സിസ്റ്റർ ഷൈൻ ബ്രിജിറ്റ് CSST
വിശുദ്ധിയുടെ ചുവടുവയ്പിലേക്കുള്ള നാന്ദിയായ് ഒരു നോമ്പുകാലം കൂടി… മനുഷ്യന്റെ നശ്വരതയുടെയും ദൈവത്തിന്റെ അനശ്വരതയുടെയും സന്ദേശം ഓര്‍മ്മിപ്പിക്കുന്ന ഒരു പിന്‍വിളിയാണ് നോമ്പുകാലം. സങ്കീര്‍ത്തകന്‍ പറയുന്നതുപോലെ കര്‍ത്താവെ നിന്റെ കരുണയാല്‍ എന്നെ മോചിപ്പിക്കണമേയെന്ന് മനം നൊന്തു വിലപിക്കാനുളള ജീവിതത്തിലെ ഒരു ഇടവേളയാണിത്.
തിരക്കുപിടിച്ച ഈ ലോകത്തില്‍ ദിനങ്ങളുടെ ദൈര്‍ഘ്യം കുറഞ്ഞുവരുന്നുവെന്ന് പരാതി പറയുന്നത് അനേകരാണ്. കാലചക്രത്തിന്റെ വര്‍ണക്കാഴ്ചകളില്‍ മതിമറന്ന് ജീവിക്കുവാന്‍ മറന്നുപോകുന്ന മനുഷ്യരാണെവിടെയും. എല്ലാം പിടിച്ചടക്കണമെന്ന ദുരാഗ്രഹത്തിന്റെ വ്യഗ്രതയില്‍ കാല്‍ച്ചുവട്ടിലെ മണ്ണുപോലും ഒലിച്ചുപോകുന്നതറിയാതെ നെട്ടോട്ടമോടുന്ന ഒരുകൂട്ടം മനുഷ്യര്‍… ഇന്നിന്റെ നേട്ടങ്ങള്‍ പലതും നാളെ നഷ്ടങ്ങളുടെ സ്മാരകമായി
മാറുമെന്നത് തിരിച്ചറിയാതെ അവരിങ്ങനെ ഓടിക്കൊണ്ടിരിക്കുകയാണ്.
ബിസിനസ് നേട്ടങ്ങളുടെ പിന്നാലെയാണ് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ കഴിയാത്തവരും, സുഹൃദ്ബന്ധങ്ങളുടെ മായികലോകത്തില്‍ രക്തബന്ധങ്ങളെ മറന്നുകളയുന്നവരും, ലഹരികള്‍ നല്കുന്ന ആനന്ദത്തിലേക്ക് പിച്ചവച്ചു നട
ന്നുപോകുന്നവരുമൊക്കെ ഈ കൂട്ടത്തില്‍പെടും. യാന്ത്രികമായി കടന്നുപോകുന്ന നമ്മുടെ ജീവിതത്തിന് കടിഞ്ഞാണിടുന്ന ഒരു പിന്‍വിളിയാണ് നോമ്പുകാലം.
മണ്ണായ മനുഷ്യന് മണ്ണിലേക്കുതന്നെ മടങ്ങുമെന്ന ഒരു ഓര്മപ്പെടുത്താല്. നെറ്റിയില്‍ ചാരം വീഴുമ്പോള്‍ പലപ്പോഴും അറിയാതെ മിഴികള്‍ നിറയുന്നതും, നെഞ്ചൊന്നു പിടയുന്നതും നോവിന്റെ ഈ ഓര്‍മയിലാണ്. എല്ലാം ഉണ്ടെന്നും എല്ലാം നേടിയെന്നു മുള്ള സ്വയംഗര്വിന്റെ കുമിളകള്‍ പൊട്ടിച്ചെറിയാന്‍ ഈ ഒരുനുള്ളു ചാരത്തിന് ആവുമെന്ന് അറിയാവുന്നവരാണ് പലരും.
ശാന്തമാവുക – ഞാന്‍ ദൈവമാണെന്നറിയുക. കലുഷിതമായ മനസ്സോടും, അസ്വസ്ഥമായ ജീവിതത്തോടും നോമ്പിന്റെ പിന്‍വിളി ഓര്‍മിപ്പിക്കുന്നതും ഇതുതന്നെയാണ് ശാന്തമാവുക. അറ്റുപോയ ബന്ധങ്ങളും അന്യം നിന്നുപോകുന്ന നന്മയും, നേടാനാഗ്രഹിക്കുന്ന ജീവിത വിശുദ്ധിയുമൊക്കെ സ്വായത്തമാക്കാനുള്ള ആത്മാവിന്റെ പിന്‍വിളിയാണ് നോമ്പുകാലം.
ഉപവാസത്തിന്റെയും ഉലയില്‍ ശുദ്ധീകരിച്ചെടുക്കേണ്ട സ്വര്‍ണം പോലുള്ള ജീവിതങ്ങള്‍ നിരാശയുടെയും, അസമാധാനത്തിന്റെയും, തിന്മയുടെയും നിലയില്ലാക്കയത്തില്‍ പെട്ടുഴലുന്ന കാഴ്ചകളാണ് നമുക്കു ചുറ്റും. ഒന്നും കൈവിട്ടു പോയിട്ടില്ലയെന്ന ഓര്മപ്പെടുത്തലില്, ഒരു കല്ലേറുദൂരത്തില്, അനുതാപത്തിന്റെ ഒരു മഴപ്പെയ്ത്തില്‍ നഷ്ടപ്പെട്ട ജീവിതനൈര്‍മല്യം വീണ്ടെടുക്കാമെന്ന നോമ്പിന്റെ പിന്‍വിളിക്കായ് നമുക്ക് കാതോര്‍ക്കാം. വിശുദ്ധിയുടെ വെള്ളരിപ്രാവുകള്‍ ഇനി നമ്മുടെ ഹൃദയത്തിലും കൂടുകൂട്ടട്ടെ…

