വത്തിക്കാൻ : തന്റെ ആത്മീയ പിതാവായ വിശുദ്ധ അഗസ്റ്റിന്റെ നാടായ അൾജീരിയയിൽ സന്ദർശനം പൂർത്തിയാക്കിയ ലിയോ പതിനാലാമൻ പാപ്പാ തന്റെ ആഫ്രിക്കൻ യാത്രയുടെ രണ്ടാമത്തെ ലക്ഷ്യസ്ഥാനമായ, കാമറൂണിലേക്ക്, യാത്ര തിരിച്ചു. അൾജീരിയയിൽ നിന്നും 4.014 കിലോമീറ്ററുകൾ അകലെയാണ് കാമറൂൺ സ്ഥിതി ചെയ്യുന്നത്. സമാധാനവും, അനുരഞ്ജനവുമാണ് പാപ്പായുടെ കാമറൂൺ സന്ദർശനത്തിൽ ഉയർത്തിപ്പിടിക്കുന്ന രണ്ടു പ്രധാനപ്പെട്ട ആശയങ്ങൾ. ഇത്, ലോഗോയിൽ, പാപ്പായുടെ ഔദ്യോഗിക വാക്യമായ “ഇൻ ഇല്ലോ ഊനോ ഊനും” എന്ന വാചകം ആലേഖനം ചെയ്തുകൊണ്ട്, “അവരെല്ലാവരും ഒന്നായിരിക്കണം” എന്ന യേശുവിന്റെ പ്രാർത്ഥനയുടെ വചന ഭാഗവും ഉദ്ധരിക്കുന്നു.
കാമറൂൺ വേദനയുടെയും, സന്തോഷത്തിന്റെയും ഇടം
പാരമ്പര്യങ്ങളും സംസ്കാരങ്ങളും കൊണ്ട് സമ്പന്നമായ, പൗരന്മാർക്കിടയിൽ ശക്തമായ ഒരു സമൂഹബോധം നിലനിൽക്കുന്ന രാഷ്ട്രമാണ് കാമറൂൺ. എന്നാൽ വേദനയുടെ അനുഭവങ്ങളും അവർക്ക് അന്യമല്ല. ആഴമേറിയതും ഗുരുതരവുമായ സാമ്പത്തിക പ്രതിസന്ധി, രാഷ്ട്രീയ അസ്ഥിരത, വടക്കുപടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ സൈന്യവും, വിഘടനവാദി ഗ്രൂപ്പുകളും തമ്മിലുള്ള ഒരു ദശാബ്ദക്കാലത്തെ ഏറ്റുമുട്ടലുകളുടെ ഫലങ്ങൾ, നൈജീരിയയുമായി അതിർത്തി പങ്കിടുന്ന വടക്ക് ഭാഗത്ത് ബോക്കോ ഹറാം തീവ്രവാദി സംഘടന നടത്തിയ അക്രമം എന്നിവയാൽ അടയാളപ്പെടുത്തിയ ഒരു ദേശം കൂടിയാണ് കാമറൂൺ.
1985 ലും 1995 ലും ജോൺ പോൾ രണ്ടാമനും 2009 ൽ ബെനഡിക്റ്റ് പതിനാറാമനും ശേഷം ലിയോ പതിനാലാമൻ പാപ്പാ, കാമറൂൺ മണ്ണിൽ കാലുകൾ കുത്തിയപ്പോൾ, സമാധാനത്തിന്റെ ദൂതൻ എന്ന നിലയിലാണ്, അദ്ദേഹത്ത ജനങ്ങൾ വരവേറ്റത്. ഭിന്നതകളും പിരിമുറുക്കങ്ങളും മറികടക്കാനുള്ള രാജ്യത്തിന്റെ യഥാർത്ഥ ആഗ്രഹത്തിന്റെ അടയാളമായി പാപ്പായെ വരവേറ്റുകൊണ്ട്, വഴിയോരങ്ങളിലും, പ്രധാന കവലകളിലും ഉയർന്ന ബാനറുകളും മറ്റും, സമാധാനത്തിനായുള്ള സാധാരണക്കാരായ ജനതയുടെ ആഗ്രഹമാണ് വെളിപ്പെടുത്തുന്നത്.
