വത്തിക്കാന്‍: തന്റെ കുട്ടിക്കാലത്തെ പഴയ കൂട്ടുകാരെ നേരില്‍ക്കണ്ട സന്തോഷത്തില്‍ ലെയോ പതിനാലാമന്‍ പാപ്പ. സൗത്ത് ചിക്കാഗോയിലെ സെന്റ് മേരി ഓഫ് ദ അസംപ്ഷന്‍ സ്കൂളില്‍ തന്റെ കൂടെ എട്ടാം ക്ലാസ്സില്‍ പഠിച്ച സഹപാഠികളുമായാണ് പാപ്പ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തിയത്.
1969-ല്‍ സെന്റ് മേരി സ്കൂളില്‍ പാപ്പയോടൊപ്പം പഠിച്ചിരുന്ന 82 വിദ്യാര്‍ഥികളില്‍ പത്തുപേരാണ് മാര്‍ച്ച് 18-ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു സമീപം അദ്ദേഹത്തെ കാണാനെത്തിയത്. പഴയ തമാശകള്‍ പങ്കുവെച്ചും പരസ്പരം സമ്മാനങ്ങള്‍ കൈമാറിയും ഹസ്തദാനം നല്‍കിയും അവര്‍ ആ നിമിഷങ്ങള്‍ ആഘോഷമാക്കി. കൂടിക്കാഴ്ചയ്ക്കിടെ, 1969-ലെ തങ്ങളുടെ ക്ലാസ് ഫോട്ടോ സഹപാഠികള്‍ പാപ്പയ്ക്ക് സമ്മാനിച്ചു. 50 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഒരുമിച്ച് ഗ്രൂപ്പ് ഫോട്ടോ എടുത്തപ്പോള്‍ അദ്ദേഹം ആ പഴയ ചിത്രം ഉയര്‍ത്തിപ്പിടിച്ചിരുന്നു.
പഴയ ഫോട്ടോയിലെ കൊച്ചു റോബര്‍ട്ട് പ്രിവോസ്റ്റിനെ (പാപ്പയുടെ പഴയ പേര്) ചൂണ്ടിക്കാണിച്ചുകൊണ്ട് സഹപാഠിയായ ജെറോം ക്ലെമന്‍സ് വത്തിക്കാന്‍ പത്രമായ ‘എല്‍ ഒസര്വതോറെ റൊമാനോ’യോട് പറഞ്ഞു: ‘ഇതാ നോക്കൂ, ഞങ്ങളുടെ കൂട്ടുകാരന്, ഇന്നത്തെ പാപ്പ.’ ഫോട്ടോയുടെ പിന്നില്‍ പഴയ ഒപ്പിനൊപ്പം ‘ലെയോ പതിനാലാമന്‍’ എന്ന തന്റെ പുതിയ ഒപ്പും പാപ്പ രേഖപ്പെടുത്തി.
മറ്റൊരു സഹപാഠിയായ ഷെറി സ്റ്റോണ്‍, പാപ്പ അരികിലെത്തിയപ്പോള്‍ പരിഭ്രമം കാരണം കയ്യിലുണ്ടായിരുന്ന ‘ലെയോ പാപ്പയെ ദൈവം അനുഗ്രഹിക്കട്ടെ’ എന്ന ബോര്‍ഡ് താഴെയിട്ടുപോയി. ‘ക്ഷമിക്കണം, എനിക്ക് ചെറിയൊരു പേടി തോന്നി,’ എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ ഷെറിക്ക് പാപ്പ ചിരിച്ചുകൊണ്ട് ഹസ്തദാനം നല്കി.

