1976 മുതല്‍ 2000 വരെ കേരളത്തിലെ ഒരു പിതാവ് തന്റെ മകനു വേണ്ടി നടത്തിയ നീതിക്കായുള്ള പോരാട്ടം ദയനീയമായി പരാജയപ്പെട്ടുവെന്നത് നമ്മുടെ ഉയര്‍ന്നതും പ്രബുദ്ധമായ സാമുഹ്യ ബോധത്തിന് ചേര്‍ന്നതാണോയെന്ന് നമുക്കിനിയെങ്കിലും ആത്മാര്‍ത്ഥമായി ചിന്തിക്കാം. പരിശോധിക്കാം.
ബോബന് വരാപ്പുഴ
‘എന്റെ വഴി അവസാനിക്കുകയാണ്. കര്‍ക്കിടകത്തില്‍ ഇരമ്പിപ്പെയ്തു വീണ ഒരു മഴയുടെ തോര്‍ച്ച വളരെ അടുത്താണ്. ഈ മഴ എനിക്കുവേണ്ടി പലരും കൂടെ നനഞ്ഞു എന്നതാണ് എന്റെ സാഫല്യം. എന്നും ഞാനിത് ഒരു അനശ്വര നിര്‍മാല്യം പോലെ ചേര്‍ത്തു പിടിക്കുന്നു. രാജന് നന്നായി പാടുമായിരുന്നു. അവന് അവന്റെ അമ്മ പറയുമ്പോഴേ പാടുമായിരുന്നുള്ളൂ എന്ന് ഞാനെഴുതിയപ്പോള്‍ എന്റെ പെണ്‍കുട്ടികള്‍ പിണങ്ങി. രാജന് അവര്‍ക്കു വേണ്ടിയും പാടിയിരുന്നുവത്രെ. എനിക്കുവേണ്ടി മാത്രം അവന് പാടിയില്ല. അവന്റെ പാട്ടു കേള്‍ക്കാന്‍ എനിക്ക് സമയമുണ്ടായില്ല. അതുകൊണ്ട് മോശമായി റെക്കോര്‍ഡു ചെയ്യപ്പെട്ട തന്റെ പാട്ടുകള്‍ മരണം വരെ അച്ഛന് കേട്ടിരിക്കണമെന്ന് അവന് നിശ്ചയിച്ചുകാണണം.ഞാന്‍ അവസാനിപ്പിക്കുകയാണ്. ഈ കര്‍ക്കിടകത്തില്‍ മഴ തകര്‍ത്തു പെയ്യുന്നു. പെരുമഴ ശ്രീവിഹാറിനു മുകളില്‍ പെയ്തുവീഴുമ്പോഴൊക്കെ ഞാന്‍ മോനെ ഓര്‍ക്കുന്നു. പടിവാതില്‍ അടച്ചുപൂട്ടിയാലും ആരോ വന്ന് അതു തുറന്ന് പൂമുഖപ്പടിയില്‍ മുട്ടുന്നതുപോലെ ആത്മാവിന് പൂര്വ്വജന്മബന്ധങ്ങളില്ല. എന്നെഴുതുന്നത് ശരിയാവില്ല.
മഴ പൊഴിക്കുന്ന ഈ രാത്രിയില്‍ ഞാന്‍ അവന്റെ കാസറ്റിലാക്കിയ പാട്ടു വയ്ക്കുന്നു.മൂളുന്ന ടേപ്റെക്കോര്ഡിനൊപ്പം കളഞ്ഞുപോയ ഒരു ശബ്ദവീചിയെ ഞാന്‍ തൊട്ടെടുക്കാന്‍ ശ്രമിക്കുകയാണ്.പരുക്കനായ ഒരച്ഛനായതുകൊണ്ടു മാത്രം ഞാന്‍ കേള്‍ക്കാതെ പോയ പാട്ടുകള്‍ കൊണ്ട് എന്റെ ഭൂമി നിറയുകയാണ്. പുറത്ത് മഴ നനഞ്ഞ് എന്റെ മകന് നില്ക്കുന്നു. പകയുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴും എനിക്കുത്തരമില്ല. പക്ഷേ, ലോകത്തിനോട് ഒരു ചോദ്യം ഞാനിപ്പോഴും ബാക്കിയാക്കുന്നു.എന്റെ നിഷ്കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്?ഞാന്‍ വാതിലടയ്ക്കുന്നേയില്ല. പെരുമഴ എന്നിലേക്കു പെയ്തു വീഴട്ടെ. ഒരു കാലത്തും വാതിലുകള്‍ താഴിടാനാവാത്ത ഒരച്ഛനെ അദൃശ്യനായ എന്റെ മകനെങ്കിലും അറിയട്ടെ ‘(ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍).
