ബോബന് വരാപ്പുഴ
വോളിബോള്‍ എന്ന കളിയില്‍ ഉയരം ഒരു അനിവാര്യ ഘടകമായി കണക്കാക്കപ്പെടുന്നു. നെറ്റിനു മുകളില്‍ ചാടി പന്ത് മറുകോര്ട്ടിലേക്ക് അടിച്ചിരുത്താന്‍, പ്രതിരോധഭിത്തികളെ മറികടക്കാന്‍, ശരീരഘടനയെന്ന ആയുധം അനിവാര്യമാണെന്ന ധാരണ കളിയുലകത്ത് പതിഞ്ഞതാണ്. എന്നാല്‍ അഞ്ചടി മൂന്ന് ഇഞ്ച് ഉയരമുള്ള ഒരു പെണ്‍കുട്ടി ആ പാരമ്പര്യവിശ്വാസത്തെ തന്റെ പവര്‍ അറ്റാക്കുകളാലും ജംപ് സര്വീസുകളാലും ചോദ്യം ചെയ്തപ്പോള്‍, ഇന്ത്യന്‍ വനിതാ വോളിബോളിന് ഒരു പുതിയ മുഖമുദ്ര ലഭിച്ചു. ആ പേര് അനു ജേക്കബ്.

പൊക്കക്കുറവ് അവളുടെ പരിമിതിയല്ലായിരുന്നു; അത് മറികടക്കാനുള്ള ആത്മവിശ്വാസത്തിന്റെ അളവുകോല്‍ മാത്രമായിരുന്നു. കെഎസ്ഇബിയുടെ എറണാകുളത്തെ ഒരു സെക്ഷനോഫീസിന്റെ മൂലയിലിരുന്ന് ജോലി ചെയ്യുന്ന ഈ സൗമ്യഭാവത്തെ കണ്ടാല്‍ ആരും പറയില്ല, തൊണ്ണൂറുകളില്‍ തന്റെ പവര്‍ അറ്റാക്കിലൂടെ നിലം കുഴിക്കുന്ന തരം സ്മാഷുകളാലും ജംബര്‍ സര്‍വീസുകളിലൂടെയും ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ അവിഭാജ്യഘടകമായിരുന്ന അന്നത്തെ ആ അഞ്ചടി മൂന്നിഞ്ച് ഉയരക്കാരിയാണ് ഈ ഇരിക്കുന്നതെന്ന്.

അനു ജേക്കബ് ഇന്ത്യന്‍ വോളിബോളിന്റെ മുഖമുദ്രയായിരുന്ന ആ കാലത്തു നിന്നും ഏറേ മാറിക്കഴിഞ്ഞിരിക്കുന്നു. കോര്‍ട്ടില്‍ സഹകളിക്കാരെ നിരന്തരം പ്രോത്സാഹിപ്പിക്കാനായിശബ്ദകോലാഹലവും ആര്‍പ്പുവിളികളും മുന്നറിവുകളും നല്‍കിയിരുന്ന അന്നത്തെ അനുജേക്കബ് എന്ന പന്തുകളിക്കാരി ഒരു കാലഘട്ടത്തിലെ വോളിബോള്‍ പ്രേമികളുടെ മനസ്സില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകാന്‍ ഇടയില്ല. കാരണം അത്രയ്ക്കായിരുന്നല്ലോ അന്നത്തെ ആ പോരാട്ട തീക്ഷ്ണത.
ഇന്നിപ്പോള്‍ ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ നമുക്ക് മുമ്പിലിരുന്ന് വോളിബോളില്‍ ഇന്ന് സംഭിവിച്ചു കൊണ്ടിരിക്കുന്ന പ്രവര്‍ത്തന പരിണാമങ്ങളെക്കുറിച്ചും പുതിയ കളിക്കാരുടെ പ്രകടനമികവിന്റെയും ഒപ്പം സ്വന്തം കാലത്തെക്കുറിച്ചുള്ള ചരിത്രപരമായ സ്മരണകളും പങ്ക് വെച്ചും ഇടയ്ക്കിടെ നിഷ്കളങ്കമായി പൊട്ടിച്ചിരിച്ചുകൊണ്ടും തന്നെ കേള്‍ക്കുന്നവരോട് അനു സംസാരിക്കും.

