ഫാ. ബോബി ജോസ് കട്ടിക്കാട്
ഒന്ന്
1968 ഏപ്രില്‍ 5
കൊച്ചി
ആയിരക്കണക്കിന് ഭക്തര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
ഫാദര്‍ തിയോഫിന്റെ മൃതദേഹസംസ്കരണം
ജനലക്ഷങ്ങളുടെ ശരീരത്തിനും മനസ്സിനും സൗഖ്യം നല്‍കികൊണ്ട്, കഴിഞ്ഞ ഏതാനും വര്‍ഷം കേരളത്തിന്റെ നാനാഭാഗത്തും, ചുറ്റി സഞ്ചരിച്ചിരുന്ന താപസ ശ്രേഷ്ഠനായ റവ. ഫാ. തിയോഫിന്‍ ഇന്നലെ ദിവംഗതനായി. അദ്ദേഹത്തിന്റെ മൃതദേഹസംസ്കരണം വരാപ്പുഴ മെത്രാപോലീത്താ അഭിവന്ദ്യ ഡോ. ജോസഫ് അട്ടപ്പേറ്റി തിരുമേനിയുടെ പ്രധാന കര്‍മ്മികത്വത്തില്‍ ഇവിടെ അടുത്ത് പൊന്നുരുന്നി കപ്പൂച്ചിന്‍ ആശ്രമത്തില്‍ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കല്ലറയില്‍ നടത്തപ്പെട്ടു. 150 ല്‍ പരം വൈദീകരും, മോണ്സിത്തോര്മാരും ഫ്രാന്‍സീസ് ഫിഗരേദോ, കൊര്‍ണേലിയസ് ഇലഞ്ഞിക്കല്‍, വര്‍ഗീസ് അവലക്കാട്ട്, കൊല്ലം മെത്രാന് ജെറോം തിരുമേനി തുടങ്ങിയവരും, അനേക കന്യാസ്ത്രീകളും ആയിരക്കണക്കിന് ഭക്തജനങ്ങളും സന്നിഹിതരായിരുന്നു.

ഭക്തശിരോമണിയായ ഒരു ധ്യാന പ്രസംഗകനായിട്ടാണ് ജനങ്ങള്‍ ഫാദര്‍ തിയോഫിനെ അറിഞ്ഞിരുന്നത്. പിന്നീട് ആത്മാവിന്റേയും ശരീരത്തിന്റേയും സുഖക്കേടുകള്‍ നീക്കുന്നതിന് അദ്ദേഹത്തിന് ഒരു ആധ്യാത്മിക ശക്തി ഉണ്ടായിരുന്നു. ജനങ്ങള്‍ക്ക് അദ്ദേഹത്തില്‍ വലിയ വിശ്വാസം ഉണ്ടായിരുന്നു……..
വയലിലെ ഗോതമ്പുമണി കണക്കെ ജീവിക്കാന്‍ തീരുമാനിച്ച ഒരാള്‍ ആ ചൈതന്യത്തിലേക്ക് മാഞ്ഞുപോയതിനെക്കറിച്ച് അന്നത്തെ ഒരു ദിനപത്രത്തിലെ വാര്‍ത്തയാണ്.

വയോധികര്‍ പോലും വല്ല്യച്ചനെന്ന് വിളിച്ചിരുന്ന തിയോഫിന്നച്ചന് ശരിക്കും അമ്പത്തി അഞ്ച് വയസ്സേ ഉണ്ടായിരുന്നുള്ളു. ആവൃതിയില്‍ ലഭ്യമാകാമായിരുന്ന ചില അടിസ്ഥാന പരിഗണനകളെ ഒഴിവാക്കി നല്ലോണം അലഞ്ഞും കൂടുതല്‍ കേട്ടും .കുറച്ചുറങ്ങിയും പ്രാര്‍ഥനയില്‍ ഏകാഗ്രമായും ഒരു കാലത്തിന്റെ സമാധാനമായി നമുക്കിടയില്‍ അച്ചന് ജീവിച്ചു .