തലസ്ഥാനമായ യൗണ്ടെയിലാണ് പാപ്പാ, അൾജീരിയയിൽ നിന്നും എത്തിയതെങ്കിലും, ആ നാടിനു പുറമെ, ബമേണ്ടയും, ഗിനിയ ഉൾക്കടലിലെ ഒരു പ്രധാന തുറമുഖവും രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനവുമായ ഡുവാലയും പാപ്പാ ഈ ദിവസങ്ങളിൽ സന്ദർശിക്കും. സായുധ സേനയും സായുധ വിഘടനവാദ ഗ്രൂപ്പുകളും തമ്മിലുള്ള ഏറ്റുമുട്ടലുകൾക്ക് സാക്ഷ്യം വഹിക്കുന്ന ബമേണ്ടയിലേക്കു ഏപ്രിൽ പതിനാറിന് നടത്തിയ പാപ്പായുടെ സന്ദർശനത്തെ, അതിനുശേഷം സമാധാനം ഊട്ടിയുറപ്പിക്കുവാൻ സാധിക്കുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചത്.
അൾജീരിയയിൽ നിന്ന് കാമറൂണിലേക്ക്
ഏറെ ഹൃദയസ്പർശിയായ ഒരു യാത്രയയപ്പാണ്, പാപ്പായ്ക്ക് അവസാന നിമിഷത്തിൽ അൾജീരിയയിലെ വിമാനത്താവളത്തിൽ ലഭിച്ചതെന്ന് പറയാതിരിക്കുക വയ്യ. രാഷ്ട്രത്തിന്റെ തലവൻ, അതും ക്രൈസ്തവർ ഏതാനും ആയിരങ്ങൾ മാത്രമുള്ള രാജ്യത്തിന്റെ തലവൻ, പാപ്പായുടെ വിമാനം പറന്നുയരുന്നതുവരെ, കണ്ണ് ചിമ്മാതെ ആ വിമാനത്താവളത്തിൽ നോക്കി നിന്ന ചിത്രങ്ങൾ ചരിത്രത്തിൽ എക്കാലവും എഴുതി ചേർക്കപ്പെടും. പ്രാദേശിക സമയം, രാവിലെ 10.16 നു അൾജീരിയൻ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം, കാമറൂണിന്റെ തലസ്ഥാനമായ യൗണ്ടെയിൽ, പ്രാദേശിക സമയം ഉച്ചകഴിഞ്ഞു 14.57 നു എത്തിച്ചേർന്നു.
മാധ്യമപ്രവർത്തകരോട് പാപ്പാ
വിമാനത്തിൽ വച്ച് മാധ്യമപ്രവർത്തകരുമായി ഹ്രസ്വമായ ഒരു കൂടിക്കാഴ്ചയും പാപ്പാ നടത്തി. ‘അനുഗ്രഹിക്കപ്പെട്ട ഒരു സന്ദർശനം’ എന്നാണ്, അൾജീരിയൻ സന്ദർശനത്തെ പാപ്പാ വിശദീകരിച്ചത്. വ്യത്യസ്ത വിശ്വാസങ്ങളും പ്രാർത്ഥനാ രീതികളും, സമാധാനത്തോടെ ഒരുമിച്ചു വസിക്കുന്നതിൽ നിന്നും നമ്മെ തടയുന്നില്ല എന്നതിന് അൾജീരിയ മാതൃകയാണെന്ന് പാപ്പാ പറഞ്ഞു. ദൈവത്തെ അന്വേഷിക്കാനും സത്യം അന്വേഷിക്കാനുമുള്ള ക്ഷണം വിശുദ്ധ അഗസ്റ്റിൻ ഇന്നും നമുക്ക് നൽകുന്നുണ്ടെന്നും പരിശുദ്ധ പിതാവ് അടിവരയിട്ടു. മാധ്യമപ്രവർത്തകരുടെ സേവനങ്ങൾക്കും, അൾജീരിയൻ ഭരണാധികാരികൾക്കും പാപ്പാ പ്രത്യേകം നന്ദിയും അർപ്പിച്ചു.
