭ വലിയ പങ്ക് വഹിച്ചു. ഉയര്ന്നുനില്ക്കുന്ന താഴികക്കുടങ്ങളും പള്ളികളുടെ തച്ചുശാസ്ത്രവും ദൈവസാന്നിധ്യത്തെക്കുറിച്ചുള്ള മനുഷ്യമനസ്സിലെ സങ്കല്പങ്ങളെയാണ് പ്രതിഫലിപ്പിച്ചത്.
ചിത്രകലയും ശില്പകലയും: ലിയോനാര്‍ഡോ ഡാവിഞ്ചി, മൈക്കലാഞ്ചലോ, റഫേല്‍ തുടങ്ങിയ മഹാരഥന്മാര്ക്ക് കലാരചനകള്ക്കായി അവസരം നല്‍കിയത് കത്തോലിക്കാ സഭയായിരുന്നു. വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലിലെ ചിത്രങ്ങള്‍ ഇതിനൊരു ഉത്തമ ഉദാഹരണമാണ്. ബൈബിള്‍ കഥകള്‍ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ ഈ ചിത്രങ്ങള്‍ സഹായിച്ചു.
സംഗീതവും ആരാധനയും( ഗ്രിഗോറിയന്‍ ചാന്റ്): ക്ലാസിക്കല്‍ സംഗീതത്തില്‍ ബാക്ക്, മൊസാര്‍ട്ട് തുടങ്ങിയവര്‍ സഭയുടെ ആരാധനകള്‍ക്ക് വേണ്ടി വലിയ സംഗീത ശില്പങ്ങള് തന്നെ സൃഷ്ടിച്ചിട്ടുണ്ട്. സാഹിത്യവും അച്ചടി യന്ത്രവും, കൂടിച്ചേര്‍ന്നപ്പോള്‍ അത് ലോകസംസ്കൃതിക്കു മാറ്റുകൂട്ടി.
കേരളത്തിലെ പള്ളിമുറ്റങ്ങള്‍ വെറും പ്രാര്‍ഥനയ്ക്കു മാത്രമുള്ള സ്ഥലങ്ങളായിരുന്നില്ല. അതൊരു സാംസ്കാരിക കേന്ദ്രമായിരുന്നു. അച്ചുകൂടങ്ങള്‍, അക്ഷരങ്ങള്‍ പഠിപ്പിച്ചിരുന്ന സ്ഥലങ്ങള്‍, അന്നം പങ്കുവച്ച് നാട്ടുവിശേഷങ്ങള്‍ കൈമാറുന്ന ഇടങ്ങള്‍, കലകളുടെയും വാസ്തുവിദ്യയുടെയും പ്രകടനവേദികള്, ചുവര്‍ച്ചിത്രങ്ങള്‍, ചിത്രപ്പണികള്‍ അങ്ങനെ സമൂഹത്തിന്റെ നാഡിമിടിപ്പുകള്‍ അറിഞ്ഞിരുന്ന തറവാട്ടു മുറ്റങ്ങളായിരുന്നു അവ. അവിടെ ജാതിയും മതവും പരിഗണിക്കാതെ സര്‍ഗധനരായ മനുഷ്യര്‍ ഒരുമിച്ചുകൂടി കലയെയും സാഹിത്യത്തെയും സംസ്കാരസമ്പന്നമാക്കി.