കോട്ടയം കരിക്കാട്ടൂരാണ് അനുവിന്റെ സ്വദേശം. 2001-ല്‍ വോളിബോള്‍ താരവും ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥനുമായ സജി ജോസഫുമായുള്ള വിവാഹം കഴിഞ്ഞതോടെ എറണാകുളത്തേക്ക് പോന്നു. ചാത്തനാടാണ് സജിയുടെ വീട്’ ഇപ്പോള്‍ കുടുംബ സമേതം വടക്കന്‍ പറവൂരിലെ പെരുവാരത്ത് താമസം. രണ്ട് മക്കള്‍, അലനും, ഹെലനും. കെഎസ്ഇബി വരാപ്പുഴയിലെ സെക്ഷന്‍ ഓഫീസറാണ് അനുവിപ്പോള്‍.കരിക്കാട്ടൂര്‍ മണിമലയിലെ കര്‍ഷകനായിരുന്ന പുത്തോട്ട് പി.എം ജേക്കബിന്റെയും സാറാമ്മയുടെയും ആറ് മക്കളില്‍ നാലമത്തെയാള്‍.
വോളിബോളിനു ഏറെ വേരോട്ടമുള്ള സ്ഥലമാണ് കരിക്കാട്ടൂര്‍. അതുകൊണ്ടാണ് ആ മാതാപിതാക്കള്‍ക്ക് അവരുടെ മക്കളെ ഈ കളി പഠിപ്പിക്കുവാന്‍ പ്രേരണയായതും.കരിക്കാട്ടൂര്‍ സി.സി.എം ഹൈസ്ക്കൂളിലെ പ്രധാന അധ്യാപകനായിരുന്ന ജോര്‍ജ് തോമസ് സാറിന്റെ മേല്‍നോട്ടത്തിലായിരുന്നു വോളിബോള്‍ പരിശീലനം ആരംഭിച്ചത്. അതൊരു നിമിത്തം പോലെ സംഭവിച്ചതാണ്. അഞ്ച് സഹോദരിമാര്ക്കുംകൂടിയുള്ള ഇവരുടെ ഏക സഹോദരനായ ജിജി ജേക്കബാണ് ആദ്യം അവിടെ കോച്ചിംഗിന് ചേര്‍ന്നത്. അദ്ദേഹം അധികനാള്‍ പരിശീലനം തുടര്‍ന്നില്ല. ഇതിനിടെ ചേട്ടന്റെ പരിശീലനം കാണാന്‍ കൗതുകം പൂണ്ടെത്തിയിരുന്ന സഹോദരിമാരില്‍ മൂന്നു പേര് അനു,സുനു, സിനി പക്ഷേ അവിടെ ഉറച്ചു. ചേട്ടന് ഉപേക്ഷിച്ചു പോയ വോളിബോള്‍ പരിശീലനം അവര്‍ ഏറ്റെടുത്തു.ഇതില്‍ അനുവും സുനുവും പിന്നീട് അന്തര്‍ദേശീയ താരങ്ങളായപ്പോള്‍ ഇളയ സഹോദരിയായ സിനി ദേശീയ തലത്തില്‍ അറിയപ്പെടുന്ന താരമായി മാറി.
