ബോബന് വരാപ്പുഴ
2024ല്‍, മാതൃഭൂമി ആഴ്ച്ചപതിപ്പിന്റെ തൊണ്ണൂറാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേകപതിപ്പില്‍ വന്ന അഭിമുഖത്തില്‍ എം.ടി. ഇങ്ങനെ പറയുന്നു: ‘….. സി.ജെ. തോമസിനെപ്പറ്റി റോസി തോമസ് എഴുതാന്‍ താത്പര്യം പറഞ്ഞു. വേണ്ടതു തന്നെ എന്നു തോന്നി. റോസി അയച്ചു തന്നത് വായിച്ചപ്പോള്‍ നന്നായി എന്ന് തോന്നി. നല്ല വായനക്കാരും ഉണ്ടായിരുന്നു…..’
ഇവന് എന്റെ പ്രിയ സി.ജെ. യുടെ ആമുഖത്തില്‍ റോസി തോമസ് എഴുതുന്നു…. ജൂലൈ 14 ന് അതായത് സി.ജെ യുടെ ചരമദിനത്തിനോടനുബദ്ധിച്ച്, മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധപ്പെടുത്തണമെന്ന ലക്ഷ്യം വച്ച്, ഇവന് എന്റെ പ്രിയ സി.ജെ, ശ്രീ. എം.ടി വാസുദേവന്‍ നായര്ക്കയച്ചു. ഒരു സാഹിത്യകാരിയാണെന്ന് അഭിമാനിക്കത്തക്കവണ്ണം ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ശ്രീ.വാസുദേവന്‍നായര്‍ ഒറ്റയിരിപ്പിന് ആ പുസ്തകം മുഴുവന്‍ വായിച്ച് ഉടനെതന്നെ എനിക്കെഴുതി. പുസ്തകം ആ സുഹൃത്തിന് ഇഷ്ടമായെന്നും സി.ജെ. ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ അംഗീകാരം കിട്ടുമായിരുന്നു എന്നും.
അങ്ങനെ ജൂലൈ 20 മുതല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ: പ്രസിദ്ധീകരിക്കാന്‍ തുടങ്ങി.
ഇവന് എന്റെ പ്രിയ സി.ജെ.എന്ന തലക്കെട്ട് സി.ജെ യുടെ ‘ഇവന് എന്റെ പ്രിയപുത്രന്’ എന്ന തലക്കെട്ടു മോഷ്ടിച്ചതാണ്…. കത്തോലിക്കക്കാരിയായ ഏതോ ഒരു റോസിയെ സ്വന്തമാക്കാന്‍ യാക്കോബായക്കാരനായ ഏതോ ഒരു തോമസ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചുവെന്ന് -കേള്‍ക്കുമ്പോള്‍ ഇന്നതൊരു സാധാരണ സംഭവം. അതിനെന്താ ….? എന്നേ ആരും ചോദിക്കു …. പക്ഷേ, റോസിയുടെ പിതാവ്. സഭ പണ്ട് തെമ്മാടിക്കുഴിയില്‍ അടക്കിയ സാക്ഷാല്‍ എം.പി.പോള്‍ ആണെങ്കിലോ ? അപ്പോള്‍ സംഭവത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും മാറി മറിയും….
അതെ , മലയാള ചെറുകഥാ സാഹിത്യത്തിനും ഗദ്യസാഹിത്യത്തിനും ലക്ഷണമൊത്ത ചരിത്രഗ്രന്ഥങ്ങള്‍ രചിച്ചു നല്കിയ അതേ എം.പി.പോള്‍ എന്ന ധിക്കാരി തന്നെ.