കലയിലെ കലാപങ്ങളും കല്പനകളും
സഭാചരിത്രത്തില്‍ ചിലപ്പോളൊക്കെ കലയ്ക്ക് നിയന്ത്രണങ്ങളും വന്നിട്ടുണ്ട് (ഉദാഹരണത്തിന്: കൗണ്ടര്‍-റിഫോര്മേഷന് കാലഘട്ടത്തില്‍). ചിലപ്പോള്‍ സഭ കലകളെ ആശ്രയിച്ചപ്പോള്‍, ചിലപ്പോള്‍ അച്ചടക്കത്തിന്റെ പേരില്‍ കലകളെ നിയന്ത്രിക്കാനും സഭ ശ്രമിച്ചിട്ടുണ്ട്. ആധുനിക കാലത്ത് ഇത്തരം നിയന്ത്രണങ്ങള്‍ സഭയുടെ വളര്‍ച്ചയെ ബാധിക്കുന്നുണ്ടോ എന്നത് വലിയൊരു ചര്‍ച്ചാവിഷയമാകേണ്ടതുണ്ട്. സാഹിത്യകലാ സാംസ്കാരിക സിനിമ മേഖലകളെ സഭ അവഗണിച്ചപ്പോള്‍ അവിടെ കയറിക്കൂടിയ അവസരവാദികള്‍ അക്രമാവാസനകളും അശ്ലീല ദൃശ്യങ്ങളും കൊണ്ട് സീന്‍ കോണ്‍ട്രയാക്കി. നല്ല ചടയന്‍ ഇടുക്കി ഗോള്‍ഡ് ഇട്ട് പുകച്ച് കലാസപര്യ ചെയ്യുന്നവരുടെ സൃഷ്ടികള്‍ പ്രതിലോമകരമായ അഭിനിവേശങ്ങള്‍ക്കു ആവേശം പകര്‍ന്നു. വിശ്വാസവും ആചാരങ്ങളും അവഹേളിയ്ക്കപ്പെട്ടിട്ടും നാം തിരിച്ചറിഞ്ഞില്ല ആസന്നമായ സാംസ്കാരിക മുരടിപ്പ്.
ധ്യാനവത്കരണവും ആത്മീയതയുടെ പരിമിതികളും
സമീപകാലത്തായി പള്ളികളും പള്ളിമുറ്റങ്ങളും വലിയൊരു പരിവര്‍ത്തനത്തിന് വിധേയമായിട്ടുണ്ട്. നാടകം, കലാപരിപാടികള്‍ ഇവയൊക്കെ വിശ്വാസത്തിനും ഭക്തിക്കും ഭീഷണിയാണെന്ന് ചില ‘കട്ട ലോക്കല്ദിവ്യന്’മാര്‍ക്ക് അരുളപ്പാടുണ്ടായി. ഇവയൊക്കെ സജീവമായ സാമൂഹിക ഇടങ്ങളില്‍ നിന്ന് പള്ളിയെ തികച്ചും സ്വകാര്യമായ ധ്യാനകേന്ദ്രങ്ങളിലേക്ക് ചുരുക്കി. ഈ ‘ധ്യാനവല്ക്കരണം’ പള്ളിയെ പൊതുസമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തി. സാധാരണ മനുഷ്യര്‍ വലിയ ചെലവും സമയവും മുടക്കി ധ്യാനകേന്ദ്രങ്ങളിലേക്ക് ഒഴുകുന്നുണ്ട്. ഇതിന് പിന്നില്‍ വ്യക്തമായ ചില കാരണങ്ങളുണ്ട്. ആധുനിക ജീവിതത്തിലെ സങ്കീര്‍ണ്ണതകള്‍ക്കും അരക്ഷിതാവസ്ഥയ്ക്കും മുന്നില്‍ പകച്ചുനില്‍ക്കുന്ന മനുഷ്യന്, താന്‍ നേരിടുന്ന വലിയ പ്രതിസന്ധികള്‍ക്ക് പെട്ടെന്നൊരു പരിഹാരം ഇത്തരം കേന്ദ്രങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഒരു കൗണ്സിലിംഗിലൂടെയോ, സ്വയം നവീകരണത്തിലൂടെയോ മാത്രം മാറാവുന്ന മാനസിക സംഘര്‍ഷങ്ങളെ ‘പ്രാര്‍ഥിച്ചാല്‍ എല്ലാം മാറും’ എന്ന ലളിതവല്‍ക്കരണത്തിലൂടെ അവര്‍ അഭിസംബോധന ചെയ്യുന്നു. കൂടാതെ, സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടുപോകുന്നവര്‍ക്ക് ഒരു ‘കമ്മ്യൂണിറ്റി’ ഫീലിംഗ് അല്ലെങ്കില്‍ ഒത്തുചേരാനുള്ള ഒരു ഇടം ഇത്തരം കേന്ദ്രങ്ങള്‍ നല്‍കുന്നുണ്ട്. പള്ളികള്‍ മൗനത്തിന്റെ തടവറകളായി മാറുമ്പോള്‍, ധ്യാനകേന്ദ്രങ്ങളില്‍ ലഭിക്കുന്ന ഇമോഷണല്‍ ഹൈ ജനങ്ങളെ വീണ്ടും വീണ്ടും അങ്ങോട്ട് ആകര്‍ഷിക്കുന്നു. ഭയത്തെ മുതലെടുക്കുന്ന പ്രസംഗങ്ങളും, കച്ചവടവല്ക്കരിക്കപ്പെട്ട ആത്മീയതയും ചേരുമ്പോള്‍ മനുഷ്യന് ആശ്വാസം തേടി അവിടെ അഭയം പ്രാപിക്കുന്നു.
