”ന്യായയുദ്ധം എന്നത് അതീവ സങ്കീര്‍ണമായ വിഷയമാണ്; പല തലങ്ങളില്‍ നിന്ന് അത് വിലയിരുത്തണം,”
ഇറ്റലി: ഇറ്റലിയിലെ കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, ഹിംസ ഒരിക്കലും ആദ്യ മാര്ഗമാകരുതെന്നും അത് അവസാന പരിഹാരമായിരിക്കണമെന്നും ലെയോ പാപ്പാ പറഞ്ഞു. ഇറാന് ആണവായുധം വേണമെന്ന നിലപാട് താന്‍ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
”തിരഞ്ഞെടുക്കപ്പെട്ട നിമിഷം മുതല്‍ തന്നെ ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്ന സന്ദേശം ‘സമാധാനം നിങ്ങളോടുകൂടെ’ എന്നതാണ്. സുവിശേഷവും സമാധാനവുമാണ് സഭയുടെ ദൗത്യം. ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നതിനാല്‍ ആരെങ്കിലും എന്നെ വിമര്‍ശിക്കണമെന്നുണ്ടെങ്കില്‍, അവര്‍ സത്യസന്ധമായി അത് ചെയ്യട്ടെ,” പാപ്പാ പറഞ്ഞു.
”ആണവായുധങ്ങള്‍ക്കെതിരെ സഭ വര്‍ഷങ്ങളായി സംസാരിച്ചുവരുന്നു. അതില്‍ യാതൊരു സംശയവുമില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രംപ് നേരത്തെ ഒരു റേഡിയോ അഭിമുഖത്തില്‍ ”ഇറാന് ആണവായുധം ലഭിക്കുന്നതിനെ പാപ്പാ അംഗീകരിക്കുന്നുവെന്ന്” ആരോപിച്ചിരുന്നു. എന്നാല്‍ ലെയോ പതിനാലാമന്‍ പാപ്പാ തുടര്‍ച്ചയായി ആണവായുധ വിരുദ്ധ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
സ്വയംരക്ഷയ്ക്കായി ആയുധം എടുക്കുന്നതുപോലും ദൈവം അംഗീകരിക്കില്ലെന്നോ എന്ന ചോദ്യത്തിന് മറുപടിയായി പാപ്പാ പറഞ്ഞു: ”സ്വയംരക്ഷ സഭ പരമ്പരാഗതമായി അംഗീകരിച്ചിട്ടുള്ള കാര്യമാണ്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ‘ന്യായയുദ്ധം’ എന്ന ആശയം വളരെ സങ്കീര്‍ണമാണ്. പ്രത്യേകിച്ച് ആണവയുഗം വന്നതോടെ യുദ്ധത്തെക്കുറിച്ചുള്ള മുഴുവന്‍ സമീപനവും പുനഃപരിശോധിക്കപ്പെടണം.”
”ആയുധങ്ങള്‍ തേടുന്നതിനേക്കാള്‍ സംഭാഷണത്തിലേര്‍പ്പെടുന്നതാണ് നല്ലത്. ലോകമെമ്പാടുമുള്ള പട്ടിണിയും മനുഷ്യാവകാശ പ്രശ്നങ്ങളും പരിഹരിക്കാന്‍ ഉപയോഗിക്കേണ്ട പണം ആയുധവ്യവസായം കോടിക്കണക്കിന് ഡോളര്‍ ലാഭമാക്കുകയാണ്,” അദ്ദേഹം പറഞ്ഞു.
കത്തോലിക്ക സഭയുടെ മതബോധനപ്രകാരം ഒരു യുദ്ധം ‘ന്യായയുദ്ധം’ ആകണമെങ്കില്‍ ഗുരുതരമായ ദോഷത്തെ ചെറുക്കാനായിരിക്കണം അത് നടത്തപ്പെടുന്നത്; യുദ്ധം സൃഷ്ടിക്കുന്ന നാശം ഇല്ലാതാക്കേണ്ട ദോഷത്തേക്കാള്‍ വലുതാകരുത്; വിജയസാധ്യത ഉണ്ടായിരിക്കണം; യുദ്ധത്തിന് മുമ്പുള്ള എല്ലാ സമാധാന മാര്‍ഗങ്ങളും പരീക്ഷിച്ചിരിക്കണം; കൂടാതെ പൊതുനന്മയ്ക്ക് ഉത്തരവാദിയായ നിയമാനുസൃത അധികാരിയാണ് തീരുമാനം എടുക്കേണ്ടത്.
ഈ ആഴ്ച റൂബിയോയും പാപ്പായും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പായി അമേരിക്കയും വത്തിക്കാനും തമ്മില്‍ ചില നയതന്ത്ര സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ വത്തിക്കാനിലെ അമേരിക്കന്‍ അംബാസഡര്‍ ബ്രയാന്‍ ബര്‍ച്ച് ”ഗൗരവമായ ഭിന്നതയുണ്ടെന്ന ആശയം ഞാന്‍ അംഗീകരിക്കുന്നില്ല” എന്ന് വ്യക്തമാക്കി.
”സൗഹൃദവും സത്യസന്ധ സംഭാഷണവുമാണ് പരിശുദ്ധ സിംഹാസനം ആവശ്യപ്പെട്ടിരിക്കുന്നത്. അതേ ആത്മാവോടെയാണ് സെക്രട്ടറി റൂബിയോ എത്തുന്നത്,” ബര്‍ച്ച് പറഞ്ഞു.