വിശ്വാസത്തിന്റെ മറവില്‍ ചൂഷണത്തിന്റെയും അധര്‍മ്മത്തിന്റെയും പാതയിലേക്ക് പിഴച്ചു പോയ സഭാതനയര്ക്കുനേരേ വിമര്‍ശനത്തിന്റെ പടവാളുയര്‍ത്തിയ ധിക്കാരിയായ ആ മഹാ സാഹിത്യകാരന്റെ സാഹിത്യകാരിയായ മകള്‍, തന്റെ കൗമാരപ്രായത്തില്‍ സംഭവിച്ചൊരു പ്രണയത്തിന്റെയും നീണ്ട കാത്തിരിപ്പിന്റേയും ജീവിത സമരങ്ങളുടെയും വെല്ലുവിളികളെ നേരിട്ട് ഒടുവില്‍ സാഫല്യം. ഇതിനിടയില്‍, സഭാ നേതൃത്വവുമായുള്ള കട്ടക്കലിപ്പിനെ തുടര്‍ന്ന് എം.പി പോള്‍, തന്റെ വിഖ്യാതമായ പോള്‍സ് കോളജ് കോട്ടയത്ത് ആരംഭിച്ച കാലത്തു തന്നെ സി.ജെ. അവിടെ ഇംഗ്ലീഷ് അധ്യാപകനായി ചേര്‍ന്നു. റോസി തോമസിന്റെ ശൈലിയില്‍ പറഞ്ഞാല്‍, സ്ഥാപനം, കോട്ടയത്തുനിന്ന് ചങ്ങനാശ്ശേരിയിലേക്ക് വലിച്ചു പറിച്ചു കൊണ്ടുവന്നപ്പോഴും കൂടേ പോന്നു. അന്ന് ഇന്റര്‍മീഡിയറ്റ് ഒരു പാര്‍ട്ടിന് തോറ്റു നില്ക്കുന്ന റോസിയും അവിടത്തെ വിദ്യാര്‍ഥിയായി.
അങ്ങനെയാണ് ഇവര്‍ക്കിടയിലെ പ്രണയം മൊട്ടിടാന്‍ ഇടയായത്. ആ അനശ്വര പ്രണയ രംഗങ്ങള്‍ ഒട്ടും മധു ചോരാതെ തന്നെ റോസി തോമസ് ആവിഷ്കരിക്കുമ്പോള്‍, കാലത്തിന് മുമ്പേ പിറന്ന ആ ജീവിത നിലപാടുകളും പുരോഗമനപരമായ ചിന്തപ്പാടുകളും ഒരു അതിശയമായി നമുക്കു മുമ്പില്‍ ഇതള്‍വിടര്‍ത്തും … ഒരര്‍ത്ഥത്തില്‍,
ജാക്കിനെയും റോസിനെയും പോലേ . പ്രണയത്തിന്റെ മധുരക്കിണര്‍ മനസിലൊളിപ്പിച്ച് …. നീ ആദ്യം …. എന്ന തത്വത്തില്‍ കുറച്ചു കാലം ജീവിച്ചു നോക്കി…. പ്രണയാവേശം താല്ക്കാലികമല്ലന്ന് മനസ്സ് പറഞ്ഞിട്ടും ഒരവസരത്തിനായി കാത്തിരിക്കാനും ഒരു സുഖമുണ്ടാകുമല്ലോ.
ഒരിക്കല്‍ മദ്രാസ് റേഡിയോയില്‍ ഒരു പരിപാടി അവതരിപ്പിക്കാന്‍ പോള്‍സാര്‍ പോയ നേരം. ആ പ്രഭാഷണം കേള്‍ക്കാന്‍ വീട്ടില്‍ അന്നുള്ള റേഡിയോ തകരാറിലാണ്. പ്രസംഗം കേള്‍ക്കാന്‍ ഷെപ്പേര്‍ഡ് സാറിന്റെ വീട്ടില്‍ പോയി. കൂടെ പോള്‍ സാറിന്റെ ടൈപ്പിസ്റ്റായ മറ്റൊരു സ്ത്രീയും….. പ്രസംഗമൊക്കെ കഴിഞ്ഞ് തിരിച്ച് ഇടവഴിയിലൂടെ വരുമ്പോള്‍ സി.ജെയും കോളജിലെ പ്യൂണും കൂടെയുണ്ട്. ടൈപ്പിസ്റ്റിനെ വീട്ടിലാക്കാന്‍ പ്യൂണ്‍ അവരോടൊപ്പം ഇടവഴി തിരിഞ്ഞു. ഞാനും സി.ജെയും ഇടവഴിയിലൂടെ രണ്ട് വശങ്ങളിലായി നടന്നു. എനിക്കാകെ ഭയമായി. വല്ലവരും കണ്ടാല്‍ എന്ത് വിചാരിക്കും.! സി ജെയ്ക്ക് എന്റെ വേവലാതി തികച്ചും മനസിലായെന്ന് തോന്നി. ഞാനൊന്നും മിണ്ടുന്നില്ല.