കാമറൂണിൽ സ്വീകരണം
കാമറൂണിലെ വിമാനത്താവളത്തിൽ എത്തിയ പാപ്പായെ, വിമാനത്തിനുള്ളിൽ വച്ച് തന്നെ, അപ്പസ്തോലിക നൂൺഷ്യോ മോൺസിഞ്ഞോർ ജൊസെ അവേലിനോ ബിത്തെൻകൂർ, പ്രോട്ടോകോൾ ഉദ്യോഗസ്ഥൻ എന്നിവർ അഭിവാദ്യം ചെയ്തു. തുടർന്ന് വിമാനത്തിനു പുറത്തേക്ക് വന്ന പാപ്പായ്ക്ക് ഔദ്യോഗികമായ സ്വീകരണം നൽകി. കാമറൂണിന്റെ പ്രധാനമന്ത്രി, ജോസഫ് ഡിയോൺ ഹസ്തദാനം നൽകി പാപ്പായെ രാജ്യത്തേക്ക് ക്ഷണിച്ചു. രണ്ടു കുരുന്നുകൾ പാപ്പായ്ക്ക് ബൊക്കെയും നൽകി.
തുടർന്ന് രാജ്യത്തിന്റെ പ്രതിനിധികൾ പാപ്പായെ അഭിവാദ്യം ചെയ്തു. തദവസരത്തിൽ, ബാന്റിന്റെ അകമ്പടിയോടൊപ്പം ഒരു ബാലികയുടെ സ്വാഗതവാക്കുകളും ഏറെ ഹൃദ്യമായിരുന്നു. ചുവന്ന പരവതാനിയിലൂടെ, പാപ്പായും, പ്രധാനമന്ത്രിയും കടന്നു വന്നു, ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. വത്തിക്കാൻ ആന്തവും, കാമറൂൺ ആന്തവും ബാന്റ് സംഘം ആലപിച്ചു.
തുടർന്ന് വിമാനത്താവളത്തിൽ നിന്നും, 20,6 കിലോമീറ്ററുകൾ അകലെയുള്ള വടക്കൻ കുന്നിൻപുറങ്ങളിൽ തലയുയർത്തി നിൽക്കുന്ന ‘പാലസ് ഓഫ് യൂണിറ്റി’ യിലേക്ക് പാപ്പാ യാത്രയായി. കാമറൂൺ പ്രസിഡന്റ് പോൾ ബിയയുടെ ഔദ്യോഗിക വസതിയായ ഈ കൊട്ടാരം, കേവലം ഒരു കെട്ടിടത്തിനുമപ്പുറം ഒരു കോട്ടയാണ്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രാഷ്ട്രത്തലവനായ പോൾ ബിയയും, കത്തോലിക്കാ സഭയുടെ പരമാധികാരി ലിയോ പതിനാലാമൻ പാപ്പായും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുവാൻ ആ കുന്നിൻ ചരിവുകൾ ഒരുങ്ങിയിരിക്കുകയായിരുന്നു.
പ്രസിഡന്റുമായി കൂടിക്കാഴ്ച്ച
2025 ഒക്ടോബറിലെ വിവാദപരമായ തിരഞ്ഞെടുപ്പിലൂടെ എട്ടാം തവണയും അധികാരമേറ്റ പോൾ ബിയയുടെ ഭരണത്തിൻ കീഴിൽ, രാജ്യം വലിയ രാഷ്ട്രീയ പ്രക്ഷോഭങ്ങളിലൂടെ കടന്നുപോകുന്ന സമയത്താണ് പാപ്പായുടെ ഈ സന്ദർശനമെന്നത് ഈ പ്രാധാന്യം അർഹിക്കുന്നു.
