വത്തിക്കാൻ : ലിയോ പതിനാലാമൻ പാപ്പാ നടത്തുന്ന മൂന്നാമത്തേതും, ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കുള്ള ആദ്യത്തേതുമായ അപ്പസ്തോലികയാത്രയുടെ ആദ്യഭാഗമായി ആഫ്രിക്കയുടെ വടക്കുപടിഞ്ഞാറൻ പ്രദേശത്തുള്ള വിസ്തൃതമായ അൾജീരിയയിലാണ് പാപ്പാ എത്തിയത്. ഏപ്രിൽ 13 തിങ്കളാഴ്ച രാവിലെ വത്തിക്കാനിൽനിന്ന് പുറപ്പെട്ട പാപ്പാ പ്രാദേശികസമയം രാവിലെ ഒൻപതേമുക്കാലോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് രണ്ടേകാലോടെ അൾജീരിയയിലെത്തിയ പാപ്പായ്ക്ക് രാജ്യത്തെ രാഷ്ട്രീയ നേതൃത്വം ഔദ്യോഗിക വരവേൽപ്പ് നൽകി. തുടർന്ന്, ഏപ്രിൽ 13-ന് രാവിലെ, അൾജിയേഴ്സിലുള്ള മഖാം എഷാഹിദ് രക്തസാക്ഷി മണ്ഡപം സന്ദർശിച്ച പാപ്പാ, അവിടെയുണ്ടായിരുന്ന അയ്യായിരത്തോളം വരുന്ന ജനസമൂഹവുമായി സംവദിച്ചിരുന്നു. തുടർന്ന് രാജ്യത്തെ രാഷ്ട്രീയ, സാമൂഹിക, നയതന്ത്ര വിഭാഗങ്ങളുമായുള്ള കൂടിക്കാഴ്ചയും നടന്നു.
ഇതേദിവസം ഉച്ചകഴിഞ്ഞ് പരിശുദ്ധ പിതാവ് അൾജിയേഴ്സ് നഗരത്തിൽത്തന്നെയുള്ള വലിയ മോസ്ക്, ബാബ് എൽ ക്വെദിലുള്ള അഗസ്റ്റീനിയൻ സന്ന്യാസിനികളുടെ മഠം, “അവർ ലേഡി ഓഫ് ആഫ്രിക്ക” എന്ന പേരിൽ അറിയപ്പെടുന്ന, മാതാവിന്റെ നാമധേയത്തിൽ അൾജിയേഴ്സ് നഗരത്തിൽത്തന്നെയുള്ള ബസലിക്ക എന്നിവിടങ്ങളും സന്ദർശിച്ചു. ഈ ബസലിക്കയിൽ രാജ്യത്തെ ക്രൈസ്തവരുൾപ്പെടുന്ന സമൂഹത്തിനൊപ്പം ഒരു പ്രാർത്ഥനാസമ്മേളനവുമുണ്ടായിരുന്നു. ഏപ്രിൽ 13 തിങ്കളാഴ്ച രാത്രി അൾജിയേഴ്സിലുള്ള അപ്പസ്തോലിക നൂൺഷ്യേച്ചറിലാണ് പരിശുദ്ധ പിതാവ് വിശ്രമിച്ചത്.
അൾജീരിയയിലെ രണ്ടാം ദിനം
ഏപ്രിൽ 14 ചൊവ്വാഴ്ച രാവിലെ അൾജിയേഴ്സിൽനിന്ന് 440 കിലോമീറ്ററുകൾ അകലെ, വിശുദ്ധ അഗസ്റ്റിന്റെ സ്മരണയുണർത്തുന്നതും മുൻപ് ഹിപ്പോ എന്ന പേരിൽ അറിയപ്പെട്ടിരുന്നതുമായ ഇന്നത്തെ അന്നബാ എന്ന നഗരത്തിലേക്ക് പാപ്പാ യാത്ര ചെയ്തു. അന്നബായിലെത്തിയ പാപ്പാ, ഹിപ്പോയുടെ പുരാതനവശിഷ്ടങ്ങൾ ഉള്ളയിടത്ത് പ്രാർത്ഥിക്കുകയും പുഷ്പങ്ങൾ അർപ്പിക്കുകയും ചെയ്തു.
