ജോര്‍ജ് വലിയപാടത്ത്
ഒരു നാല്പത്തിനാലുകാരന് അതീവ ലളിതമായി കടന്നുപോയതിന്റെ 800-ാം വര്‍ഷം ആചരിക്കവേയാണ് അതേ ആധ്യാത്മിക ധാരയില്‍പെട്ട ഒരു അമ്പത്തിനാലുകാരന് കേരളത്തില്‍ ധന്യനായി പ്രഖ്യാപിക്കപ്പെടുന്നത്. അസ്സീസിയിലെ ഫ്രാന്‍സിസിനെയും തെയോഫിനച്ചനെയും കുറിച്ചാണ് പറയുന്നത്.തെയോഫിനച്ചനെക്കുറിച്ചും പൊന്നുരുന്നി ആശ്രമത്തെക്കുറിച്ചും നന്നേ ചെറുപ്പത്തില്‍ത്തന്നെ കേട്ടതിന്റെ വളരെ മങ്ങിയ ഓര്‍മ്മകളുണ്ട്. സ്കൂള്‍ വിദ്യാഭ്യാസം ആരംഭിച്ച വര്‍ഷമായിരുന്നു അദ്ദേഹം കടന്നുപോകുന്നത്.
പൊന്നുരുന്നിയില്നിന്ന് ഒരു മൈല്‍ പോലും അകലത്തിലല്ലായിരുന്നു അമ്മയുടെ മൂത്ത സഹോദരിയുടെ ഭര്‍ത്തൃഗൃഹം. കബറിടത്തിലേക്ക് പ്രാര്‍ഥിക്കാനായി പോയിരുന്നവരില്‍ ആ കുടുംബവും ഉണ്ടായിരുന്നു. തെയോഫിനച്ചന്‍ കടന്നുപോയി മൂന്നുനാലു വര്‍ഷം കഴിയുമ്പോഴേക്കും ഇന്ത്യയിലെ അവിഭക്ത കപ്പൂച്ചിന്‍ പ്രോവിന്‍സ് നാലു പ്രോവിന്‍സുകളായി മുറിഞ്ഞിരുന്നു. അതുകൊണ്ടുകൂടി വൈദികനായതിനു ശേഷമാണ് പൊന്നുരുന്നിയിലും, പൊന്നുരുന്നി ആസ്ഥാനമായി ഉണ്ടായിരുന്ന വൈസ് പ്രോവിന്സിന്റെ ഇതര ആശ്രമങ്ങളിലും കയറിയിറങ്ങാന്‍ അവസരമുണ്ടായത്. അങ്ങനെയാണ് തെയോഫിനച്ചന്റെ കബറിടവും തെയോഫിനച്ചനോടൊപ്പം ജീവിച്ചിട്ടുള്ളവരെയും കാണാനും പരിചയപ്പെടാനും തുടങ്ങിയത്.
ഈ വലിയ കുടുംബത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടുവന്നത് ദൈവത്തിന്റെ ഏറ്റവും വലിയ കാരുണ്യമാണ് എന്ന് ഏറ്റുപറയാതെ വയ്യ. ചേര്‍ന്നകാലം മുതല്‍ അസ്സീസിയിലെ ഫ്രാന്‍സിസും അതിനു ശേഷം അതേവഴിയേ നടന്നവരുമായ അനേകമനേകം പേരും നമ്മളെ കഥകള്‍ കേള്‍പ്പിക്കുകയും പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും സൂക്ഷിച്ചുനോക്കുകയും ചെയ്യുകയാണ്. പല വിശുദ്ധരുടെയും ജീവിതരേഖ വായിക്കാനിടവന്നിട്ടുണ്ട്. വിശുദ്ധാത്മാക്കളായ അനേകരോടൊപ്പം ജീവിക്കാനും പ്രവര്‍ത്തിക്കാനും കൃപ ലഭിച്ചിട്ടുണ്ട് എന്നതാണ് അതിനെക്കാള്‍ പ്രധാനം. നമ്മളൊക്കെ കരുതുംപോലെ എല്ലാവരും ഒരുപോലല്ല. ചിലര്‍ തീര്‍ച്ചയായും വ്യത്യസ്തര്‍ തന്നെയാണ്. ആര്‍ക്കും എഴുതിപ്പൊലിപ്പിച്ചെടുക്കാനാവുന്നതല്ല അതൊന്നും.
