വത്തിക്കാൻ : ഏപ്രിൽ മാസം പതിനൊന്നാം തീയതി, ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് വത്തിക്കാനിലെവിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ലിയോ പതിനാലാമൻ പാപ്പായുടെ നേതൃത്വത്തിൽ നടന്ന സമാധാനത്തിനു വേണ്ടിയുള്ള ജാഗരണ പ്രാർത്ഥന, ലോകസമാധാനത്തിനുവേണ്ടിയുള്ള ശക്തമായ ആഹ്വാനവും പ്രാർത്ഥനയുമായി മാറി.
പ്രാർത്ഥനാ ജാഗരണത്തിൽ കർദ്ദിനാളൻമാർ, മെത്രാൻമാർ, വൈദീകർ, സന്യസ്തർ, അല്മായർ തുടങ്ങി തുടങ്ങി പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷകണക്കിന് വിശ്വാസികൾ മാധ്യമങ്ങളിലൂടെയും തത്സമയം പ്രാർത്ഥനയിൽ പങ്കു ചേർന്നു.
ഇത് സമാധാനത്തിൻ്റെ സമയമാണെന്നും, ആയുധമെടുക്കാനും ആക്രമിക്കാനുമുള്ള ആലോചനകൾക്കപ്പുറം, പരസ്പര സംഭാഷണത്തിൻ്റെയും മധ്യസ്ഥതയുടെയും മേശയിലൊന്നിച്ചിരിക്കണമെന്നും രാഷ്ട്രനേതാക്കളോട് പാപ്പാ ആഹ്വാനം ചെയ്തു.
യുദ്ധത്തിന്റെ യുക്തിയെ എതിർക്കുന്നത് തെറ്റിദ്ധാരണയ്ക്കും അവഗണനയ്ക്കും ഇടയാക്കിയാലും, സമാധാനത്തിനായി നിലകൊള്ളുന്നതിൽ നിന്ന് സഭ പിന്മാറില്ലെന്ന് പാപ്പാ വ്യക്തമാക്കി.
കുട്ടികളുടെ നിലവിളിക്ക് ലോകം കാതോർക്കണമെന്ന് പാപ്പാ ലോകത്തോട് അഭ്യർത്ഥിച്ചു.സംഘർഷ മേഖലകളിലെ കുട്ടികളിൽ നിന്ന് എണ്ണമറ്റ കത്തുകൾ തനിക്ക് ലഭിക്കുന്നുണ്ടെന്നും, നിഷ്കളങ്കതയുടെ കണ്ണിലൂടെ നോക്കുമ്പോൾ, മുതിർന്നവർ അഭിമാനത്തോടെ വീമ്പിളക്കുന്ന പ്രവൃത്തികളുടെ ഭീകരതയും മനുഷ്യത്വരാഹിത്യവും ആ കത്തുകളിൽ കാണാമെന്ന് പാപ്പാ വേദനയോടെ പങ്കുവെച്ചു.
“യുദ്ധം മതിയാക്കാം; ലോകത്തിൽ ജീവനെ സംരക്ഷിക്കുകയും പോഷിപ്പിക്കുകയും ചെയ്യുക എന്നതാണ് യഥാർത്ഥ ശക്തി; യുദ്ധം വിഭജിക്കുന്നു; പ്രത്യാശ ഒന്നിപ്പിക്കുന്നു. അഹങ്കാരം ചവിട്ടിമെതിക്കുന്നു; സ്നേഹം ഉയർത്തുന്നു” സന്ദേശത്തിൽ മാർപാപ്പ ഓർമ്മിപ്പിച്ചു.
സമാധാനത്തിനുള്ള വേണ്ടിയുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗം നിരന്തരമായ പ്രാർത്ഥനയാണെന്നതായിരുന്നു പാപ്പായുടെ മുഖ്യസന്ദേശം. “പ്രാർത്ഥിക്കുന്നവർ തങ്ങളുടെ പരിമിതികളെക്കുറിച്ച് ബോധവാന്മാരാണ്; അവർ കൊല്ലുകയോ മരണഭീഷണി മുഴക്കുകയോ ചെയ്യുന്നില്ല” അദ്ദേഹം പറഞ്ഞു.
രാഷ്ട്രനേതാക്കൾക്ക് മാത്രമല്ല, ഓരോ വ്യക്തിക്കും സമാധാനത്തിനായുള്ള ഉത്തരവാദിത്വമുണ്ടെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. വാക്കുകൊണ്ട് മാത്രമല്ല, പ്രവൃത്തികൊണ്ടും യുദ്ധത്തെ തള്ളിക്കളയണം. നമ്മുടെ വീടുകളിലും സ്കൂളുകളിലും സമൂഹങ്ങളിലും ദിനംപ്രതി സമാധാനത്തിന്റെ ഇടം കെട്ടിപ്പടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സുഖപ്പെടുത്തുകയും നവചൈതന്യത്തോടെ കണ്ടുമുട്ടുകയും ചെയ്യുന്ന പ്രക്രിയകൾ ധൈര്യത്തോടെയും സർഗാത്മകതയോടെയും ആരംഭിക്കാൻ തയ്യാറായ സമാധാനസ്ഥാപകരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും ആവശ്യമുണ്ട് എന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും സന്ദേശത്തിൽ ഉൾപ്പെടുത്തി.
ജപമാലയും പരമ്പരാഗതമായ പ്രാർത്ഥനകളും ആവർത്തിച്ച് ഉരുവിടുന്നതുപോലെ സമാധാനവും പടിപടിയായി വളരുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഓരോ സമൂഹവും ‘സമാധാന ഭവനം’ ആകണമെന്നും ആഹ്വാനം ചെയ്തു.
ആയുധങ്ങളില്ലാതെ മരണത്തെ ജയിച്ച ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സമാധാനം എല്ലാവരിലും ഉണ്ടാകട്ടെയെന്ന് ആശംസിച്ചുകൊണ്ട് സമാധാന പ്രാർത്ഥനയോടെ ജാഗരണം സമാപിച്ചു.

