ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രി വി.ഡി. സതീശനെ സിസിബിഐ (കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ) പ്രതിനിധികള്‍ ആദരിച്ചു. ന്യൂഡല്‍ഹിയിലെ കേരള ഹൗസിലെത്തി സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. സ്റ്റീഫന്‍ ആലത്തറ, സിസിബിഐ കമ്മീഷന് ഫോര്‍ മൈഗ്രന്റ്സ് എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. അഡ്വ. ജെയ്സണ്‍ വടശ്ശേരി എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.
മിസോറാമില്‍ നിന്നുള്ള പരമ്പരാഗത മിസോ ഗോത്ര ഷാള്‍ ഡോ. സ്റ്റീഫന്‍ ആലത്തറ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. ഇതിനൊപ്പം, ലെയോ 14-ാമന്‍ പാപ്പയുടെ ആദ്യത്തെ അപ്പസ്തോലിക പ്രബോധനമായ ‘ഡിലെക്സി ദേ’ -യുടെ പകര്‍പ്പും അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറി. ദരിദ്രരുടെയും ദുര്‍ബലരുടെയും ക്ഷേമമായിരിക്കണം ഏതൊരു സര്‍ക്കാരിന്റെയും പ്രഥമ പരിഗണനയെന്ന് ഫാ. സ്റ്റീഫന്‍ ആലത്തറ പറഞ്ഞു.
കേരളത്തില്‍ സമാധാനവും ഐക്യവും സാമൂഹിക സൗഹാര്‍ദ്ദവും പ്രോത്സാഹിപ്പിക്കുന്നതിന് സഭയുടെ പൂര്‍ണ പിന്തുണ ഉറപ്പ് നല്കിയ സിസിബിഐ ഭാരവാഹികള്‍, സംസ്ഥാനത്തെക്കുറിച്ചുള്ള തങ്ങളുടെ പ്രതീക്ഷകളും സഭയുടെ ആവശ്യങ്ങളും മുഖ്യമന്ത്രിയുമായി പങ്കുവെച്ചു.