‘സൂക്ഷിച്ച് നിലത്ത് നോക്കി നടക്ക്. വേലിയോട് ചേര്‍ന്ന് നടന്നാല്‍ വല്ല കുന്തവുമൊക്കെയുണ്ടാവും. ‘
എന്റെ പൊന്നേ, ഞാനെന്റെ പ്രാണനേക്കാള്‍ നിങ്ങളെ സ്നേഹിക്കുന്നു. വാക്കുകള്‍ എന്റെ ഹൃദയത്തിലിരുന്നു ഞെരുങ്ങി. പുറത്തേക്ക് വന്നില്ല. പകരം ഞാന്‍ പറഞ്ഞു. ‘വീടടുത്തു, ചെന്നാല്‍ ഊണു കാത്തുവെച്ചിരിക്കുമല്ലോ, ല്ലേ.?’ ‘ഓ.. ഊണ് ‘ പിന്നെ ചക്കരക്കുട്ടനെന്തു വേണം ഹൃദയമോ ? ഞാനോര്‍ത്തു. പക്ഷേ, പറഞ്ഞതിതാണ്. ‘എന്നെ പോലുള്ള വയറികള്ക്ക് ഉണ്ണാതെ പറ്റില്ല. സാറു വല്ല തേനോ മറ്റോ ആയിരിക്കും കഴിക്കുന്നത് ?’
സി.ജെ. തികച്ചും നിശബ്ദനായി നടന്നു. വീടിന്റെ പടിയായി. ‘ഗുഡ് നൈറ്റ് ‘
അല്പം കിതപ്പോടേ ഞാന്‍ വീട്ടിലേക്ക് ഓടിക്കയറി.സി.ജെ എന്നെ അനുഗമിച്ചപ്പോള്‍ ഞാന്‍ തികച്ചും അദ്ഭുതപ്പെട്ടു. വീട്ടില്‍ വേണ്ടപ്പെട്ടവരാരും ഇല്ലാത്തപ്പോള്‍ അസമയത്ത് സി.ജെ ഒരിക്കലും അങ്ങനെ വരികയില്ല. മുറ്റത്തൊരു ഒട്ടുമാവ് പന്തലിച്ചു നില്‍പ്പുണ്ട്. അല്പം നിലാവുണ്ടായിരുന്നതായി ഓര്‍ക്കുന്നു. മാവിന്റെ ചാഞ്ഞ ശിഖരങ്ങള്‍, നിലത്ത് കെട്ടിമറിയുന്ന നിഴലുകള്‍.
‘കൊച്ചേ ‘ എന്റെ നേര്‍ക്ക് കൈകള്‍ നീട്ടി. ഞാന്‍ അറിയാതെ ആ കൈകളിലേക്ക് വഴുതിവീണു. ലക്കില്ലാത്തവനെ പോലേ സി.ജെ.എന്നെ ചുംബിച്ചു… നിമിഷങ്ങള്‍ കടന്നുപോയി. പെട്ടെന്ന് പരിസരമോര്മിച്ച് സി.ജെ. പടി കടന്ന് റോഡിലിറങ്ങി. ഞങ്ങള്‍ക്ക് പണ്ടത്തെ അഭിനയം തുടരാന്‍ പറ്റാതായി… പൊതുവേ , കൊച്ചേ എന്ന് റോസിയെ വിളിച്ചിരുന്ന സി.ജെ,പ്രേമ പരവശനായ നേരത്തെല്ലാം, റോസിയെ പച്ചക്കുതിരേയെന്ന് വിളിച്ചു. ആദ്യമായി അവര്‍ കാമുകനയച്ച പ്രണയലേഖനവും വ്യത്യസ്തമായി. പറമ്പില്‍ നിന്ന് തേടി പിടിച്ചൊരു വലിയ പച്ചക്കുതിരയെ തച്ചു കൊന്ന് അതിനെ ഒരു വെളള പേപ്പറില്‍ ഒട്ടിച്ച് കവറിലാക്കി അയച്ചു കൊടുത്തു. (ഇന്നായിരുന്നെങ്കില്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം അത് അകത്താകുന്ന കേസാകുമായിരുന്നു. )