ആരെന്തു പറഞ്ഞാലും ചില പ്രത്യേകതകള്‍ ചില ജീവിതങ്ങളെ ചൂഴ്ന്നുനില്ക്കുന്നുണ്ട്.1947-ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ യുവാവായ തെയോഫിനച്ചന്‍ കേരളത്തില്‍ മാവേലിക്കരക്കടുത്തുള്ള കുന്നം എന്ന സ്ഥലത്ത് ദലിത് ജനതകള്‍ക്കിടയില്‍ അവരുടെ സാമൂഹിക ഉന്നമനത്തിനും ശാക്തീകരണത്തിനുമായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു.
വാഴ്ത്തപ്പെട്ടവനായി ഉയര്‍ത്തപ്പെട്ട അമേരിക്കയിലെ ആദ്യത്തെ കപ്പൂച്ചിന്‍ വൈദികന് സൊളാനസ് കെയ്സി കടന്നുപോകുന്നത് 1957-ലാണ്. ആ സമയത്ത് തെയോഫിനച്ചന്‍ തമിഴ്നാട്ടിലെ കോട്ടഗിരിയില്‍ ദൈവശാസ്ത്ര വിദ്യാര്‍ഥികളെ ബൈബിള്‍ വിജ്ഞാനീയം പഠിപ്പിക്കുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പ് ദൈവദാസനായി ഉയര്‍ത്തപ്പെട്ട ഫാ. ആര്‍മണ്ട് മാധവത്ത് നിത്യവ്രതവാഗ്ദാനം ചെയ്യുന്നതും അതേ വര്‍ഷമാണ്. അക്കാലത്ത് അദ്ദേഹം ജീവിക്കുന്നത് കോട്ടഗിരിയില്‍ തെയോഫിനച്ചനോടൊപ്പമായിരുന്നു എന്ന് മനസ്സിലാവുമല്ലോ. ഈ മൂന്നുപേരും തമ്മില്‍ കുറേയേറെ സാമ്യങ്ങളുണ്ട് എന്നു തോന്നുന്നു. തെയോഫിനച്ചന്‍ കടന്നുപോയ വര്‍ഷം (1968) തന്നെയാണ് ഇറ്റലിയിലെ പീത്രെള്ചിനയില് വിശുദ്ധ പാദ്രേ പിയോ കടന്നുപോകുന്നതും.
വിശുദ്ധ പാദ്രേ പിയോയും ധന്യന്‍ ഫാ. തെയോഫിനും തമ്മിലും ചില സാധര്‍മ്മ്യങ്ങളുണ്ട്. ഇപ്പറഞ്ഞ നാലുപേരില്‍ തെയോഫനച്ചനാണ് താരതമ്യേന ഇളയപ്രായത്തില്‍ കടന്നുപോയത്. വിശുദ്ധ പാദ്ര പിയോ വൈദികപട്ടം സ്വീകരിച്ചത് 1910 ഓഗസ്റ്റിലായിരുന്നു. 1910 ഓഗസ്റ്റില്ത്തന്നെയാണ് വിശുദ്ധ മദര്‍ തെരേസയും വിശുദ്ധ അല്‍ഫോന്‍സാമ്മയും ജനിക്കുന്നത്. അതിന് മൂന്നുവര്‍ഷം കഴിഞ്ഞ് 1913 ജൂലൈ 20-ന് ആണ് തെയോഫിനച്ചന്‍ ജനിച്ചത്.വിശുദ്ധ പാദ്രേ പിയോ, വാഴ്ത്തപ്പെട്ട സൊളാനസ് കെയ്സി, ധന്യന്‍ തെയോഫിനച്ചന്‍, ദൈവദാസന് ആര്മണ്ടച്ചന്: കപ്പൂച്ചിന്‍ സമൂഹാംഗങ്ങളായ ഈ നാലുപേരെ നോക്കിയാല്‍ അവര്‍ നാലുപേരിലും പൊതുവായി ചില പ്രത്യേകതകള്‍ കാണാനാവും. നാലുപേരും ചെറുപ്പം മുതലേ തീക്ഷ്ണമതികളായിരുന്നു. വൈദികനായി ഏറെക്കഴിയുംമുമ്പേ അവരില്‍ സവിശേഷമായ ആത്മീയ സിദ്ധികള്‍ പ്രകടമാവുകയോ നവസന്ന്യാസിമാരെ രൂപീകരിക്കുന്നതിന്റെ ഉത്തരവാദിത്തങ്ങള്‍ നല്കപ്പെടുകയോ ചെയ്യുന്നുണ്ട്.
