കൊച്ചി: ക്രൈസ്തവ മൂല്യങ്ങൾ വായനക്കാരിലേക്ക് കൂടുതലായി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ പ്രമുഖ ക്രൈസ്തവ പുസ്തക പ്രസാധകരെയും എഴുത്തുകാരെയും പങ്കെടുപ്പിച്ച് 2026 മെയ് 20 മുതൽ 24 വരെ എറണാകുളം സെന്റ് ഫ്രാൻസിസ് അസ്സീസ്സി കത്തീഡ്രൽ അങ്കണത്തിൽ വച്ച് സംഘടിപ്പിക്കുന്ന ‘ക്രിസ്റ്റോഗ്രാഫ’ പുസ്തകോത്സവത്തിന്റെ ലോഗോ വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ് ഡോ.ആന്റണി വാലുങ്കൽ പ്രകാശനം ചെയ്തു. കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ പ്രസിഡൻ്റ് ഡോ. ചാൾസ് ഡയസ് അധ്യക്ഷനായിരുന്നു.

കണ്ണൂർ രൂപത സഹായ മെത്രാൻ ബിഷപ് ഡോ. ഡെന്നിസ് കുറുപ്പശ്ശേരി,വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ.മാത്യു ഇലഞ്ഞിമറ്റം, ചാൻസലർ ഫാ. എബിജിൻ അറക്കൽ, കെഎൽസിഎ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ തോമസ്, കെഎൽസിഎച്ച്എ ജനറൽ സെക്രട്ടറി ഡോ.ഗ്രിഗറി പോൾ .കെ ജെ, കെ എൽ സി എ വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് റോയ് ഡിക്കുഞ്ഞ, കെഎൽസിഎച്ച്എ വൈസ് പ്രസിഡൻ്റ് ഇഗ്നേഷ്യസ് ഗൊൺസാൽവസ്, ട്രഷറർ ജോസഫ് ആഞ്ഞിപ്പറമ്പിൽ, എക്സിക്യൂട്ടീവ് അംഗം സിബി ജോയ് എന്നിവർ പ്രസംഗിച്ചു.

സഭാ സമുദായ സംഘടനാ നേതാക്കൾ, കെഎൽസിഎച്ച്എ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. അഞ്ചു ദിവസങ്ങളിലായി നടത്തപ്പെടുന്ന പുസ്തകോത്സവത്തിന്റെ സംഘാടകർ
കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ ആണ്. ഇന്ത്യയിലെ പ്രമുഖ പുസ്തക പ്രസാധകരുടെയും എഴുത്തുകാരുടെയും വിവിധ ഭാഷകളിലുള്ള അയ്യായിരത്തോളം പുസ്തകങ്ങൾ പുസ്തകോത്സവത്തിന് എത്തിച്ചേരും എന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാതാപിതാക്കൾ, അധ്യാപകർ, കുട്ടികൾ, മുതിർന്നവർ തുടങ്ങി എല്ലാ വിഭാഗങ്ങൾക്കും വമ്പിച്ച ഇളവുകളോടെ പുസ്തകങ്ങൾ വാങ്ങാൻ അവസരമുണ്ടാകും. സെമിനാറുകൾ, പുസ്തക പ്രകാശനങ്ങൾ, പ്രമുഖ വ്യക്തികളുടെ പ്രഭാഷണങ്ങൾ, സർഗ്ഗസംവാദങ്ങൾ സായാഹ്ന കലാപരിപാടികൾ തുടങ്ങിയവ പുസ്തകോത്സവ ദിനങ്ങളിൽ നടത്തപ്പെടുമെന്നും ഡയറക്ടർ മോൺ. റോക്കി റോബി കളത്തിൽ,പ്രസിഡൻ്റ് ഡോ. ചാൾസ് ഡയസ് എക്സ് എം പി,
ജനറൽ സെക്രട്ടറി ഡോ.ഗ്രിഗറി പോൾ .കെ ജെ എന്നിവർ അറിയിച്ചു.