മറ്റൊരിക്കല്‍ , ആലുവ യു.സി കോളേജില്‍ പഠിക്കുന്ന കാലത്ത് റോസി മറ്റൊരു നവോത്ഥാനത്തിനൊരുങ്ങി. സി.ജെയെ കാണണമെന്ന മോഹം നിയന്ത്രണാതീതമായപ്പോള്‍, ഷോപ്പിംഗിനെന്ന പേരില്‍ എറണാകുളത്തേക്കൊരു യാത്ര. ഉദ്ദേശസത്യം അറിയാവുന്ന പുരോഗമന വാദിയായ ഹോസ്റ്റല്‍ മേട്രനും രണ്ട് കൂട്ടുകാരികളും ഒപ്പമുണ്ട്. നിശ്ചിത നേരത്ത് എറണാകുളം ബോട്ട്ജെട്ടിയിലുള്ള ബഷീര്‍ ബുക്ക്സ്റ്റാളില് സി.ജെയെ കണ്ടില്ലെങ്കില്‍ കൊച്ചിക്കായലില്‍ ചാടി ആത്മാഹൂതി ചെയ്യുമെന്ന ഭീഷണിക്കത്ത് നേരത്തെ അയച്ചിരുന്നു. സി.ജെ ക്ക് ഏറ്റവും ഇഷ്ടമുള്ള പച്ച സാരിയും തലയില്‍ മുല്ല പൂവുമാലയും ചൂടി ചെല്ലുമ്പോള്‍, ഭാഗ്യം സി.ജെ. അവിടെ കാത്തു നില്‍പ്പുണ്ട്.
ബുദ്ധിമതിയും മര്യാദയുള്ളവളുമായ മേട്രന് ഒരു നിര്‍ദേശം മുന്നോട്ടു വച്ചു. ‘നിങ്ങള്‍ മ്യൂസില് പോയി ഊണും കഴിച്ചു തിരിച്ചു വന്ന് ഇവിടെ ഞങ്ങളെ കാത്താല്‍ മതി. മൂന്നു മണിക്കുള്ള ബസ്സിന് ആലുവയിലേക്ക് തിരിച്ചു പോകണം . ഞങ്ങളുടെ ഷോപ്പിംഗ് നടക്കട്ടെ…..: ഇതിനെല്ലാം മൂക സാക്ഷ്യം വഹിക്കുന്നയാള്‍ ചില്ലറക്കാരനല്ല. പിന്നീട് ലോക സാഹിത്യത്തോളം വളര്‍ന്ന മലയാളത്തിന്റെ സുല്‍ത്താന്‍ സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീര്‍. അപ്പോള്‍ എന്തായിരിക്കുമാ ആത്മഗതമെന്ന് റോസി തോമസ് കൃത്യമായി നിര്‍വചിക്കുന്നുണ്ട്.
‘അമ്പടീ … നീ മേട്രനേയും കൂട്ടുകാരികളേയും വശത്താക്കിക്കളഞ്ഞല്ലോ ‘ മ്യൂസ് ഹോട്ടലില്‍ ഊണു കഴിക്കാനിരിക്കുമ്പോള്‍ രണ്ടും പേരും ഒരു മീന്‍ കഷ്ണത്തില്‍ ഒപ്പം കൈവെച്ചു. മീന്‍ കഷ്ണം ഉടഞ്ഞുടഞ്ഞ് ചാറില്‍ ലയിച്ചിട്ടും രണ്ടു പേര്‍ക്കും കൈകള്‍ പാത്രത്തില്‍ നിന്ന് മാറ്റാന്‍ തോന്നിയില്ല അത്രക്ക് മധുരതരമായില്ല പിന്നിടങ്ങോട്ടുളള കാര്യങ്ങള്‍.
