പുനലൂർ : സെന്റ് ഗൊരേറ്റി ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 24.02.2026 ചൊവ്വാഴ്ച രാവിലെ 10 മണിയ്ക്ക് ദൈവദാസൻ ബിഷപ്പ് ജെറോം അനുസ്മരണ സമ്മേളനവും പ്രഭാഷണവും നടത്തി. പൊതു സമ്മേളത്തിന് സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി പുഷ്പമ്മ റ്റി സ്വാഗതം പറഞ്ഞു.
പാർശ്വവത്കരിക്കപ്പെട്ടവർക്കും അധസ്ഥിതർക്കും വേണ്ടി ലളിതമായ ജീവിതം സമർപ്പിച്ച പുരോഹിത ശ്രേഷ്ഠൻ ആയിരുന്നു ദൈവദാസൻ ജെറോം മരിയ ഫെർണാണ്ടസ് തിരുമേനി,സാമൂഹിക, സാംസ്കാരിക,സേവന ലാളിത്യം കൊണ്ട് മാത്രമല്ല സാസ്കാരികാ നുരൂപണത്തെയും സ്വാംശീകരിച്ച മഹാപുരോഹിതൻ ആയിരുന്നു ദൈവദാസൻ ജെറോം തിരുമേനി.

സെയിൻ്റ് ഗോരേറ്റി ഹയർ സെക്കൻഡറി സ്കൂളിൻ്റെ സ്ഥാപകനും അവിഭക്ത കൊല്ലം രൂപതയുടെ പ്രഥമ മെത്രാനുമായിരുന്ന ദൈവദാസൻ ജെറോം മരിയ ഫെർണാണ്ടസ് അനുസ്മരണ സമ്മേളനം ഉദ്ഘാടന പ്രസംഗത്തിൽ പുനലൂർ ബിഷപ്പ് സെൽവിസ്റ്റർ പൊന്നു മുത്തൻ പറഞ്ഞു.
ഋഷിതുല്യമായ ജീവിതത്തിലൂടെ പൊതുജനത്തിൻ്റെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ, മഹാ വ്യക്തിത്വത്തിൻ്റെ ഉടമയാണ് കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാൻ ദൈവദാസൻ ജെറോം പിതാവ് എന്നും പണ്ഡിതനും തീക്ഷ്ണമതിയുമായിരുന്നു ബിഷപ്പ് ജെറോം എന്ന് മുഖ്യപ്രഭാഷണം നടത്തിയ പുനലൂർ നഗരസഭ ചെയർമാൻ ശ്രീ. എം.എ രാജഗോപാൽ പറഞ്ഞു.

പുനലൂർ രൂപത കോർപ്പറേറ്റ് മാനേജർ റവ ഫാദർ ക്രിസ്റ്റിയുടെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൊല്ലം രൂപത വികാരി ജനറൽ മോൺ. ബൈജു ജൂലിയൻ, സ്കൂൾ ഹെഡ്മിസ്ട്രസ് പുഷ്പമ്മറ്റി, സിസ്റ്റർ ഐറിൻ, സിസ്റ്റർ ജെസ്സി തോമസ് , വിനു സോളമൻ എന്നിവർ പ്രസംഗിച്ചു.

ദൈവദാസൻ ബിഷപ്പ് ജെറോം സ്ഥാപിച്ച എം.എസ്. എസ്. റ്റി. സന്യാസ സഭയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ജറോം തിരുമേനിയുടെ ജലഛായ ചിത്രരചനാമത്സരം സംഘടിപ്പിക്കുകയും പുരസ്കാരങ്ങൾ നല്കുകയും ചെയ്തു. ദൈവദാസൻ ജറോം പിതാവിന്റെ പാവനസ്മരണയ്ക്ക് മുമ്പിൽ ആദര സൂചകമായി തിരി തെളിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു.അധ്യാപക വിദ്യാർത്ഥി സമൂഹം അതിൽ പങ്കെടുത്തു.