പാദ്രേ പിയോ വൈദികനായി പട്ടമേറ്റശേഷം അദ്ദേഹത്തിന് നിരവധി ആത്മീയ അനുഭൂതികള്‍ ഉണ്ടാകുന്നതായി പറയപ്പെടുന്നുണ്ട്. വൈദികനായി ഒമ്പതാം വര്‍ഷമാണ് അദ്ദേഹത്തിന് പഞ്ചക്ഷതങ്ങള്‍ ലഭിക്കുന്നത്. വാഴ്ത്തപ്പെട്ട സൊളിനസ് കെയ്സി 1904-ല്‍ പട്ടമേറ്റ് രണ്ടുമൂന്നു വര്‍ഷത്തിനകംതന്നെ ന്യൂയോര്‍ക്കിലെ ജനങ്ങള്‍ അദ്ദേഹത്തിന്റെ അടുക്കലേക്ക് മാധ്യസ്ഥ പ്രാര്‍ഥനയ്ക്കായി ഓടിക്കൂടുന്നതുകാണാം. ദൈവദാസന് ആര്മണ്ടച്ചന് 1960-ല്‍ പട്ടമേറ്റ് രണ്ടുമൂന്നു വര്‍ഷത്തിനകംതന്നെ ഫറങ്കിപേട്ടിലെ മോന്തേ മരിയാനോ നോവിഷ്യേറ്റിലും 1969-ല്‍ മുവ്വാറ്റുപുഴ നോവിഷ്യേറ്റില്‍ നോവിസ് മാസ്റ്ററായും നിയമിതനാകുന്നതും കാണാം. തെയോഫിനച്ചനാവട്ടെ, 1941-ല്‍ പട്ടം സ്വീകരിച്ച് ഉടനെതന്നെ കൊല്ലം തില്ലേരിയിലെ സെന്റ് ആന്റണീസ് ഫ്രയറിയില്‍ പോസ്റ്റുലന്‍സി ഡയറക്റ്ററായി നിയമിതനാവുകയും അഞ്ചുവര്‍ഷം അതേ സേവനത്തില്‍ തുടരുകയും ചെയ്യുകയാണ്.