അന്യായമായി ബന്ധിക്കപ്പെട്ട് പിന്നീട് ആര്‍ക്കും തന്നെ ഔദ്യോഗികമായി പൂരിപ്പിക്കാനാവാത്ത ഒരു സമസ്യയായി രാജന് നമുക്കു മുന്നില്‍ ഒരു ചോദ്യചിഹ്നം തീര്‍ത്തിട്ട് വര്‍ഷം അരനൂറ്റാണ്ടായി. പുത്രതിരോധാനത്തിന്റെ ഹൃദയവ്യഥയും പേറി ഒരച്ഛന് ഈ കാലയളവില്‍ നെഞ്ചകത്തൊരു നീറ്റലുമായി, ഇവിടെ നമുക്കിടയില്‍ ജീവിച്ചു വന്നു …,
പക്ഷേ നീതിയുടെ ഒരു തരി ആശ്വാസം പോലും അനുഭവിക്കാതെ 2006 ഏപ്രിലില്‍ 13 ന് കാലഗതി പൂകുമ്പോള്, ആ പിതാവിന് നീതി ലഭിക്കാത്ത സാഹചര്യം നമ്മുടെ സാമൂഹ്യ രാഷ്ട്രീയത്തിന്റെ ഭാഗമായി ഏവരും അംഗീകരിച്ചു കഴിഞ്ഞിരുന്നു എന്നത് ഇന്നാലോചിക്കുമ്പോള്‍ ഭയാനകമായി തോന്നുന്നു..
1976 മുതല്‍ 2000 വരെ കേരളത്തിലെ ഒരു പിതാവ് തന്റെ മകനു വേണ്ടി നടത്തിയ നീതിക്കായുള്ള പോരാട്ടം ദയനീയമായി പരാജയപ്പെട്ടുവെന്നത് നമ്മുടെ ഉയര്‍ന്നതും പ്രബുദ്ധമായ സാമുഹ്യ ബോധത്തിന് ചേര്‍ന്നതാണോയെന്ന് നമുക്കിനിയെങ്കിലും ആത്മാര്‍ത്ഥമായി ചിന്തിക്കാം. പരിശോധിക്കാം.രാജന് സംഭവം;1975-ല്‍ ഭാരതത്തില്‍ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥയുടെ ഭയാനകത നിറഞ്ഞ ദേശിയ – കേരള രാഷ്ട്രീയ സാഹചര്യങ്ങളുടെ പ്രതീകമാണ്.. തികച്ചും നിര്ദോഷവാനും നിഷ്കളങ്കനുമായ ഒരച്ഛന്-അതിന്റെ കയ്പ്പുനീര് ആവോളം അന്യായമായി പാനം ചെയ്യേണ്ടി വന്നതിന്റെ ഞെട്ടിപ്പിക്കുന്നതും നിരാശപ്പെടുത്തുന്നതുമായ ജീവിതാനുഭവം തുറന്നെഴുതുകയാണ് രാജന്റെ അച്ഛനായ പ്രൊഫസര്‍ ടി.ബി ഈച്ചരവാരിയര്‍ ‘ഒരച്ചന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ‘ എന്ന പുസ്തകത്തിലൂടെ.