തെല്ല് ശ്രദ്ധ സ്വയം നല്കിയിരുന്നെങ്കില് താരതമ്യേനെ ചെറിയ പ്രായത്തില്‍ അദ്ദേഹം കടന്നു പോകേണ്ടി വരില്ലായിരുന്നുവെന്ന് അച്ചനോടൊപ്പം ജീവിച്ചിരുന്ന വയോധികനായ ഒരു സഹോദരന് പറഞ്ഞു തന്നു. പ്രമേഹത്തില്‍ നിന്ന് ഉണങ്ങാത്ത ഒരു മുറിവ് അവസാനത്തോളം ഉണ്ടായിരുന്നു. അതൊന്നും ആശ്രമത്തിലെ മറ്റു സഹോദരര്‍ പാലിച്ചിരുന്ന ശരീരദണ്ഡനം ഒഴിവാക്കാന്‍ കാരണമായില്ല. ഒരിക്കലും തന്റെ ആരോഗ്യപ്രശ്നത്തെ കുറിച്ചോ രോഗാവസ്ഥകളെ കുറിച്ചോ ആകുലപ്പെട്ടിരുന്നില്ല. തിയോഫിന്‍ എന്ന പേരിനര്‍ത്ഥം ‘ദൈവത്തിന്റെ വെളിപ്പെടുത്തല്‍’ എന്നൊക്കെ കൂട്ടി ചേര്‍ത്തു. ഏപ്രില്‍ നാല് രാത്രി വളരെ വൈകി പോലും മനുഷ്യര്‍ വന്നു കൊണ്ടേയിരുന്നു. ആളൊഴിഞ്ഞപ്പോള്‍ അച്ചന്റെ കല്ലറയില്‍ ആദ്യത്തെ തിരി തെളിച്ചതും അദ്ദേഹമായിരുന്നു.
പിന്നീടൊരിക്കലും അവിടെ തിരിനാളങ്ങള്‍ അണഞ്ഞിട്ടില്ല.
ഏതാണ്ട് അറുപത് വര്‍ഷങ്ങളായി അതങ്ങനെയൊക്കെ തന്നെയാണ്.
വൈകാതെ തന്നെ ഒരു പ്രവചനത്തിന്റെ സ്വഭാവമുള്ള ലിഖിതവുമായി ഒരു മാര്‍ബിള്‍ ഫലകം അവിടെ വെച്ചു: വേദനിക്കുന്ന മനുഷ്യന്റെ തോളില്‍ കൈയിട്ട് പുഞ്ചിച്ചുകൊണ്ട് കൂടെനടന്ന കര്‍മ്മയോഗി തിയോഫിനച്ചന് ഇവിടെ വീണ്ടും മനുഷ്യരെ കാത്തിരിക്കുന്നു.
വിളക്കേ കെടുന്നുള്ളു
വെളിച്ചം നില നില്ക്കുന്നു!
രണ്ട്
ഇസ്രായേല്‍ക്കാര്‍ അതിനു മന്നാ എന്നു പേരു നല്കി. അതു കൊത്തമല്ലരി പോലെയിരുന്നു. വെളുത്തതും തേന്‍ ചേര്‍ത്ത അപ്പത്തിന്റെ രുചിയുള്ളതുമായിരുന്നു. മോശ പറഞ്ഞു:കല്പന ഇതാണ്: ഈജിപ്തില്‍ നിന്നു ഞാന്‍ നിങ്ങളെ കൊണ്ടുപോരുമ്പോള് മരുഭൂമിയില്‍ വച്ചു നിങ്ങള്‍ക്കു ഭക്ഷിക്കാന്‍ തന്ന അപ്പം നിങ്ങളുടെ പിന്തലമുറകള് കാണുന്നതിനുവേണ്ടി അതില്‍നിന്ന് ഒരു ഓമെര്‍ എടുത്ത് സൂക്ഷിച്ചു വയ്ക്കുവിന്.
മോശ അഹറോനോടു പറഞ്ഞു: ഒരു പാത്രത്തില്‍ ഒരു ഓമെര്‍ മന്നാ എടുത്ത് നിങ്ങളുടെ പിന്തല മുറകള്‍ക്കുവേണ്ടി കര്‍ത്താവിന്റെ സന്നിധിയില്‍ സൂക്ഷിച്ചു വയ്ക്കുക/ പുറപ്പാടിന്റെ പുസ്തകം 16 31-33
ഓര്‍മ്മ ആകാശം പൊഴിച്ച മന്ന പോലെയാണ്.

ഒരു ദിവസം മാത്രമാണ് അതിന്റെ ഷെല്‍ഫ് ലൈഫ്!അല്ലെന്ന് നിങ്ങള്‍ ശഠിക്കുമ്പോള്‍ പോലും.
നാളേയ്ക്കത് കേടായിപ്പോകും.എന്നാല്‍ അപൂര്‍വം ചില മനുഷ്യരുടെ ഓര്‍മ്മകള്‍ ദൈവം ആഗ്രഹിച്ചത് കൊണ്ടു മാത്രം കാലം സൂക്ഷിച്ച് വെക്കുകയാണ്.
അവര്‍ക്ക് വര്‍ത്തമാനമേയുള്ളൂ. തിയോഫിനച്ചന് അത്തരം ഒരു ഓര്‍മ്മയാണ്.