ദൈവഭക്തിയും പ്രാര്‍ഥനാ ചൈതന്യവും വര്‍ദ്ധിതമായ അളവില്‍ ഈ നാലുപേരിലും കാണാനുണ്ട്. നാലുപേരിലും ഫ്രാന്‍സിസ്കന്‍ സന്ന്യാസ ജീവിതത്തോട് തീവ്രമായ പ്രതിജ്ഞാബദ്ധത കാണാം. നാലുപേരും ദരിദ്രരോടും രോഗികളോടും വളരെ സവിശേഷമായ കാരുണ്യം കാട്ടുന്നുണ്ട്. പീയത്രിള്ചിനയില് ഒരു ആശുപത്രി സ്ഥാപിക്കുന്നതിന് വിശുദ്ധ പാദ്രേ പിയോ തീവ്രമായി ആഗ്രഹിക്കുന്നത് രോഗികളോടുള്ള അദ്ദേഹത്തിന്റെ അതിരറ്റ സ്നേഹം മൂലമായിരുന്നു. ‘എന്റെ രണ്ട് സ്നേഹങ്ങള്‍ രോഗികളോടും പാവങ്ങളോടുമാണ്’ എന്നാണ് വാഴ്ത്തപ്പെട്ട സൊളാനസ് കെയ്സി പറഞ്ഞിട്ടുളളത്. അതുപോലെതന്നെയാണ് തെയോഫിനച്ചനും ആര്‍മണ്ടച്ചനും: പാവങ്ങളുടെയും രോഗികളുടെയും വീടുകള്‍ സന്ദര്‍ശിക്കുകയും, അവരുടെമേല്‍ കൈകള്‍ വച്ച് പ്രാര്‍ഥിക്കുകയും, രോഗികള്‍ അവരുടെ പ്രാര്‍ഥനാസഹായം തേടി അവര്‍ക്കരികിലേക്ക് എത്തുകയും ചെയ്തുകൊണ്ടിരുന്നു. എല്ലാവരോടുമുള്ള ഇടപെടലില്‍ ഉണ്ടായിരുന്ന സൗമ്യത നാലുപേരുടെയും മുഖമുദ്രയായിരുന്നു.ദൈവവചനത്തോടും ദിവ്യകാരുണ്യത്തോടും ഉള്ള അദമ്യമായ അടുപ്പവും പരിശുദ്ധ അമ്മയോടുള്ള സ്നേഹവും നാലുപേരിലും വളരെ പ്രകടമാണ്. നാലുപേരും മണിക്കൂറുകളോളം ദിവ്യകാരുണ്യ നാഥനരികില് പ്രാര്‍ഥനയില്‍ ചെലവഴിച്ചിരുന്നു.
ജപമാല ഭക്തിയും നാലുപേരിലും സവിശേഷമാം വിധം പ്രകടമായികാണാം.വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നാലുപേരും സമൂഹത്തില്‍ കുറെയൊക്കെ മാറ്റിനിര്ത്തലുകള്ക്കോ ഇകഴ്ത്തലുകള്‍ക്കോ വിധേയരാകുന്നുണ്ട്. തന്റെ പഞ്ചക്ഷതങ്ങളുടെ പേരില്‍ റോം ആവശ്യപ്പെട്ടതനുസരിച്ച് പാദ്രേ പിയോ എല്ലാ പൊതുശുശ്രൂഷകളില് നിന്നും ജനങ്ങളെ കാണുന്നതില്‍നിന്നും മാറ്റി നിര്‍ത്തപ്പെടുകയും, വീട്ടുതടങ്കലിലെന്നപോലെ ഏകാന്തവാസം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. പഠന വൈഭവക്കുറവിനാലുംമോറല് തിയോളജിയില്‍ വേണ്ടത്ര അവഗാഹം ഇല്ല എന്ന് അധ്യാപകര്‍ വിലയിരുത്തിയതിനാലും