പ്രസിഡൻഷ്യൽ ഗാർഡുകളുടെ അകമ്പടിയോടെ കൊട്ടാര മുറ്റത്തെത്തിയ പാപ്പായെ തുടർന്ന്, പ്രസിഡൻഷ്യൽ ക്യാബിനറ്റ് ഡയറക്ടർ, പ്രസിഡന്റിന്റെ ഔദ്യോഗിക ഓഫീസായ ‘ബ്യൂറോ ദു പ്രസിഡന്റിലേക്ക്’ (Bureau du Président) ആനയിച്ചു. അവിടെ പ്രസിഡന്റ് പോൾ ബിയയും പ്രഥമ വനിത ഷാന്റൽ ബിയയും പാപ്പയെ സ്വീകരിക്കാനായി കാത്തുനിന്നിരുന്നു. പ്രസിഡന്റ് പോൾ ബിയ തന്റെ കുടുംബാംഗങ്ങളെ പാപ്പായ്ക്ക് പരിചയപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണങ്ങൾക്കിടയിലും കുടുംബബന്ധങ്ങൾക്ക് കാമറൂൺ നൽകുന്ന പ്രാധാന്യം ഇവിടെ എടുത്തുപറയേണ്ടതാണ്. ഔദ്യോഗിക ഫോട്ടോയ്ക്ക് ശേഷം, കാമറൂണിലെ ജനങ്ങളോടുള്ള തന്റെ സ്നേഹവും സമാധാന സന്ദേശവും കുറിച്ചുകൊണ്ട് ലിയോ പതിനാലാമൻ പാപ്പാ കൊട്ടാരത്തിലെ സന്ദർശക പുസ്തകത്തിൽ ഒപ്പുവെച്ചു. തുടർന്ന് പ്രസിഡന്റും പാപ്പായും മാത്രമായി അടച്ചിട്ട മുറിയിൽ സ്വകാര്യ കൂടിക്കാഴ്ച നടത്തി. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ സമാധാനം, കാമറൂണിലെ രാഷ്ട്രീയ സ്ഥിതിഗതികൾ, മാനുഷിക മൂല്യങ്ങൾ എന്നിവ ചർച്ചാവിഷയമായി എന്ന് കരുതപ്പെടുന്നു.
കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും പരസ്പരം ഉപഹാരങ്ങൾ കൈമാറി. വത്തിക്കാന്റെ സമാധാന മുദ്രയുള്ള മെഡലുകൾ പാപ്പ പ്രസിഡന്റിന് നൽകിയപ്പോൾ, കാമറൂണിന്റെ തനതായ കലാവൈഭവം വിളിച്ചോതുന്ന ശില്പങ്ങൾ പ്രസിഡന്റ് പാപ്പയ്ക്ക് സമ്മാനിച്ചു.തുടർന്ന്, 7,8 കിലോമീറ്ററുകൾ അകലെയുള്ള, പ്രെസിഡെൻഷ്യൽ കൊട്ടാരത്തിലേക്ക്, നയതന്ത്ര ഉദ്യോഗസ്ഥരും, ഭരണ തലവന്മാരുമായുള്ള കൂടിക്കാഴ്ചയ്ക്കായി പാപ്പാ യാത്രയായി.