ഒരു വിരോധാഭാസം ഇവിടെ കാണാം. ധ്യാനകേന്ദ്രങ്ങളുടെയും ധ്യാനപരിപാടികളുടെയും എണ്ണം വര്‍ദ്ധിക്കുമ്പോഴും, സമൂഹത്തില്‍ വിവാഹമോചനം, മദ്യപാനം, ലഹരി ഉപയോഗം, ലൈംഗിക അതിക്രമങ്ങള്‍, കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതിന്റെ പ്രധാന കാരണം ആത്മീയതയെ കേവലം വ്യക്തിപരമായ ഒരു പ്രകടനമായി മാത്രം ചുരുക്കിയതാണ്. സാമൂഹികമായ ഉത്തരവാദിത്തങ്ങളില്‍ നിന്നും പങ്കാളിത്തത്തില്‍ നിന്നും വിശ്വാസിയെ അടര്‍ത്തിമാറ്റി, സ്വന്തം ആത്മാവിനെ മാത്രം രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍, യഥാര്‍ത്ഥ സാമൂഹിക ബോധം നഷ്ടപ്പെടുന്നു. പ്രാര്‍ഥനയ്ക്കൊപ്പം സാമൂഹിക സാംസ്കാരിക ഇടപെടലുകള്‍ ഇല്ലാത്തതാണ് ഈ വിടവിന് കാരണം.
സ്വര്‍ഗ്ഗം-സര്‍ഗ്ഗം : സമാന്തരമല്ല ;ലക്ഷ്യവും വഴിയും
‘സ്വര്‍ഗ്ഗം’ തേടിയുള്ള ധ്യാനങ്ങള്ക്കപ്പുറം, മനുഷ്യജീവിതത്തെ സുന്ദരമാക്കുന്ന ‘സര്‍ഗ്ഗം’ പള്ളിമുറ്റങ്ങളില്‍ നിന്നും അകന്നുപോകുന്നുവോ? സമയവും പണവും ചെലവഴിച്ച് തേടിയെത്തുന്ന ‘സ്വര്‍ഗ്ഗം’ പലപ്പോഴും വെറും മരീചികയായി മാറുന്നു. ധ്യാനത്തിന്റെ മൗനത്തില്‍ ആത്മാവിനെ തളയ്ക്കുമ്പോള്‍, യഥാര്‍ത്ഥ ജീവിതത്തിലെ സംഘര്‍ഷങ്ങളെ അഭിമുഖീകരിക്കാനുള്ള കരുത്ത് നാം നഷ്ടപ്പെടുത്തുന്നു. പള്ളിമുറ്റങ്ങളില്‍ ‘സര്‍ഗ്ഗം’ വിരിയേണ്ടത് ഇവിടെയാണ്; കലയും അറിവും സംവാദങ്ങളും ഉള്ള ഒരിടത്ത് മാത്രം മനുഷ്യന് സ്വയം ബോധവാനാകുന്നു. ആത്മീയത എന്നത് കണ്ണ് അടയ്ക്കുന്നതല്ല, മറിച്ച് കണ്ണുതുറന്ന് സമൂഹത്തിലെ വേദനകളെ തിരിച്ചറിയുന്നതാണ്. ആ തിരിച്ചറിവാണ് യഥാര്‍ത്ഥ സ്വര്‍ഗ്ഗം.