അന്നബായിൽ വിശുദ്ധ അഗസ്റ്റിന്റെ പേരിലുള്ള ബസലിക്കയിൽ വിശുദ്ധ ബലിയർപ്പിക്കാനായിരുന്നു പാപ്പാ ഇവിടേക്കെത്തിയത്. അന്നബായിലെത്തിയ പരിശുദ്ധ പിതാവ് “പാവപ്പെട്ടവരുടെ കൊച്ചുസഹോദരിമാർ” എന്ന പൊന്തിഫിക്കൽ സമൂഹത്തിലെ സന്ന്യാസിനിമാർ നടത്തുന്ന വയോധികമന്ദിരം സന്ദർശിക്കുകയും, തുടർന്ന് അഗസ്റ്റീനിയൻ സന്ന്യാസസമൂഹത്തിന്റെ ഭവനത്തിലെത്തി സമൂഹാംഗങ്ങളുമായി സ്വകാര്യകൂടിക്കാഴ്ച നടത്തുകയും ഉച്ചഭക്ഷണത്തിന് ശേഷം വിശ്രമിക്കുകയും ചെയ്തിരുന്നു.
സെന്റ് അഗസ്റ്റിന്റെ നാമത്തിലുള്ള ബസലിക്ക
1881-നും 1907-നും ഇടയിൽ പണിചെയ്യപ്പെട്ട അന്നബായിലെ വിശുദ്ധ അഗസ്റ്റിന്റെ നാമത്തിലുള്ള ബസലിക്കയിൽ ശുശ്രൂഷ ചെയ്യുന്നത് ആഫ്രിക്കയിൽനിന്നുതന്നെയുള്ള മൂന്ന് അഗസ്റ്റീനിയൻ സമർപ്പിതരാണ്. അൾജിയേഴ്സ് അതിരൂപതാദ്ധ്യക്ഷനായിരുന്ന ആർച്ച്ബിഷപ് ചാൾസ് മാർസ്യാൽ അലെമാ ലവിഷെരീയുടെ ആഗ്രഹപ്രകാരം പണിചെയ്യപ്പെട്ട ഈ ദേവാലയത്തെ പത്താം പിയൂസ് പാപ്പാ 1914 ഏപ്രിൽ 24-ന് ബസലിക്കയായി ഉയർത്തി വിശുദ്ധ അഗസ്റ്റിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചിത്രങ്ങളുള്ള ചില്ലുജാലകങ്ങൾ ഈ ദേവാലയത്തെ മനോഹരമാക്കുന്നുണ്ട്. വിശുദ്ധ അഗസ്റ്റിന്റെ വലതുകൈയ്യുടെ ഒരു ഭാഗമടങ്ങുന്ന തിരുശേഷിപ്പും ഈ ദേവാലയത്തിലുണ്ട്. എട്ടാം നൂറ്റാണ്ടുമുതൽ വിശുദ്ധന്റെ ഭൗതികശരീരം സൂക്ഷിക്കപ്പെടുന്ന ഇറ്റലിയിലെ പവിയയിൽനിന്ന് അൾജിയേഴ്സിന്റെ ആദ്യ മെത്രാനായിരുന്ന അഭി. അന്ത്വാൻ അഡോൾഫ് ദ്യുപുഹിന്റെ അഭ്യർത്ഥനപ്രകാരമാണ് 1842-ൽ ഈ തിരുശേഷിപ്പ് ഇവിടെ എത്തിക്കപ്പെട്ടത്.
വെറുമൊരു പ്രാർത്ഥനാലയം എന്നതിനേക്കാൾ, വിവിധ മതവിശ്വാസികൾ എത്തിച്ചേരുന്ന ഒരിടം കൂടിയാണ് ഈ ബസലിക്ക. വർഷം തോറും ഇസ്ലാം മതവിശ്വാസികളും യഹൂദരും ഉൾപ്പെടെ പതിനെണ്ണായിരത്തിലധികം തീർത്ഥാടകരാണ് ഇവിടം സന്ദർശിക്കുന്നത്. 2013 ഒക്ടോബർ 23-നാണ് ഈ ദേവാലയത്തിന്റെ അറ്റകുറ്റപ്പണികളും പുനരുദ്ധാരണപ്രവർത്തനങ്ങളും പൂർത്തിയായത്. ഈ പ്രദേശത്തുള്ള ചെറിയ ക്രൈസ്തവസമൂഹത്തിനായി എല്ലാ വെള്ളിയാഴ്ച്ചയും ഇവിടെ വിശുദ്ധ കുർബാനയർപ്പണമുണ്ട്.