144 പേജുകളുള്ളതില് 77 പേജുകളും, അദ്ദേഹത്തിന് അനുഭവിച്ചു തീര്‍ക്കേണ്ടി വന്ന ആത്മ വിസ്ഫോടനങ്ങളുടെ ആവിഷ്ക്കാരമാണ്. താന്‍ അനുഭവിച്ച ജീവിതയാതനയുടെ ഹൃദയഭേദകമായ ഈ ആത്മസാക്ഷ്യം വായിക്കുന്നവരാരും തന്നെ കണ്കോണുകളിലൂറിവരുന്ന കണ്ണുനീരിന്റെ ചൂടറിയുമെന്ന് ഉറപ്പാണ്.’രാജന് വിശപ്പ് സഹിക്കുവാന്‍ കഴിയുമായിരുന്നില്ല. അങ്ങിനെയുള്ള കുട്ടി വിശപ്പിന്റെ കാട്ടുതീയില്‍ വെന്തുപോയി. മരണത്തിന് മുമ്പ് അമ്മ വിളമ്പിക്കൊടുത്ത ഒരുരള ചോറ് ഉണ്ണാന്‍ അവന് കഴിഞ്ഞില്ല. മരിച്ചിട്ടും ആത്മാവിന്റെ വിശപ്പു മാറാന്‍ സ്നേഹവാത്സല്ല്യങ്ങളുടെ ഒരു ഉരുള ചോറ് അവനു വേണ്ടി ബലിയായി അര്‍പ്പിക്കാനായില്ല. അതാണ് സങ്കടം … അതാണ് എന്റെ നെഞ്ചിലെ കനം.ഇടയ്ക്ക് മഴ തകര്‍ത്തു പെയ്യുന്ന രാത്രികള്‍, ‘അച്ഛാ’ എന്ന് നിശബ്ദമായി അവന് വിളിക്കുന്നത് ഞാന്‍ കേള്‍ക്കുന്നു. വിശന്നിട്ടാണ്.. എന്റെ കുട്ടിക്ക് വിശക്കുന്നു. അതു കൊണ്ട് നിറവയറുണ്ടിട്ടും എനിക്ക് നിറയുന്നില്ല …” ഇതു വായിക്കുമ്പോള്‍,മനുഷ്യനായി ജനിച്ചവര്‍ക്ക് കണ്ണിരടക്കാനോ, അസ്വസ്ഥനാകാതിരിക്കാനോ ആകില്ല.
1976 ഫെബ്രുവരി 28 നാണ് , ചാത്തമംഗലം റീജണല്‍ എന്‍ജിനിയറിംഗ് കോളജിലെ അവസാന വര്‍ഷ വിദ്യാര്തിയായ രാജന് പൊലീസ് പിടിയിലാവുന്നത്. അതിന് രണ്ടു ദിവസം മുമ്പാണ് ഈച്ചരവാര്യര്‍ മകനെ അവസാനമായി കണ്ടതും.കോഴിക്കോട് ഗവ: ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ ഹിന്ദി പ്രൊഫസറായിരുന്ന അദ്ദേഹത്തെ രാജന് കാണാനെത്തിയത് , തന്റെ പഠന ചിലവിലേക്കുള്ള പണം അച്ഛന്റെ പക്കല്‍ നിന്ന് വാങ്ങുവാനാണ്. അവധിക്ക് വീട്ടിലേക്ക് വരണമെന്ന് അച്ഛന് പറഞ്ഞപ്പോള്‍ മകന് സമ്മതിക്കുകയും ചെയ്തു.. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിസോണ്‍ യൂത്ത് ഫെസ്റ്റിവലിലെ സജീവ സാന്നിധ്യമായിരുന്ന രാജനെ ഹോസ്റ്റല്‍ മുറ്റത്തു നിന്ന് പിടികൂടപ്പെടുമ്പോള്‍ ഏവരും അമ്പരന്നു പോയെത്രെ..