സൊളാനസ് കെയ്സി ഒരു ‘സിംപ്ലക്സ്’ വൈദികന് ആയിരിക്കും എന്ന് മേലധികാരികള്‍ വിധിക്കുകയും, കുമ്പസാരം കേള്‍ക്കുന്നതിനോ ഞായറാഴ്ചകളിലെ ദിവ്യബലിയില്‍ പ്രസംഗിക്കുന്നതിനോ മരണംവരെ അദ്ദേഹത്തിന് അനുവാദം നല്കപ്പെട്ടിരുന്നുമില്ല. കേരളത്തിലെ കരിസ്മാറ്റിക് നവീകരണത്തിന്റെ ആരംഭകനായ ദൈവദാസന് ആര്‍മണ്ടച്ചനും, ചിന്താശേഷി കുറവുള്ള ഒരു ‘ഭക്തന്’ എന്ന നിലയില്‍ ‘അരമണ്ടന്‍’ ആയി പരിഗണിക്കപ്പെട്ടിട്ടുണ്ട്. മേല്പറഞ്ഞ തരത്തിലുള്ള ഒഴിവാക്കലുകളോ എളിമപ്പെടുത്തലുകളോ തെയോഫിനച്ചന്‍ നേരിടേണ്ടി വന്നിട്ടില്ല എന്നു തോന്നുന്നു. എന്നിരുന്നാലും, അദ്ദേഹം ജീവിച്ച കാലത്ത് ഇന്ത്യയിലെ കപ്പൂച്ചിന്‍ സന്ന്യാസ സമൂഹം അതിന്റെ ആരംഭദശയിലായിരുന്നു എന്ന് പറയട്ടെ. വിദേശികളായ വൈദികരായിരുന്നു പരിശീലനം നല്‍കുന്നതും നേതൃത്വത്തിലും. ബോംബേക്കാരും ഗോവക്കാരും മംഗലാപുരംകാരും കന്നടക്കാരും തമിഴ്നാട്ടുകാരും മലയാളികളും – മലയാളികളില്‍ത്തന്നെ സീറോ-മലബാര്‍, ലത്തീന്‍ റീത്തുകളില്‍ പെട്ടവരും ഒരുമിച്ചായിരുന്നു ഉണ്ടായിരുന്നത്. ആ വഴിക്ക് ഏറെ രേഖകളൊന്നും ലഭ്യമല്ലെങ്കിലും, തങ്ങളില്‍ ആരാണ് ശ്രേഷ്ഠര്‍ എന്ന രീതിയില്‍ യേശുവിന്റെ ശിഷ്യര്‍ക്കിടയില്‍ ഉണ്ടായിരുന്നതരം ചില വിചാരങ്ങളും മേധാവിത്തം കാട്ടലുകളും കുറച്ചുകാട്ടലുകളും അക്കാലത്ത് സ്വാഭാവികമായും ഉണ്ടായിട്ടുണ്ടാകും എന്ന് നാം അനുമാനിക്കണം. അതുകൊണ്ടുതന്നെ, തെയോഫിനച്ചനും ആ വഴിക്ക് ചില വിഷമതകളെങ്കിലും സഹിക്കേണ്ടി വന്നിട്ടുണ്ടാകും എന്നാണ് ഞാന്‍ കരുതുന്നത്. എന്നിരിക്കിലും സന്ന്യാസത്തിന്റെ മര്‍മ്മമറിഞ്ഞിരുന്ന മേല്പറഞ്ഞ നാലുപേരും അതിലൊന്നും ചഞ്ചലപ്പെടുകയോ പരാതിപറയുകയോ ഉണ്ടായില്ല. എന്നുമാത്രമല്ല, അത്തരം ചിന്തകള്‍ക്കെല്ലാം മുകളില്‍ ഉയര്‍ന്നുപറന്ന് പുണ്യപാതയില്‍ ചരിച്ചിട്ടുമുണ്ട്.നാലുപേരും ഇതര മതവിശ്വാസികളോട് അതിരറ്റ ആദരവും അലിവും കാട്ടുന്നതായും കാണാം.