ലിയോ പാപ്പായുടെ അൾജീരിയയിലെ പ്രഥമ വിശുദ്ധ ബലിയർപ്പണം
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നേകാലോടെ അഗസ്റ്റീനിയൻ സന്ന്യാസസമൂഹത്തിൽനിന്ന് തൊട്ടടുത്തുള്ള ബസലിക്കയുടെ സങ്കീർത്തിയിൽ പരിശുദ്ധ പിതാവ് എത്തി. ടുണീഷ്യ, ഉഗാണ്ട, ബ്രസീൽ തുടങ്ങി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരത്തി അഞ്ഞൂറോളം വിശ്വാസികളാണ് പരിശുദ്ധ പിതാവിന്റെ ബലിയർപ്പണത്തിൽ പങ്കെടുക്കാനെത്തിയിരുന്നത്. സഭാപണ്ഡിതനും മെത്രാനുമായിരുന്ന വിശുദ്ധ അഗസ്റ്റിന്റെ പേരിലുള്ള നേർച്ചക്കുർബാനയാണ് വിശുദ്ധന്റെ സ്മരണയുറങ്ങുന്ന അന്നബായിലെ ബസലിക്കയിൽ പാപ്പാ അർപ്പിച്ചത്. വിശുദ്ധബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധ യോഹന്നാന്റെ സുവിശേഷം മൂന്നാം അദ്ധ്യായം ഏഴ് മുതൽ പതിനഞ്ച് വരെയുള്ള തിരുവചനങ്ങൾ ആധാരമാക്കി പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണം നടത്തി.
വിശുദ്ധ ബലിയർപ്പണത്തിന്റെ അവസാനഭാഗത്ത്, കോൺസ്റ്റന്റൈൻ രൂപതാദ്ധ്യക്ഷൻ ബിഷപ് മിഷേൽ ഗിയ്യോ അൾജീരിയയിലെ സഭയുടെ പേരിൽ പരിശുദ്ധ പിതാവിന് നന്ദി പറഞ്ഞു. അഗസ്റ്റീനിയൻ സന്ന്യാസസഭാംഗമായ പാപ്പായെ, വിശുദ്ധ അഗസ്റ്റിന്റെ സ്മരണയും അദ്ധ്യാത്മികതയും ജീവിക്കുന്ന ക്രൈസ്തവരുൾപ്പെടുന്ന അൾജീരിയൻ ജനത ഏറെ നാളായി കാത്തിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം പ്രസ്താവിച്ചു.
അൾജീരിയൻ ജനത തനിക്കേകിയ സ്നേഹത്തിനും കരുതലിനും നന്ദി പറഞ്ഞ പാപ്പാ, ദൈവം എല്ലാ മനുഷ്യരുടെയും പിതാവാണെന്ന് ഓർമ്മിപ്പിച്ചു. അഹങ്കാരം വെടിഞ്ഞ് എളിമയോടെ അവനിലേക്ക് തിരിയാമെന്നും, അവനിൽ സമാധാനം കണ്ടെത്താമെന്നും, പരസ്പരസഹോദര്യത്തിൽ ജീവിക്കാമെന്നും പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു.
വടക്കേ ആഫ്രിക്കയിലെ മൗറീഷ്യസ്, അൾജീരിയ, ടുണീഷ്യ, ചാഡ് എന്നീ രാജ്യങ്ങൾക്കുവേണ്ടിയുള്ള ആംഗ്ലിക്കൻ മെത്രാൻ അഭിവന്ദ്യ ആഷ്ലി നൾ വിശുദ്ധബലിയർപ്പണസമയം ദേവാലയത്തിലുണ്ടായിരുന്നു.