നയതന്ത്ര ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച
ശാലയിലെത്തിയ പാപ്പായോടൊപ്പം, പ്രസിഡന്റ് പോൾ ബിയയും പ്രഥമ വനിത ഷാന്റൽ ബിയയും ഉണ്ടായിരുന്നു. തുടർന്ന് പാപ്പായെ ഔദ്യോഗികമായി സ്വാഗതം ചെയ്തു. ശേഷം പ്രസിഡന്റ് പോൾ ബിയ ആമുഖ പ്രസംഗം നടത്തി. ലിയോ പതിനാലാമനിൽ നിന്നുള്ള പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം അദ്ദേഹം അടിവരയിട്ടു സംസാരിച്ചു. ഇന്നത്തെ ലോകം, ദാരിദ്ര്യം, വേദന, സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിവ സൃഷ്ടിക്കുന്ന പ്രതിസന്ധികളാലും സംഘർഷങ്ങളാലും നടുങ്ങുന്നുവെന്നും, അതിനാൽ, ആയുധങ്ങളുടെ ശബ്ദത്തിന് പകരം സംഭാഷണം നടത്തുകയും, യുദ്ധത്തിനായി നീക്കിവച്ചിരിക്കുന്ന വിഭവങ്ങൾ ജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കണമെന്നും അദ്ദേഹം എടുത്തു പറഞ്ഞു. കാമറൂൺ മതപരമായ സഹിഷ്ണുതയ്ക്ക് പേരുകേട്ടതാണെന്ന് ചൂണ്ടിക്കാട്ടിയ പ്രസിഡന്റ്, രാജ്യത്തിന്, പ്രത്യേകിച്ച് ആരോഗ്യ സംരക്ഷണത്തിലും വിദ്യാഭ്യാസത്തിലും നൽകിയ സംഭാവനകൾക്ക് കത്തോലിക്കാ സഭയോട് നന്ദിയർപ്പിക്കുകയും ചെയ്തു. തുടർന്ന്, പാപ്പാ തന്റെ സന്ദേശം നൽകി.
അനാഥമന്ദിരത്തിൽ അപ്പനടുത്ത വാത്സല്യത്തോടെ ലിയോ പതിനാലാമൻ പാപ്പാ
കൂടിക്കാഴ്ചയ്ക്കു ശേഷം, പാപ്പാ തന്റെ രണ്ടാമത്തെ കൂടിക്കാഴ്ച്ചയ്ക്കു വേദിയാകുന്ന, എൻഗുൾ സാംബ അനാഥമന്ദിരം സന്ദർശിക്കുന്നതിന് വേണ്ടി യാത്രയായി. 18 മാസം മുതൽ 20 വയസ്സ് വരെ പ്രായമുള്ള കുട്ടികളെയും യുവാക്കളെയും ഉൾക്കൊള്ളുന്ന ഈ മന്ദിരത്തിൽ, വിവിധ സാഹചര്യങ്ങളിൽ നിന്നുള്ളവരാണ് താമസിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട കുട്ടികൾ, കുറ്റകൃത്യങ്ങൾക്കോ മയക്കുമരുന്ന് ഉപയോഗത്തിനോ മറ്റ് സ്ഥാപനങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ട വിദ്യാർത്ഥികൾ, വൈകല്യമുള്ള കുട്ടികൾ എന്നിവരാണ് ഇവിടെ എറിയവരും. സാമ്പത്തികവും ഭൗതികവുമായ ബുദ്ധിമുട്ടുകൾ ദിനംപ്രതി നേരിടുന്ന ഈ ഭവനത്തിൽ പാപ്പാ നടത്തുന്ന സന്ദർശനം, സഭയുടെ മുഴുവൻ കാരുണ്യ മുഖം വെളിപ്പെടുത്തുന്നു. മറിയത്തിന്റെ പുത്രിമാർ എന്ന സന്യാസിനി സഭയുടേതാണ്, ഈ അനാഥ മന്ദിരം. പ്രധാന കവാടത്തിൽ എത്തിയ പാപ്പായെ, സഭയുടെ സുപ്പീരിയർ ജനറൽ സ്വീകരിച്ചുകൊണ്ട്, ഭവനത്തിലേക്ക് ആനയിച്ചു. പാപ്പാ കടന്നുവന്നപ്പോൾ, നിഷ്കളങ്കമായ ആർപ്പുവിളികളോടെ കുട്ടികൾ സ്വീകരിച്ചു.