കത്തോലിക്കാ സഭാക്കാരായിരുന്നു കഥാനായിക, യാക്കോബായക്കാരനായിരുന്നു നായകന്. ഇന്നത്തെ കാലത്ത് ഇത്തരം വിവാഹങ്ങള്‍ ധാരാളം നടക്കുന്നു. വിശ്വാസപാരമ്പര്യങ്ങളുടെ ചിറകരിയാന്‍ ചരിത്രത്തിന് മുമ്പേ നടന്ന ആളായിട്ടും, യാക്കോബായ സഭയിലെ ഒരു പുരോഹിതന്റെ മകനായിട്ടും,(സി ജെയെ പുരോഹിതനാക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം) സി.ജെ.തോമസ് റോസി തോമസിനെ നേടിയെടുക്കാനായി മാത്രം വെന്തിങ്ങ ധരിച്ച് കത്തോലിക്കാ സമുദായത്തിലേക്ക് മാര്‍ക്കം കൂടി.
പ്രഹസനം…. വെറും പ്രഹസനം, താല്‍ക്കാലം കാര്യസാധ്യത്തിനായാണ് അത് ചെയ്തതെങ്കിലും റോസി തോമസിന് അതിനെയൊന്നും പിന്തുണക്കാനായില്ല. മറുത്തൊരു വാക്ക് പറയാനും കഴിഞ്ഞില്ല. സി.ജെ.യെ മരുമകനായി സ്വീകരിക്കാന്‍ സാക്ഷാല്‍ എം.പി പോള്‍ തന്നെ പരമാവധി വിമുഖനായിരുന്നു. സി.ജെ യുടെ വിദ്യഭ്യാസയോഗ്യതയോ , പ്രാപ്ത്തിയിലുള്ള സംശയമോ ആയിരുന്നില്ല അതിനു കാരണം. റോസിക്കു താഴെയുള്ള ആറ് പെണ്മക്കളേക്കൂടി അദ്ദേഹത്തിന് കൈപിടിച്ചു നല്‍കാനുണ്ടായിരുന്നു. മൂത്ത മകള്‍
പേര് ദോഷം വരുത്തി വച്ചാല്‍ …. എന്ന ആശങ്ക തീര്‍ച്ചയായും ഉണ്ടായിരുന്നിരിക്കണം.
ഏതു വിപ്ലവകാരിയും സാധാരണ ജീവിതത്തില്‍ സാധാരണ മനുഷ്യനായി മാറ്റപ്പെടുമല്ലോ.
അത്യന്തം ധീക്ഷണശാലിയായ ആ പിതാവ് മനസിലാക്കിയതു പോലേ മകള്‍ റോസി സി. ജെയെ മനസിലാക്കിയില്ല എന്ന നിഗമനത്തിനാണ് ബലം. എവിടെയും ഉറച്ചുനില്ക്കാതെ അവിടെയും ഇവിടെയുമായി നില്ക്കുന്ന സ്വഭാവക്കാരന്റെ ജീവിതത്തോടുള്ള വികലമായ കാഴ്ച്ചപാടിനെ റോസി തോമസ് തന്നെ ഏറ്റവും കുറ്റബോധത്തോടെ നിര്‍വചിക്കുന്നുണ്ട്. പുതിയ തീറ്റകള്‍ കാണുമ്പോള്‍ തിന്നുന്നത് ഉപേക്ഷിച്ച് ആട് അതിന് പിന്നാലെ പോകും പശുവാകട്ടെ താഴെ നോക്കി നിന്ന് കണ്മുമ്പില് കാണുന്ന പുല്ല് മുഴുവന്‍ തിന്നും. പല്ല് തേപ്പിനു ശേഷം നാക്ക് വടിക്കാന്‍ ഭാര്യ ഈര്‍ക്കില്‍ നല്‍കിയില്ലെങ്കില്‍ അന്ന് നാക്കു വടിയേ ഇല്ലെന്നുറപ്പിക്കുന്നത്ര മടിയനായ സി.ജെയെ എം..പി പോള്‍ നന്നായി മനസിലാക്കിയിരുന്നു.
