കൊച്ചി: മുനമ്പം ഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസിൽ കേരള വഖഫ് ബോർഡ് സുപ്രീം കോടതിയെ സമീപിക്കുന്നു. മുനമ്പത്തെ ഭൂമി വഖഫ് സ്വത്തല്ലെന്ന ഹൈക്കോടതി നിരീക്ഷണത്തിനെതിരെയാണ് ബോർഡ് അപ്പീൽ നൽകുന്നത്. മുനമ്പം ഭൂമി വഖഫ് ആണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് വഖഫ് ട്രിബ്യൂണൽ ആണെന്നും ഹർജിയിൽ പരാമർശിക്കുന്നു.
മുനമ്പത്തെത് വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ആണ് സംസ്ഥാന വഖഫ് ബോർഡ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഹൈക്കോടതി ഉത്തരവ് തങ്ങളുടെ വാദം കേൾക്കാതെയാണെന്നും റിട്ട് ഹർജിയിലോ റിട്ട് അപ്പിലിലൂടെയോ അല്ല വഖഫ് ഭൂമി കണ്ടെത്തേണ്ടതെന്നും സംസ്ഥാന വഖഫ് ബോർഡ് നൽകിയ ഹർജിയിൽ പറയുന്നു.
വഖഫ് ആക്ട് അനുസരിച്ച് തർക്കമുള്ള വഖഫ് ഭൂമികളിൽ അന്തിമ തീരുമാനം എടുക്കേണ്ടത് വഖഫ് ട്രിബ്യൂണൽ ആണെന്നും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. മുനമ്പം ഭൂമി തർക്കത്തിൽ സി എൻ രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമ്മീഷനായി നിയമിച്ച സംസ്ഥാന സർക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്നും വഖഫ് ബോർഡ് ഹർജിയിൽ ആരോപിച്ചു. കേസിൽ നേരത്തെ ഹൈക്കോടതിയിൽ നൽകിയിരുന്ന പുന:പരിശോധനാ ഹർജി പിൻവലിച്ചതിനുശേഷം ആണ് സംസ്ഥാന വഖഫ് ബോർഡ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