എന്താണിത് എന്ന അരമായിക്ക് ഭാഷയിലെ വിസ്മയത്തില്‍ നിന്നാണ് ാമി വൗ മന്നയുണ്ടായത്. നമ്മുടെ കാലത്ത് നമുക്കിടയില്‍ നമുക്ക് പരിചിതമായ ഇടങ്ങളില്‍ ഇങ്ങനെ ഒരാള്‍ ഉണ്ടായിരുന്നുവെന്ന സന്തോഷം പറഞ്ഞ് തീരുന്നില്ല. ചെറിയ പ്രായത്തില്‍ വണക്കമാസ പ്രാര്‍ഥനകളില്‍ കേട്ടിരുന്നത് പോലെ, എസ്പാനിയ എന്ന ദേശത്ത് ഒരു പുണ്യമനുഷ്യന്‍ ജീവിച്ചിരുന്നു എന്നതു പോലെ പൊന്നുരുന്നി എന്ന ദേശത്ത് എന്നൊക്കെ മറ്റൊരു കാലത്തിലിരുന്ന് നമ്മള് കേള്‍ക്കും!
സമാധിയുടെ സൂക്ഷിപ്പ് ഉണ്ടായിരുന്ന കാലത്ത് ഇതിനടുത്ത്, തൈക്കൂടത്ത് ഒരു പെണ്‍കുട്ടി സ്വയം മരിച്ചു. അവള് വെച്ചിട്ടു പോയ സാമാന്യം ദീര്‍ഘമായ കുറിപ്പ് അവസാനിച്ചത് ഇങ്ങനെയാണ്. തിയോഫിനച്ചാ മാപ്പ്.. മറ്റ് വഴികള്‍ ഇല്ലാത്തത് കൊണ്ടാണ്. അവള് പിറക്കുന്നതിനും എത്രയോ കാലം മുന്‍പേ കടന്നുപോയ ഒരാള്‍ക്ക്….മരിച്ചവര്‍ ഇവിടെ ജീവിച്ചിരിക്കുന്നവരെക്കാള്‍ സജീവരാണ്.
അച്ചന്റെ ജീവിതത്തെ എങ്ങനെ ചുരുക്കിയെഴുതണമെന്ന് മനസ്സില്‍ തെളിയുന്നത് മന്നയെന്ന വേദപുസ്തക സൂചന തന്നെയാണ്. തേന്‍ പോലെ മധുരം പുലരി മഞ്ഞ് പോലെ വെണ്മ കൊത്തമല്ലരി പോലെ വര്‍ത്തുളം എന്നാണ് നമ്മള് മന്നയെ പരിചയപ്പെട്ടത്.
ആദ്യത്തേതില്‍ എല്ലാവരോടും വിശേഷിച്ചും അശരണരായ മനുഷ്യരോടുള്ള പെരുമാറ്റത്തിന്റെ ഊഷ്മളതയുണ്ട്.രണ്ടാമത്തതില്‍ അടി മുടിപുലര്ത്തിയ സംശുദ്ധിയുണ്ട്.
ഒടുവിലത്തേതില്‍ സമഗ്രതയുടെ ശിലേഴൃശ്യേയുടെ ധ്വനിയും –
പൊന്നുരുന്നി കപ്പൂച്ചിന്‍ ആശ്രമത്തില്‍ നിന്ന് വത്തിക്കാന്‍ സമര്‍പ്പിച്ച കാനോനിക രേഖകളടങ്ങിയ 94 പേടകങ്ങളില്‍ അടക്കം ചെയ്തിരിക്കുന്നത് പല അടരുകളില്‍ ഇതിനുള്ള സാക്ഷ്യമാണ്.
വിവിധ തലങ്ങളില്‍ കര്‍ദിനാള്‍ സമിതി അതിന്റെ പരിശാധന പൂര്‍ത്തിയാക്കിയാണ് ധന്യപദവിയിലേക്ക് തിയോഫിനച്ചന് ഉയര്‍ത്തപ്പെട്ടത്.
അസീസിയിലെ ഫ്രാന്‍സിസിലേക്ക് ഏകാഗ്രമാകാന്‍ സഭ മാറ്റിവെച്ചിരിക്കുന്ന ഒരു വര്‍ഷത്തിന്റെ ആരംഭത്തില്‍ ഭാരത സഭയ്ക്ക് ലഭിച്ച ഈ സന്തോഷം ഫ്രാന്‍സിസ്ക്കന്‍ സമുഹത്തെ കുറെകൂടി ഉത്തരവാദിത്വം ഉള്ളവരാക്കും.
———————————