പഞ്ചക്ഷത ധാരിയായിരുന്നതിനാലും, നിരവധി പ്രത്യേക സിദ്ധികള്‍ ഉണ്ടായിരുന്നതായി കേള്‍വി ഉണ്ടായിരുന്നതിനാലും പാദ്രേ പിയോയെ കാണാന്‍ നൂറുകണക്കിന് ആളുകള്‍ വന്നുകൊണ്ടിരുന്നു. അതില്‍ മിക്കവരും അവിശ്വാസികളും സംശയാലുക്കളും ആയിരുന്നു. പ്രോട്ടസ്റ്റന്റുകാരും ഹൈന്ദവരും ബുദ്ധിസ്റ്റുകളും അതിലുണ്ടായിരുന്നു. അവരെയെല്ലാം വിശുദ്ധ പിയോ ആദരവോടെ സ്വീകരിക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. സൊളാനസിനെ കാണാനും നൂറും ഇരുന്നൂറും ആളുകള്‍ ഓരോ ദിവസവും വന്നിരുന്നു. അതില്‍ പ്രോട്ടസ്റ്റന്റുകാരും യഹൂദരും പലപ്പോഴും നിരീശ്വരവാദികളും ഉണ്ടായിരുന്നു. അവരെയെല്ലാം ഏറെ സ്നേഹാദരവുകളോടെയാണ് സൊളാനസച്ചന് സ്വീകരിച്ചത്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി അദ്ദേഹം നിലകൊള്ളുകയും ചെയ്തു. തെയോഫിനച്ചനും ആര്‍മണ്ടച്ചനും ജാതിമതഭേദമെന്യേ ആളുകളുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും അവരെ സഹായിക്കുകയും ചെയ്തുപോന്നു. അവരിരുവരും ജാതിമതഭേദമന്യേ – ദുഃഖത്തിലും പ്രാരബ്ധത്തിലും ആയിരുന്ന എല്ലാവര്ക്കും വേണ്ടി നിരന്തരം പ്രാര്‍ഥിച്ചു.ഈ നാലുപേരും ദാരിദ്ര്യാരൂപിയില്‍ അതീവ ലളിതമായി ജീവിച്ചവരാണ്.
നാലുപേരും തങ്ങളുടെ ശരീരങ്ങളില്‍ വര്‍ഷങ്ങളോളം വേദനയനുഭവിച്ചിരുന്നു. തന്റെ പഞ്ചക്ഷതങ്ങളാലും, ചിലപ്പോഴൊക്കെ കൈകാലുകളില്‍ ചുറ്റുന്ന ശീലത്തുണികള് അലക്കിയിട്ടിട്ട് വേണ്ടത്ര ഉണങ്ങും മുമ്പ് വീണ്ടും ഉപയോഗിക്കേണ്ടിവരുമ്പോള്‍ കൈകാലുകളിലെ മുറിവുകളില്‍ ഇന്ഫെക്ഷന് ഉണ്ടായതിനാലും പാദ്രേ പിയോ ഏറെ വേദന സഹിച്ചിരുന്നു. തന്റെ ത്വഗ്രോഗം മൂലം കാലുകളില്‍ വ്രണങ്ങള്‍ കണക്കേ പൊട്ടിയൊഴുകുന്നതിനാല് സൊളാനസച്ചനും കുറേ വേദന സഹിച്ചിരുന്നു. അവസാന വര്‍ഷങ്ങളില്‍ തന്റെ ശ്വാസകോശ കാന്‍സര്‍ മൂലം ആര്‍മണ്ടച്ചനും ഏറെ വേദന സഹിക്കേണ്ടിവന്നിട്ടുണ്ട്. തെയോഫിനച്ചനാകട്ടെ, ദീര്‍ഘകാലത്തെ ഡയബെറ്റിക്സ് മൂലവും തത്ഫലമായി കാലില്‍ ഉണ്ടായ കരിയാത്ത മുറിവുകള്‍ മൂലവും ഏറെ വേദന സഹിച്ചിരുന്നു. എന്നിട്ടും ജീവിതാവസാനം വരെ അവരൊന്നും ആവലാതി പറഞ്ഞില്ല എന്നു മാത്രമല്ല, അന്ത്യനിമിഷം വരെ തങ്ങള്ക്കുള്ളതത്രയും കൊടുത്തുതീര്‍ക്കുകയും ചെയ്തു എന്നിടത്താണ് അവരിലെ ക്രിസ്തുത്വം വെളിവാകുന്നത്.
