കൊടുങ്ങല്ലൂർ: ക്രൈസ്തവരുടെ ഏറ്റവും വിശുദ്ധമായ ഈസ്റ്റർ ദിനത്തിൽ പരീക്ഷകൾ നിശ്ചയിച്ച നടപടിക്കെതിരെ കെ.എൽ.സി.എ കോട്ടപ്പുറം രൂപത സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിശ്വാസികൾ ആരാധനയിലും ആത്മീയ പ്രവർത്തനങ്ങളിലും മുഴുകേണ്ട ദിനത്തിൽ പരീക്ഷകൾ നടത്തുന്നത് മതവിശ്വാസങ്ങളെയും അവകാശങ്ങളെയും അവഗണിക്കുന്നതാണെന്ന് സമിതി ആരോപിച്ചു. വിദ്യാർത്ഥികളെ ഈ വിശുദ്ധ ദിനത്തിൽ പരീക്ഷയിൽ പങ്കെടുക്കാൻ നിർബന്ധിക്കുന്നത് ക്രൈസ്തവ സമൂഹത്തോടുള്ള അനീതിയാണ് ഈ സാഹചര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് പരീക്ഷ തീയതികൾ പിൻവലിച്ച് പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടു.
തീരുമാനം തിരുത്താത്ത പക്ഷം ശക്തമായ സമര പരിപാടികളിലേക്ക് കടക്കേണ്ടി വരുമെന്ന് കെ.എൽ.സി.എ മുന്നറിയിപ്പ് നൽകി. മതസ്വാതന്ത്ര്യവും വിശ്വാസികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും സമിതി കൂട്ടിച്ചേർത്തു. രൂപതാ പ്രസിഡണ്ട് അനിൽ കുന്നത്തൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജോൺസൺ വാളൂർ, സംസ്ഥാന വൈസ് പ്രസിഡന്റ് അലക്സ് താളുപാടത്ത്, സംസ്ഥാന സാമൂഹിക സമിതി കൺവീനർ ഇ.ഡി. ഫ്രാൻസിസ്, ജോൺസൺ മങ്കുഴി,കൊച്ചുത്രേസ്യാ ഫ്രാൻസീസ്, ജോസഫ് കോട്ടപ്പറമ്പിൽ, സാബു കാച്ചപ്പള്ളി, പോൾസൺ ചക്കാലക്കൽ എന്നിവർ പ്രസംഗിച്ചു.

