തീരദേശത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കേരള റീജിയന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (KRLCC) രൂപം നല്‍കിയിട്ടുള്ള കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (CADAL) എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുമായി (ESSS) സഹകരിച്ചു തീരദേശ, ഉള്‍നാടന്‍ മത്സ്യ മേലയിലെ വികസന സാധ്യതകള്‍, പ്രതിസന്ധികള്‍, പ്രതിവിധികള്‍ എന്നിവയെക്കുറിച്ച് ശാസ്ത്രീയവും പ്രായോഗികവുമായ അവബോധം വര്‍ദ്ധിപ്പിക്കുകയും ഈ രംഗത്ത് കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്ത സാധ്യതകളെക്കുറിച്ച് വ്യക്തമായ ഒരു ധാരണ രൂപപെടുത്താനുമായി ശില്പശാല സംഘടിപ്പിക്കുന്നു.
എറണാകുളം പ്രൊവിഡന്‍സ് റോഡിലെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ 2026 മെയ് 9, (ശനി) രാവിലെ 10:30 നു വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ്പ് ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്യും. കൊച്ചി നഗരസഭാ മേയർ അഡ്വ.വി.കെ. മിനിമോൾ മുഖ്യാഥിതി ആയിരിക്കും. കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. ഡോ. ജിജു അറക്കത്തറ, ‘കടൽ’ ജനറൽ സെക്രട്ടറി ജോസഫ് ജൂഡ് എന്നിവർ പ്രസംഗിക്കും.
കേരളത്തിലെ സമുദ്രതീരവും മത്സ്യമേഖലയും നേരിടുന്ന വികസന പ്രശ്നങ്ങള്‍, ഇടപെടല്‍ സാധ്യതകള്‍, ഉള്‍നാടന്‍ മല്‍സ്യ മേഖല വികസനത്തിനായുള്ള തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടല്‍ സാധ്യതകള്‍ എന്നിവയാണ് ചര്‍ച്ച ചെയ്യുന്നത്. സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ വികേന്ദ്രികരണ ആസൂത്രണത്തിന്റെ മേധാവി ശ്രീമതി ജോസഫൈന്, കേരള മല്‍സ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള അക്വാകള്‍ച്ചര്‍ കേരള വികസന ഏജന്‍സി (ADAK) മാനേജിംഗ് ഡയറക്ടര്‍ ശ്രി. ഇഗ്നേഷ്യസ് മണ്‍റോ ബി., കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (CADAL) വൈസ് ചെയര്മാന് ശ്രി. പ്ലാസിഡ് ഗ്രിഗറി, ഡയറക്ടര്‍ ഡോ. ഫാ. സെലസ്റ്റിന്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കും.