ആധ്യാത്മികമായ ശിശുത്വം അവര്‍ നാലിലും കാണാനുണ്ട്. ആഴമായ ദൈവാശ്രയ ബോധം ഇപ്പറയുന്ന നാല് വിശുദ്ധാത്മാക്കളുടെയും പ്രത്യേകതയായിരുന്നു. കുട്ടികളുടെ കലാപരിപാടികള്‍ കണ്ട് കുഞ്ഞുങ്ങളെപ്പോലെ നിഷ്കളങ്കമായി ചിരിക്കുന്ന പാദ്രേ പിയോയുടെ ചിത്രം പ്രസിദ്ധമാണ്. പുല്‍ക്കൂട്ടിലെ ഉണ്ണിക്ക് തന്റെ വയലിനില്‍ പാട്ട് വായിച്ചു കേള്‍പ്പിക്കുന്ന സൊളാനസച്ചന്റെ പിന്നില്‍ നിന്നുള്ള ചിത്രവും കണ്ടിട്ടുണ്ട്. സമൂഹത്തിന്റെ ഉല്ലാസവേളകളില്‍ തെയോഫിനച്ചനും ആര്‍മണ്ടച്ചനും കൊച്ചുകൊച്ചു തമാശകള്‍ പറഞ്ഞ് മറ്റുള്ളവരെ ചിരിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്തിരുന്നു.നാലുപേരുടെയും മരണത്തില്‍ അവരെ അവസാനമായി ഒരു നോക്ക് കാണുന്നതിനായി അസാധാരണമാംവിധം അനേകായിരങ്ങള്‍ ഓടിയെത്തുന്നുണ്ട്. പാദ്രേ പിയോ ലോകമെങ്ങും പ്രസിദ്ധനായിരുന്നു. അദ്ദേഹത്തിന്റെ മൃതസംസ്കാരവേളയില്‍ ഒരുലക്ഷത്തോളം ജനങ്ങളില്‍ റൊത്തോന്ത മുങ്ങിപ്പോയി. ഡിട്രോയിറ്റില്‍ സൊളാനസ് അച്ചന്റെയും പൊന്നുരുന്നിയില്‍ തെയോഫിനച്ചന്റെയും മൃതസംസ്കാര ശുശ്രൂഷകള്‍ ജനബാഹുല്യം നിമിത്തം മണിക്കൂറുകളോളം നീണ്ടുപോയിട്ടുണ്ട്.
ആര്‍മണ്ടച്ചന്റെ അടക്കത്തിലും ജനസഹസ്രങ്ങള്‍ പങ്കുകൊണ്ടു.ഔദ്യോഗിക സഭയോ സന്ന്യാസസമൂഹമോ അല്ല, അവരുടെയെല്ലാം കബറിടങ്ങളില്‍ എത്തിയവരും, അവരിലൂടെ അനുഗ്രഹങ്ങള്‍ സിദ്ധിച്ചവരുമായ ജനങ്ങളാണ് അവര്‍ നാലുപേരുടെയും നാമകരണ നടപടികള്‍ക്ക് ആരംഭമിടുന്നത്.നാം ജീവിക്കുന്ന സമൂഹത്തിലെ ഒരു സഹോദരന് കൂടി ധന്യനാക്കപ്പെടുമ്പോള് നാമും ധന്യരാവുകയാണ്. അതേസമയം നമ്മുടെ ബാധ്യതകളും വര്‍ധിക്കുകയാണ്. നമ്മുടെ ജീവിതങ്ങള്‍ ഒരു സോഷ്യല്‍ ഓഡിറ്റിന് വിധേയമാവുകയാണ്. നമ്മുടെ ഉത്തരവാദിത്വങ്ങള്‍ ഏറുകയാണ്. ഉപരിപ്ലവത ഉപേക്ഷിക്കാനും കൂടുതല്‍ വിശ്വസ്തമാവാനുമുള്ള ബാധ്യത കാലം നമ്മില്‍നിന്ന് ആവശ്യപ്പെടുകയാണ്. അല്ലെങ്കില്‍, നാം നാടകം കളിക്കുകയായിരുന്നോ എന്ന് നമ്മുടെ പിന്തലമുറ നമ്മോട് വിളിച്ചുചോദിക്കും!———-