മുന്‍പു നടന്ന കായണ്ണ പൊലീസ് സ്റ്റേഷന് ആക്രമണവുമായി രാജന് ബന്ധമുണ്ടെന്നായിരുന്നു പൊലീസ് ഭാഷ്യം.അടിയന്തരാവസ്ഥയുടെ മറവില്‍, കരുണാകരനടക്കമുള്ള കോണ്‍ഗ്രസ്സ് രാഷ്ട്രീയ നേതൃത്വത്തിന് കീഴില്‍ നടത്തപ്പെട്ട നരനായാട്ട് കുപ്രസിദ്ധമാണല്ലോ. ജയറാം പടിക്കല്‍, പുലിക്കോടന് നാരായണന് എന്നീ പൊലീസ് അധികാരികള്‍ ചെയ്തു കുട്ടിയ, നിഷ്ഠൂരവും ജനാധിപത്യവിരുദ്ധവും നിയമ ലംഘനപരവുമായ കുറ്റകൃത്യങ്ങള്‍ പിന്നിട് തെളിയിക്കപ്പെടുകയും പുലിക്കോടന് നാരായണന് ശിക്ഷിക്കപ്പെടുകയുമുണ്ടായി.രാജന്റെ പൊലീസ് കസ്റ്റഡിയുമായി ബന്ധപ്പെട്ട് ഈച്ചരവാരിയര്‍ കയറിയിറങ്ങാത്ത വാതിലുകളില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി മുതല്‍ പ്രസിഡണ്ടു വരെ ആ പട്ടികയിലുണ്ട്. കേരളത്തിലെ മൂന്ന് മുഖ്യമന്ത്രിമാര്‍ക്കെതിരെ ശക്തമായ വാക്ശരങ്ങള്‍ പുസ്തകത്തില്‍ അദ്ദേഹം പ്രയോഗിക്കുന്നുണ്ട്.’ ( ഉയര്‍ന്ന സംസ്കാരവും ചിന്താഗതിയും വിദ്യാഭ്യാസാപരമായ പക്വതയും കൊണ്ടായിരിക്കണം അതിന് അദ്ദേഹം മാപ്പും ചോദിക്കുന്നുണ്ട്). രാജന് പിടിക്കപ്പെടുമ്പോള്‍ കരുണാകരന് ആഭ്യന്തര മന്ത്രിയും സാക്ഷാല്‍ സി.അച്ചുതമേനോന് മുഖ്യമന്ത്രിയുമായിരുന്നു. അദ്ദേഹം തന്നെ സഹായിക്കുമെന്ന് ഈച്ചരവാരിയര്‍ കരുതുവാന്‍ മതിയായ കാരണവും ഉണ്ടായിരുന്നു.

1949- മാര്‍ച്ച് മാസത്തിലെ ഒരു അര്‍ദ്ധരാത്രിയില്‍ അച്ചുതമേനോന് ഈച്ചരവാരിയരെ തേടിയെത്തി, സഖാവ് അന്ന് ഒളിവിലായിരുന്നു. മുഷിഞ്ഞ വസ്ത്രങ്ങളും ക്ഷീണിച്ചവശനായി എത്തിയ അച്ചുതമേനോന് പറഞ്ഞു. ‘ അന്തിക്കാട്ട് നിന്ന് പൊലീസിന്റെ കണ്ണും വെട്ടിച്ച് ഓടി വന്നിരിക്കയാണ്. പൊലീസ് പിറകെയുണ്ട്. എങ്ങിനെയെങ്കിലും ഒരു ഷെല്‍ട്ടര്‍ ഉണ്ടാക്കിത്തരണം’.അന്ന് പത്താം ക്ലാസില്‍ പഠിക്കുന്ന അനുജന് മാധവവാരിയരെയും ബന്ധുവായ കെ.വി രാമവാരിയരേയും കൂട്ടി കിലോമീറ്ററുകള്‍ അകലെയുള്ള പുതുക്കോടിനടുത്തുള്ള പാഴായി എന്ന ഗ്രാമത്തിലേക്കയച്ച് അച്ചുതമേനോനെ രക്ഷിച്ചു.

ഇതിന്റെ പേരില്‍ മാധവനും രാമനും മേനോന്റെ കുടുംബവുമായി ദൃഡമായ ബന്ധം സ്ഥാപിച്ചിരുന്നു. കൂടാതെ ഈച്ചരവാരിയരുടെ മൂത്ത സഹോദരനും തികഞ്ഞ ഗാന്ധിയനുമായ ശൂലപണിവാര്യരുടെ വീട്ടിലും മേനോന് നേരത്തെ ഒളിത്താവളം ഒരുക്കിയിട്ടുണ്ട്. ഇതും ഇതിനു പുറമേ നിരവധി പേരുടെ ശുപാര്‍ശയുമായാണ് ഈച്ചരവാരിയര്‍ മേനോനെ കാണാനെത്തിയത്. പക്ഷേ സ്വീകരണം വളരെ മോശമായിരുന്നെത്രെ.’ഞാനിനി തന്റെ മകനെ അന്വേഷിച്ച് ഒരു തോര്‍ത്തും തോളിലിട്ട് കേരളത്തിലങ്ങോളമിങ്ങോളമുള്ള പൊലീസ് സ്റ്റേഷനുകള്‍ കയറി ഇറങ്ങണമോ? ‘എന്നിങ്ങനെയായിരുന്നു ആക്ഷേപിക്കല്‍. രാജനെക്കുറിച്ച് ജയറാം പടിക്കലിനോട് അന്വേഷിക്കണമെന്ന വാരിയരുടെ അപേക്ഷയും മേനോന് തള്ളി പകരം ഐ.ജി. രാജനോട് അന്വേഷിക്കാമെന്ന് പറഞ്ഞു. വാരിയര്‍ എഴുതുന്നു.