അന്നബായിൽനിന്ന് അൾജിയേഴ്സിലെക്ക്
വിശുദ്ധ അഗസ്റ്റിന്റെ നാമത്തിലുള്ള ബസലിക്കയിലെ വിശുദ്ധബലിയർപ്പണത്തിന് ശേഷം വൈകുന്നേരം അഞ്ചരയോടെ അവിടെനിന്ന് 13 കിലോമീറ്ററുകളോളം അകലെയുള്ള അന്നബാ റാബാ ബിതാത് അന്താരാഷ്ട്രവിമാനത്താവളത്തിലെത്തിയ പാപ്പാ അൾജിയേഴ്സ് ലക്ഷ്യമാക്കി യാത്രയായി, 440 കിലോമീറ്ററുകൾ സഞ്ചരിച്ച് വൈകുന്നേരം ഏഴേകാലോടെ അൾജിയേഴ്സിലുള്ള ഹുവാരി ബുമേദിയേൻ അന്താരാഷ്ട്രവിമാനത്താവളത്തിലെത്തി പരിശുദ്ധ പിതാവിനെ സ്വാഗതം ചെയ്യാൻ പ്രാദേശിക അധികാരനേതൃത്വം കാത്തുനിന്നിരുന്നു. തുടർന്ന് അവിടെനിന്ന് 25 കിലോമീറ്ററുകളോളം അകലെയുള്ള അപ്പസ്തോലിക നൂൺഷ്യേച്ചറിലേക്ക് പാപ്പാ കാറിൽ യാത്രയായി. ഏതാണ്ട് എട്ടുമണിയോടെ അവിടെയെത്തിയ പാപ്പാ അത്താഴം കഴിച്ച ശേഷം വിശ്രമിച്ചു.
അൾജീരിയയിലെ അവസാനദിനം
ലിയോ പതിനാലാമൻ പാപ്പായുടെ മൂന്നാം അപ്പസ്തോലികയാത്രയുടെ ആദ്യപാദമായ അൾജീരിയയിലെ അവസാനദിവസമായ ഏപ്രിൽ 15 ബുധനാഴ്ച ആരംഭിച്ചത് രാവിലെ ഏഴരയ്ക്ക് നൂൺഷ്യേച്ചറിൽ അർപ്പിച്ച വിശുദ്ധ ബലിയോടെയാണ്. തുടർന്ന് ഒൻപത് മണിയോടെ അപ്പസ്തോലിക നൂൺഷ്യേച്ചറിൽനിന്ന് യാത്രപറഞ്ഞിറങ്ങിയ പാപ്പാ, ഈ അപ്പസ്തോലികയാത്രയുടെ രണ്ടാം പാദമായ കാമറൂണിലേക്ക് പോകുന്നതിനായി എയർപോർട്ടിലേക്ക് യാത്രയാകുന്നതിന് മുൻപായി, മദർ തെരേസ സന്ന്യസ്തസമൂഹം നടത്തുന്ന “അവർ ലേഡി ഓഫ് ആഫ്രിക്ക” നഴ്സറിയും സന്ദർശിച്ചു. ഒൻപതേമുക്കാലിന് പാപ്പാ അൾജിയേഴ്സിലുള്ള ഹുവാരി ബുമേദിയേൻ അന്താരാഷ്ട്രവിമാനത്താവളത്തിലെത്തി.
അൾജീരിയയോട് വിടപറഞ്ഞ് കാമറൂണിലേക്ക്
വിമാനത്താവളത്തിലെത്തിയ പാപ്പായെ പ്രസിഡന്റ് അബ്ദൽമജീദ് തെബ്ബൂൻ വിശിഷ്ടാതിഥികൾക്കായുള്ള ശാലയിൽ സ്വീകരിച്ചു. തുടർന്ന് നടന്ന ചെറിയൊരു സ്വകാര്യകൂടിക്കാഴ്ചയ്ക്ക് ശേഷം പരിശുദ്ധപിതാവിന് രാജ്യം ദേശീയഗാനാലാപനമുൾപ്പെടെ ഔദ്യോഗികബഹുമതികളോടെ യാത്രയയപ്പ് നൽകി. ഇരു പ്രതിനിധിസംഘങ്ങളും പരസ്പരം നന്ദി പറഞ്ഞു. തുടർന്ന് രാവിലെ 10.10-ന് ഇറ്റലിയുടെ ഈത്ത എയർവെയ്സിന്റെ വിമാനത്തിൽ, 4.014 കിലോമീറ്ററുകൾ അകലെയുള്ള കാമറൂണിലെ യൗന്തേയിലേക്ക് പരിശുദ്ധ പിതാവ് യാത്രയായി. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് പരിശുദ്ധ പിതാവ് യൗന്തേയിലെ യൗന്തേ ൻസിമാലൻ അന്താരാഷ്ട്രവിമാനത്താവളത്തിലെത്തിയത്.
