വാഷിംഗ്ടൺ : പുതിയനിയമത്തിലെ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ലോകപ്രശസ്ത സീരീസ് ‘ദ ചോസൺ’ന്റെ ആറാമത്തെ സീസൺ നവംബർ 15ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ. ‘ആമസോൺ പ്രൈം’ വീഡിയോയിലൂടെയാണ് പരമ്പര റിലീസ് ചെയ്യുകയെന്ന് 5&2 സ്റ്റുഡിയോയും പ്രൈമും ഏപ്രിൽ 3ന് പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആറാം സീസൺ ദുഃഖവെള്ളിയാഴ്ചയുടെ 24 മണിക്കൂറുകളെ ചിത്രീകരിക്കുന്നതാണ്. ക്രിസ്തുവിന്റെ കുരിശുമരണത്തിൽ അവസാനിക്കുന്ന വിധത്തിലാണ് സീരീസ് തയാറാക്കിയിരിക്കുന്നത്.
കഥയുടെ ഈ ഭാഗത്ത് എന്താണ് സംഭവിച്ചതെന്ന് പലർക്കും അറിയാം, പക്ഷേ അത് എന്തുകൊണ്ട് സംഭവിച്ചു എന്നോ ആ 24 മണിക്കൂർ എത്ര പ്രധാനമായിരുന്നുവെന്ന് എല്ലാവർക്കും മനസ്സിലാകുന്നില്ലായെന്നും അത് അവതരിപ്പിക്കുവാനാണ് ശ്രമിക്കുന്നതെന്നും സംവിധായകനായ ഡാളസ് ജെങ്കിൻസ് പറഞ്ഞു. കഥ വളരെ ശക്തമായിരുന്നതിനാൽ ഇത് ഒരു ടിവി പരമ്പരയുടെ ഭാഗമായി മാത്രമല്ല, തിയേറ്ററുകൾക്കായുള്ള ഒരു പൂർണ്ണ സിനിമയായും കാണണമെന്ന് തങ്ങൾക്ക് തോന്നിയെന്നും അതിനാൽ തങ്ങൾ തുടക്കം മുതൽ തന്നെ ആസൂത്രണം ചെയ്യുകയായിരിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ദി ചോസൺ” സീസൺ ആറിൽ ആകെ ആറ് എപ്പിസോഡുകൾ ഉൾപ്പെടും. അതിൽ ആദ്യ മൂന്ന് എപ്പിസോഡുകൾ നവംബർ 15ന് അവതരിപ്പിക്കും. തുടർന്ന് ഡിസംബർ 6 വരെ പ്രതിവാര എപ്പിസോഡ് എന്ന നിലയിൽ റിലീസ് ചെയ്യും. പരമ്പരയിലെ അവസാന ഭാഗം 2027 വസന്തകാലത്ത് തീയേറ്റർ റിലീസായിട്ടായിരിക്കും പുറത്തുവിടുക. ക്രിസ്തുവിന്റെ പരസ്യജീവിതത്തെ കേന്ദ്രമാക്കി പൂർണ്ണമായും ക്രൌഡ് ഫണ്ടിംഗിലൂടെ നിർമ്മിച്ച ദ ചോസൺ ലോകത്ത് ഏറ്റവുമധികം ആളുകൾ കണ്ടിട്ടുള്ള പരമ്പരകളിൽ ഒന്നാണ്. ഏതാണ്ട് 60 കോടി ആളുകളാണ് ഈ പരമ്പരയ്ക്കു പ്രേക്ഷകരായിട്ടുള്ളത്.