‘അടിയന്തരാവസ്ഥയുടെ കാലത്തെ, അധികാര മത്സരക്കളത്തില്‍ ഐ.ജി രാജന്റെ പദവി വെറും അലങ്കാരം മാത്രമായിരുന്നു ……. ക്രൈംബ്രാഞ്ച് ഡിഐജി ജയറാം പടിക്കല്‍ കേരളത്തിന്റെ നീതിന്യായ വ്യവസ്ഥയെയാകെ തന്റെ ഉള്ളം കയ്യിലൊതുക്കി അമ്മാനമാടുകയായിരുന്നു അക്കാലത്ത്. ‘എങ്കില്‍ കരുണാകരനോട് ചോദിക്കണമെന്ന ഈച്ചരവാരിയര്‍ക്ക് കിട്ടിയ മറുപടി., ഞാന്‍ കരുണാകരനോട് ചോദിക്കില്ല. വാ തുറന്നാല്‍ അയാള്‍ നുണയെ പറയു എന്നായിരുന്നു. രാജന്റെ അമ്മ രാധാ വാരിയര്‍ക്ക് നേരത്തെ ഉണ്ടായിരുന്ന മാനസിക രോഗം, മകന്റെ തിരോധാനത്തോടു കൂടി രൂക്ഷമാകുകയും രാജന്, തന്നെ കാണുവാന്‍ വരുമെന്ന ധാരണയില്‍ ദാരുണവും വൈകാരികമായ നിരവധി സംഭവങ്ങളും സ്മരണകളും സമ്മാനിച്ച് 2000 മാര്‍ച്ച് 16ന് ആ മാതാവ് മരണപ്പെടുകയും ചെയ്തു.എല്ലാം ചെയ്തിട്ട് ഒന്നും അറിയാത്ത പാവത്തിനെ പോലെ കരുണാകരന് പുലര്‍ത്തിയ നിസംഗതയെ ഈച്ചരവാരിയര്‍ അദ്ദേഹത്തിന്റെ മരണം വരെ തുറന്നു കാട്ടിയിരുന്നല്ലോ.’ മാഷെന്നോട് നേരത്തെ ഈക്കാര്യം പറഞ്ഞില്ല. ഞാനറിഞ്ഞിരുന്നെങ്കില്‍ എല്ലാം നേരത്തെ ശരിയാക്കുമായിരുന്നല്ലോ ”…. എന്ന് സാന്ത്വനിപ്പിക്കുന്ന കരുണാകരന്, പിന്നിട്, ”രാജനെന്ന പേര് കേള്‍ക്കുമ്പോള്‍ എന്തോന്നോ പരിചയം തോന്നുന്നു ……സീരിയസായ ഏതോ കേസില്‍ അയാള്പ്പെട്ടിട്ടുള്ളതുപോലെ …… എന്ന് പരിഹസിക്കും. പോപ്പുലര്‍ ഓട്ടോ മൊബൈല്‍ ഗ്രൂപ്പിന്റെ സ്ഥാപകനായ പോളിനേയും ഇതേ കേസില്‍ പിടികൂടിയിരുന്നെങ്കിലും അവര്‍ കരുണാകരനെ സ്വാധീനിച്ച് അദ്ദേഹത്തെ രക്ഷിച്ചു. തന്റെ നിയമ പോരാട്ടത്തില്‍ വാരിയരെ സഹായിക്കാന്‍ തയ്യാറായി ഇങ്ങോട്ട് കത്തെഴുതിയ രാഷ്ട്രീയ നേതാവ് എ.കെ.ജി മാത്രമാണ്.. രാജന്റെ മരണം ഈച്ചരവാരിയര്‍ക്ക് ഒരു കാലത്തും ഉള്‍ക്കൊള്ളാനായില്ല . എങ്കിലും കൂടെ മര്ദിക്കപ്പെട്ടവരുടെ സാക്ഷ്യമെന്നോണം ആ കഥ അദ്ദേഹം പങ്കുവെക്കുന്നുണ്ട്. കക്കയം ക്യാമ്പിനെ നാസികളുടെ കൊലക്കളത്തോടാണ് അദ്ദേഹം ഉപമിക്കുന്നത്., കസ്റ്റഡിയിലായവരെ ഒരു ബെഞ്ചില്‍ കിടത്തി മരം