“ഞങ്ങൾ അനാഥരല്ല… ഞങ്ങൾ ദൈവത്തിന്റെ മക്കളാണ്… സഭയാണ് ഞങ്ങളുടെ കുടുംബം… പരിശുദ്ധ പിതാവ് ഞങ്ങളുടെ പിതാവാണ്”, പ്രത്യാശ നിറഞ്ഞ ഭാവി എടുത്തു പറയുന്ന ഈ ഗാനത്തിന്റെ ഈരടികളോടെയാണ് പാപ്പായെ വരവേറ്റത്.
സുപ്പീരിയർ ജനറലായ മദർ റെജിൻ സിറിൽ എൻഗോണോ ബൗണൂൺഗോ, പാപ്പായെ ഔധ്യോഗികമായി സ്വീകരിച്ചുകൊണ്ട്, സ്വാഗതവാക്കുകൾ പറഞ്ഞു. ഓരോ കുട്ടിയെയും ഉത്തരവാദിത്തമുള്ള പൗരനും, അവർക്ക് ലഭിച്ച സ്നേഹത്തിലൂടെ നാളത്തെ സമൂഹത്തെ പരിവർത്തനം ചെയ്യാൻ കഴിവുള്ള ഒരു നല്ല ക്രിസ്ത്യാനിയുമാക്കി മാറ്റുക എന്നതാണ് തങ്ങൾക്ക് ലഭിച്ചിരിക്കുന്ന വിളിയെന്നു മദർ എടുത്തു പറഞ്ഞു. ഏറെ പരീക്ഷണങ്ങൾ ജീവിതത്തിൽ നേരിട്ടിട്ടുള്ള ഈ കുട്ടികൾ, പത്രോസിന്റെ പിൻഗാമിയെ മാത്രമല്ല, വെളിച്ചവും ആശ്വാസവും നൽകുന്ന ഒരു അപ്പനെയും പാപ്പയിൽ കാണുന്നുവെന്ന് അടിവരയിട്ടു.
തുടർന്ന്, വിവിധ ആളുകളുടെ സാക്ഷ്യങ്ങളും പങ്കുവച്ചു. മൂന്നു കുഞ്ഞുങ്ങൾ സാക്ഷ്യങ്ങൾ പങ്കുവച്ചപ്പോൾ, പാപ്പായുടെ പിതൃതുല്യമായ വാത്സല്യം ഏറെ പ്രകടമായിരുന്നു. തുടർന്ന് പാപ്പാ തന്റെ സന്ദേശം നൽകി. സന്ദേശത്തിനു ശേഷം, സമ്മാനങ്ങൾ കൈമാറുകയും, പ്രാർത്ഥന നടത്തി, തന്റെ അപ്പസ്തോലിക ആശീർവാദവും നൽകി.
കൂടിക്കാഴ്ചയ്ക്കുശേഷം, കാമറൂണിലെ മെത്രാന്മാരുമായുള്ള സ്വകാര്യ കൂടിക്കാഴ്ചയ്ക്കായി പാപ്പാ, മെത്രാൻ സമിതിയുടെ ഭരണ സിരാകേന്ദ്രത്തിലേക്ക് യാത്രയായി. അവിടെ മെത്രാൻ സമിതിയുടെ പ്രസിഡന്റ് പാപ്പായെ സ്വാഗതം ചെയ്തു. സംഭാഷണങ്ങൾക്ക് ശേഷം, പാപ്പാ അപ്പസ്തോലിക നൂൺഷ്യോയുടെ ഭവനത്തിലേക്ക് യാത്രയാകുകയും, അത്താഴം കഴിച്ച്, വിശ്രമിക്കുകയും ചെയ്തു.