പ്രതിഭയുടെ പൊന്‍ കതിരോനായി ഉദിച്ചു നില്‍ക്കുമ്പോഴും ഒരു മരുമകന് എന്ന നിലയില്‍ സി.ജെ ശോഭിക്കില്ലെന്ന് ആ പിതാവിന് ഉറപ്പായിരുന്നു.
നൈസര്‍ഗ്ഗികമായ സര്‍ഗാത്മകത നിറഞ്ഞുകവിയുന്നിടത്ത് സ്വന്തം ജീവതത്തോടുമാത്രമല്ല, കലാകാരന് ഉദാസീനനാകുന്നത്. വിഭ്രമജനകമെന്ന് മറ്റുള്ളവര്‍ക്ക് തോന്നിക്കുന്ന അലസതയിലേക്ക്, സ്ഥിരതയില്ലായ്മയിലേക്ക് അവന് കൂപ്പുകുത്തി ജീവിക്കും. താന്തോന്നിയെ പോലേ, ധിക്കാരിയെ പോലേ .. സ്വന്തം മകളുടെ ജീവിതത്തില്‍ വരാന്‍ സാധ്യതയുള്ള ഈ ദുരാവസ്ഥയെ എം.പി പോളെന്ന ദാര്ശനികന് മുന്‍കൂട്ടിക്കണ്ടു. അവസരങ്ങള്‍ സ്വര്‍ണ്ണത്തളികയില്‍ വച്ച് നിര്‍ലോഭം നല്കപ്പെട്ടിട്ടും, തൃപ്തിയാകാത്ത ഒരു മനസുമായി സി.ജെ തോമസ് ദേശാന്തരങ്ങള്‍ മുഴുവനും അലഞ്ഞു. ഒരു മണിക്കൂറിനപ്പുറമുള്ള അത്യാവശ്യങ്ങള്‍ക്കു പോലുമുള്ള മുന്‍കരുതല്‍ ശേഖരിച്ചു വെക്കാതെയുള്ള ഒരു പടപ്പുറപ്പാടായിരുന്നു ആ ജീവിതം.
സ്വന്തം ജീവിതത്തെ തമാശയായി കണ്ടു. അല്ലെങ്കില്‍ അതിന് കടുകോളം പ്രാധാന്യം കൊടുത്തില്ല. അപ്പന്റെ മരണ ശേഷം അദ്ദേഹത്തിന്റെ കൂത്താട്ടുകുളത്തെ വീട്ടിലെ അവസ്ഥ അതിനൊരു തെളിവാണ്. സി.ജെ യുടെ രാവിലയുള്ള കക്കൂസിലിരിപ്പ് ഒന്നര മണിക്കൂറാണെത്രെ.. തകര്‍ന്നു തരിപ്പണമായി കിടന്ന കക്കൂസ്റോസി തോമസ് ഒരിക്കല്‍ പണിക്കാരെ നിറുത്തി പൊളിച്ചു മാറ്റിയപ്പോള്‍, ചെറുതും വലുതുമായ ഇരുപത്തിയൊന്ന് വിഷ പാമ്പുകളെയാണെത്രെ അതില്‍ നിന്ന് കിട്ടിയത്….. ഇത്തരത്തിലുള്ള -സ്വന്തം കാര്യങ്ങളില്‍ അദ്ദേഹം പുലര്‍ത്തി വന്ന നിസംഗത, വൃത്തിയായി നടക്കുന്നതില്‍ കണ്ടെത്തിയ ഉന്മാദദത്തമായ മനോവ്യാപാരങ്ങള്‍ …. ഇതെല്ലാം പരിശോധിക്കുമ്പോള്‍ എം.പി പോളിന്റെ ദീര്‍ഘവീക്ഷണം എത്രമാത്രം കൃത്യതയാര്ന്നതായിരുന്നെന്ന് വ്യക്തമാകും.
അപ്പന്റെ ആ ഉല്‍കണ്ഠ അറിഞ്ഞിരുന്നിട്ടും തന്റെ പ്രണയ പാതയില്‍ അടിയുറച്ചു നിന്ന് മുന്നോട്ടു പോയതില്‍ റോസി തോമസും പിന്നിട് പശ്ചാത്തപിച്ചിരുന്നു. ‘നിങ്ങളെന്റെ മകളെ വശീകരിച്ചെടുത്തു’ എന്ന് കുറ്റപ്പെടുത്തിക്കൊണ്ട് അദ്ദേഹം സി.ജെ ക്ക് കത്തെഴുതിയിട്ടുണ്ട്.