കൊണ്ട് ചെത്തിമിനുക്കിയ ഭാരമുള്ള ഉലക്ക കൊണ്ട് തുടയില്‍ ഉരുട്ടും. മരിച്ചാല്‍ മതിയെന്ന് തോന്നിപോകും. കായണ്ണ പൊലീസ് സ്റ്റേഷനില്‍ നിന്നും കളവുപോയ തോക്ക് എവിടെയെന്ന് ചോദിച്ചു കൊണ്ട് ക്രൂരമായി മര്ദ്ദിച്ചതിനാലും ഉരുട്ടിയതിനാലും നിവര്‍ത്തികേടുകൊണ്ട് കുറ്റം സമ്മതിച്ച രാജന്, പിന്നീട് തന്റെ നിസഹായത പറയവേ പുലിക്കോടന് നാരായണന് ബൂട്ട് ഇട്ട കാലുകൊണ്ട് രാജന്റെ വയറ്റില്‍ ചവിട്ടി. ഒരു നിലവിളിയോടെ രാജന് പിറകോട്ടു മറിഞ്ഞു നിലത്തുവീണ് കൈകാലിട്ടടിച്ച് ഒന്നു പിടഞ്ഞു. പിന്നെ അനങ്ങിയില്ല ………
പകല്‍ ഒരുത്തന് കാഞ്ഞുവെന്ന് കാവല്‍ നില്ക്കുന്ന പൊലീസുകാരന് പറയുന്നത് കുട്ടികള്‍ കേട്ടു. അര്‍ദ്ധരാത്രി ജഡം ജീപ്പില്‍ കയറ്റി ഹെഡ് ലൈറ്റുകള്‍ തെളിച്ച് പാഞ്ഞു,’ കത്തിച്ചെന്നാണ് അറിഞ്ഞത്. അവന്റെ ഒരു എല്ലിന് കഷ്ണം പോലും കിട്ടാതിരിക്കുവാന്‍ പഞ്ചസാരയിട്ടു കത്തിച്ചു ,. ഏതോ കൊടുങ്കാടിന്റെ മധ്യത്തില്‍ ‘: ‘എന്റെ പ്രതീക്ഷയുടെ സുര്യന് വെളിച്ചമണഞ്ഞു. അണഞ്ഞതല്ല, തല്ലിക്കെടുത്തിയതാണ് ‘പുലിക്കോടന് നാരായണന് ചവിട്ടിക്കൊല്ലുന്നതിന് മുന്‍പ് രാജന് ജീവനു വേണ്ടി യാചിച്ചു. ‘പ്രായത്തിന്റെ അവശതകള്‍ തളര്‍ത്താത്ത ആ പോരാട്ട തീക്ഷ്ണത മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുള്ള മാതൃകയായി പകുത്തേകിയ ഈച്ചരവാരിയര്‍ 2006 ഏപ്രില്‍ 13 ന് അന്തരിച്ചു. ഹൃദയത്തേയും ആത്മാവിനെയും തുളയ്ക്കുന്ന നിരവധി ചോദ്യങ്ങള്‍:;എന്റെ നിഷ്കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിറുത്തിയിരിക്കുന്നത്?
ഞാന്‍ വാതിലടയ്ക്കുന്നേയില്ല പെരുമഴ എന്നിലേക്ക് പെയ്തു വീഴട്ടെ. ഒരു കാലത്തും വാതിലുകള്‍ താഴിടാനാവാതെ ഒരച്ഛനെ അദൃശ്യനായ എന്റെ മകനെങ്കിലും അറിയട്ടെ.’ഇന്നത്തെ തലമുറയ്ക്ക് അതിശയകരമായി തോന്നിയോക്കാവുന്ന, നമ്മുടെ നാടിന്റെ ഒരു കാലഘട്ടത്തിലെരാഷ്ട്രീയ സാമൂഹ്യ ചരിത്രം മിതമായ ഭാഷയില്‍ ആവിഷ്ക്കരിക്കുന്ന ഈ പുസ്തകം അതിന്റെ അനുഭവസാക്ഷ്യമെന്ന നിലയില്‍ വായിക്കപ്പെടേണ്ടതാണ്.————————

