കൊച്ചി: പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പയുടെ ഫ്രാൻസിസ്കൻ വർഷം ആചരിക്കുവാനുള്ള ആഹ്വാനം ഉൾക്കൊണ്ടുകൊണ്ട് കൊച്ചി രൂപത ഫ്രാൻസിസ്കൻ വർഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. രൂപതാ മെത്രാൻ അഭിവന്ദ്യ ആന്റണി കാട്ടിപ്പറമ്പിൽ പിതാവിൻറെ നേതൃത്വത്തിൽ പതിനായിരക്കണക്കിന് ജനസമൂഹങ്ങൾ അണിനിരന്ന ബഹുമാനപ്പെട്ട ഡൊമിനിക് വാളൻമനാൽ അച്ഛൻറെ നേതൃത്വത്തിൽ നടക്കുന്ന വചന സന്ധ്യ 2026 ബൈബിൾ കൺവെൻഷന്റെ ധന്യ നിമിഷങ്ങളിൽ വച്ച് കൊച്ചി രൂപതയുടെ മെത്രാനും വൈദികരും അലമായരും ഒരുമനമോടെ ഒന്ന് ചേർന്ന് വിശുദ്ധ ഫ്രാൻസിസിൻ്റെ നല്ല മാതൃക അനുകരിച്ചുകൊണ്ട് ഒരു വർഷം നീണ്ടുനിൽക്കുന്ന തീർത്ഥാടന പരിപാടികൾക്ക് വർത്തിക്കാൻ നിന്നുള്ള ഔദ്യോഗിക ആഹ്വാനം വായിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.
തദവസരത്തിൽ കൊച്ചി രൂപതയിൽ ഫ്രാൻസിസ് അസീസി പുണ്യവാളന്റെ നാമധേയത്തിലുള്ള ഏക ദേവാലയമായ കാട്ടിപ്പറമ്പ് ഫ്രാൻസിസ് അസീസി ദേവാലയത്തെ വിശുദ്ധന്റെ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയും രൂപത ജനം മുഴുവനെയും തീർത്ഥാടകരായി ദേവാലയം സന്ദർശിക്കുവാനും പ്രാർത്ഥനകളും പരിത്യാഗ പ്രവർത്തനങ്ങളും അനുവർത്തിച്ചുകൊണ്ട് ദണ്ഡമോചനം നേടുവാനും ആഹ്വാനം ചെയ്തു. ആലപ്പുഴ രൂപതാ മെത്രാൻ അഭിവന്ദ്യ ജെയിംസ് റാഫേൽ ആനാപറമ്പിൽ , കൊച്ചി രൂപത വികാര ജനറൽ മോൻസിഞ്ഞോർ ജോസ് കണ്ടനാട്ടുതറ , സ്കോപ്പൽ വികാരി ഫാദർ ഫ്രാൻസിസ് കളത്തി വീട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു.