പിന്മൊഴി
നമുക്ക് വേണ്ടത് നിരോധനങ്ങളല്ല, പകരം ഒരു ‘സാംസ്കാരിക നവോത്ഥാനം’ ആണ്. പള്ളിമുറ്റങ്ങളില്‍ ഉയരുന്ന ഓരോ കലാരൂപവും ദൈവസ്തുതിക്ക് തുല്യമാണ്. പള്ളിമുറ്റങ്ങളില്‍ നടക്കുന്ന ഓരോ സംവാദവും സഭയുടെ ബുദ്ധിപരമായ വളര്‍ച്ചയ്ക്ക് നിദാനമാണ്.
നമ്മുടെ പള്ളികളെ ‘സര്ഗ്ഗശാലകള്’ ആക്കാം. അവിടെ വിശ്വാസം എന്നത് കേവലം ചടങ്ങുകളല്ല, മറിച്ച് ജീവസ്സുറ്റ ഒരു സാമൂഹിക ബോധമാണ്. കഴിവും സമയവും പണവും വെറുതെ ചെലവാക്കുന്നതല്ല വിശ്വാസം; മറിച്ച്, അത് മനുഷ്യനന്മയ്ക്കും സമൂഹത്തിന്റെ ഉയര്‍ച്ചയ്ക്കും വേണ്ടി വിനിയോഗിക്കുന്നതാണ്. അത്തരം ഒരു ജീവിതം നയിക്കുമ്പോള്‍, സ്വര്‍ഗ്ഗം മുകളില്‍ എവിടെയോ അല്ല, മറിച്ച് നാം സ്നേഹിക്കുന്ന, നാം ഇടപെടുന്ന ഈ മണ്ണില്‍ തന്നെ നമുക്ക് അനുഭവിക്കാന്‍ സാധിക്കും. പ്രാര്‍ഥനയുടെ ശാന്തതയും സര്‍ഗ്ഗാത്മകതയുടെ നിറവും ഒത്തുചേരുന്ന ഒരിടമായി നമ്മുടെ പള്ളികള്‍ മാറണം.
പ്രാര്‍ത്ഥന എന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതല്ല, മറിച്ച് കണ്ണുതുറന്ന് പ്രകാശത്തെ വരവേല്‍ക്കുന്നതാകണം. പള്ളിമുറ്റങ്ങള്‍ ദൈവത്തിന്റെ സന്നിധി മാത്രമല്ല, മനുഷ്യന്റെ തറവാട് കൂടിയാണ്. ആ തറവാട്ടില്‍ കലയുടെയും അറിവിന്റെയും നറുനിലാവ് വീണ്ടും പെയ്യുമ്പോള്‍, വിള്ളലുകള്‍ വീണ നമ്മുടെ സാമൂഹിക ജീവിതത്തില്‍ സ്നേഹത്തിന്റെ പുതിയൊരു വസന്തം പൂക്കുമെന്നുറപ്പ്. പ്രാര്‍ഥനയുടെ ശാന്തതയും സര്‍ഗ്ഗാത്മകതയുടെ നിറവും ഒത്തുചേരുന്ന ഒരിടമായി നമ്മുടെ പള്ളികള്‍ മാറണം. അപ്പോള്‍ ‘സ്വര്‍ഗ്ഗം’ എന്നത് കേവലം ഒരു വാഗ്ദാനമല്ല, മറിച്ച് നമ്മുടെ പള്ളിമുറ്റങ്ങളില്‍ വിരിയുന്ന ‘സര്‍ഗ്ഗം’ തന്നെയാകും.