നിന്നെ ശ്മശാനത്തിലേക്ക് അയക്കുന്നതു പോലേയാണ് താന്‍ ഈ വിവാഹത്തിന് സമ്മതിക്കുന്നതെന്ന് മകളോടും അദ്ദേഹം പറയുന്നുണ്ട്. വിവാഹ ദിവസം നിറഞ്ഞ കണ്ണുകളോടെ മകളെ പള്ളിയിലേക്ക് യാത്രയാക്കിയ എം.പി പോളിനെ ആശ്വസിപ്പിക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യ ആവശ്യപ്പെടുന്നത് തകഴി ശിവശങ്കരപ്പിള്ളയോടാണ്. 1951 ജനുവരി 8 നായിരുന്നു നാലു വര്‍ഷം നീണ്ട തീവ്ര അനുരാഗത്തിനൊടുവിലെ ആ ചരിത്ര വിവാഹം തിരുവനന്തപുരത്ത് നടന്നത്. ഒട്ടുമിക്ക സാഹിത്യകാരന്മാരും പങ്കെടുത്ത ആഘോഷ രാവില്‍ പി.ഭാസ്കരന് പാട്ടുപാടി. കല്യാണത്തിന് പള്ളിയിലെത്തിയ സി.ജെ യും റോസിയും, കത്തോലിക വൈദീകന്റെ അപ്രതീക്ഷിതമായ ഒരു വിചാരണയ്ക്കാണ് വിധേയരായത്. മതവും കമ്മ്യൂണിസവും എന്ന പുസ്തകമെഴുതിയ ആളാണ് സി.ജെയെങ്കില് മെത്രാനച്ചനെതിരെ കോടതിയില്‍ രണ്ട് അന്യായങ്ങള്‍ ഫയല്‍ ചെയ്തയാളാണ് വധുവിന്റെ പിതാവ്. പോരേ പൂരം.
അതൊക്കെ വിവരമില്ലാത്ത കാലത്ത് എഴുതി പോയതാണെന്ന് പറഞ്ഞ്, പല്ലുകള്‍ കൂട്ടി ഞെരിച്ചു കൊണ്ട് സി.ജെ വിനീതനായ കുഞ്ഞാടായി അഭിനയിക്കുന്നത് ആസ്വദിച്ച് ചിരി തൂകി റോസി അത് സാകൂതം നോക്കി നിന്നു. വിവാഹമെന്ന കൂദാശയെന്താണ് ? ഇണചേരാനുള്ള ലൈസന്‍സ് … എന്നാണ് പറയാന്‍ വന്നത്. പകരം പണ്ടെങ്ങോ സ്ക്കൂളില്‍ വച്ച് മന:പ്പാഠമാക്കിയ എന്തോ പറഞ്ഞു. താന്‍ ജനിച്ചു വളര്‍ന്ന സമുദായം എന്നൊരു മമത മാത്രമേ തന്നിലുണ്ടായിരുന്നുള്ളു…. അതും കൂടി നഷ്ടപ്പെട്ടു എന്നാണ് ഇതേക്കുറിച്ച് റോസി തോമസ് പറയുന്നത്.
തലച്ചോറില്‍ ക്യാന്‍സര്‍ ബാധിച്ച് സി.ജെ തോമസ് 1960 ജൂലൈ 14 ന് വെല്ലൂര്‍ അശുപത്രിയില്‍ വച്ച് അന്തരിച്ചു. സംസ്ക്കാരവും അവിടെ നടത്തി. 2009 ഡിസംബര്‍ 6 ന് ശ്രീമതി റോസി തോമസ് അന്തരിച്ചു. എറണാകുളം വരാപ്പുഴ പുത്തന്‍പള്ളി സെന്റ് ജോര്‍ജ് ദേവാലയ സെമിത്തേരിയില്‍ റോസി തോമസ് അന്ത്യവിശ്രമം കൊള്ളുന്നു.

