മനാഗ്വേ: നിക്കരാഗ്വേൻ ഏകാധിപത്യ ഭരണകൂടം കത്തോലിക്ക സഭയെ വേട്ടയാടുന്നത് തുടർക്കഥയാകുന്നു. നിക്കരാഗ്വേയിലെ നാല് രൂപതകളിൽ വൈദികർക്കും ഡീക്കന്മാർക്കും പട്ട സ്വീകരണത്തിന് വിലക്കേർപ്പെടുത്തിക്കൊണ്ടാണ് പുതിയ നടപടി. ഈ രൂപതകളിൽ നിന്നു ബിഷപ്പുമാർ നാടുകടത്തപ്പെട്ടിരിന്നു. പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയും ഭാര്യയും സഹ പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയും ആണ് ഭരണത്തിന് നേതൃത്വം നൽകുന്നത്.
വർഷങ്ങളായി മതപീഡനങ്ങൾ നിറഞ്ഞ നിക്കരാഗ്വേയിൽ അജപാലന പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നതാണ് നടപടി. ദൈവവിളികൾ ഏറെയുണ്ടെങ്കിലും രാജ്യത്തെ ജിനോടെഗ, സിയുന, മതഗൽപ, എസ്റ്റെലി എന്നീ രൂപതകളിൽ നിലവിൽ ബിഷപ്പുമാർ ഇല്ല. ഇവരെയെല്ലാം ഏകാധിപത്യ ഭരണകൂടം നാടുകടത്തുകയായിരിന്നു. ഭരണകൂടവുമായി സഖ്യമുണ്ടാക്കിയ ഒരു മേയറെ വിമർശിച്ചതിനെ തുടർന്ന് രാജ്യത്തെ ബിഷപ്പ് കോൺഫറൻസിന്റെ പ്രസിഡന്റായ ജിനോടെഗയിലെ ബിഷപ്പ് കാർലോസ് ഹെരേരയെ 2024 നവംബറിലാണ് നാടുകടത്തിയത്.
ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധ നടപടികളെ ചോദ്യം ചെയ്ത മതഗൽപ രൂപതയുടെ അധ്യക്ഷനായ ബിഷപ്പായ റോളാൻഡോ അൽവാരസിനെ 18 മാസം തടങ്കലിലാക്കിയിരിന്നു. പിന്നീട് 2024 ജനുവരിയിൽ ഭരണകൂടം റോമിലേക്ക് നാടുകടത്തി. സിയുനയിലെ ബിഷപ്പ് ഇസിഡോറോ മോറയെയും സ്വേച്ഛാധിപത്യ ഭരണകൂടം ഇതിനിടെ നാടുകടത്തി. 2025-ൽ വൈദിക പഠനം പൂർത്തിയാക്കിയ ഏഴ് പൗരോഹിത്യ അർത്ഥികളും 2024-ൽ പഠനം പൂർത്തിയാക്കിയ മറ്റൊരു പൗരോഹിത്യ അർത്ഥികളുടെ ഗ്രൂപ്പും ഇപ്പോഴും തിരുപ്പട്ടം ലഭിക്കാൻ കാത്തിരിക്കുകയാണെന്നും നിക്കരാഗ്വേ സഭാവൃത്തങ്ങൾ പറയുന്നു. മറ്റ് ബിഷപ്പുമാർക്കു തിരുപ്പട്ടം നൽകാൻ കഴിയുമെങ്കിലും ഭരണകൂടം അതിനും തടയിട്ടിരിക്കുകയാണ്.