യാദൃച്ഛികമെന്നോണം സംഭവിച്ച മറ്റൊരു കൗതുകമെന്നത് മൂന്നു പേര്‍ക്കും കേരള ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിയമനം ലഭിച്ചുവെന്നതാണ്. അനു -സുനു സഹോദരിമാര്‍ കോര്‍ട്ടുകളില്‍ സ്മാഷുകള്‍ വിരിയിച്ചിരുന്ന കാലത്ത് ഇന്ത്യന്‍ വനിത വോളിബോള്‍ അതിശക്തമായിരുന്നു. കെ.എസ്.ഇ.ബി രാജ്യത്തെ തന്നെ ഏറ്റവും വലിയ വോളിബോള്‍ ടീമുമായിരുന്നു. ദേശീയതലത്തില്‍ തന്നെ പ്രശസ്തമായിരുന്ന പല മത്സരങ്ങളുടെയും ട്രോഫികള്‍ കെ.എസ്.ഇ.ബി സ്വന്തമാക്കിയത് അങ്ങിനെയാണ്.
കളിയരങ്ങുകളെ ഘോഷാരവങ്ങളാല് പ്രകമ്പനം കൊള്ളിക്കുന്ന തരത്തില്‍ തന്നെ വളര്‍ത്തിയ ആ പരിശീലന കാലത്തില്‍ നിന്നാണ് അനു ജേക്കബ് പറഞ്ഞു തുടങ്ങുന്നത്.’ഞങ്ങളുടെ മാതാപിതാക്കള്‍ കോട്ടയം ജില്ലക്കാരായ കര്‍ഷകരാണ്. കൃഷിക്കൊപ്പം തന്നെ സ്പോര്‍ട്സിനെയും സ്നേഹിച്ചിരുന്ന മാതാപിതാക്കളായിരുന്നു ഞങ്ങളുടേത്. ലക്ഷ്യം നേടാന്‍ കഠിനമായി പരിശ്രമിക്കണമെന്നും അത്തരത്തില്‍ ജീവിച്ചാല്‍ ഒരു ലക്ഷ്യവും അപ്രാപ്യമല്ലെന്നും ഞങ്ങള്‍ പഠിച്ചത് അവരില്‍ നിന്നാണ്. അതൊരു ഭാഗ്യമായി. വോളിബോളിനെ മനസിലാക്കാനും സ്നേഹിക്കാനും ഞങ്ങള്‍ക്ക് കഴിഞ്ഞത് അതുകൊണ്ടാണ്. വോളിബോളിനെ ജീവന് തുല്യം സ്നേഹിക്കുന്ന കോച്ച് ജോര്‍ജ് തോമസ് സാറും കുടുംബവും – അവരുടെ വീടിനോട് ചേര്‍ന്ന് ഒരു വോളിബോള്‍ അക്കാദമി സ്ഥാപിച്ചു. കരിക്കാട്ടൂര്‍ ലേഡീസ് ക്ലബ്ബ്, ആദ്യം പുരുഷന്മാര്ക്കും പ്രവേശനമുണ്ടായെങ്കിലും പിന്നീട് സ്ത്രീകള്‍ക്ക് മാത്രമായി ചുരുക്കി.

തന്റെ പന്ത്രണ്ടാം വയസ്സില്‍ ഈ കളരിയില്‍ നിന്നാണ് അനുവും സുനുവും സിനിയും വോളിബോളിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്.’അക്ഷീണവും അച്ചടക്കവുമുള്ള പരിശീലന രീതികളായിരുന്നു. അന്ന് അമ്പതിലധികം പെണ്‍കുട്ടികള്‍ അതിരാവിലെയും വൈകീട്ടും അവിടെ നിത്യവും പരിശീലനത്തിനെത്തും. പരിശീലനപരമായി ഒന്നിനും കുറവില്ലാത്ത സ്ഥലമായിരുന്നു സാറിന്റെ വിശാലമായ പുരയിടം. അവിടെ മികവുറ്റ രണ്ട് കോര്ട്ടുകളുണ്ടായിരുന്നു.രാവിലെ ആറര മുതല്‍ ഒമ്പതര വരെയും പിന്നീട് സ്ക്കൂള് വിട്ട് നേരെ കോര്‍ട്ടിലെത്തി വൈകിട്ട് നാലര മുതല്‍ ആറര വരെയും നീളുന്ന കണിശതയാര്ന്നതും അക്ഷീണവുമായ പരിശീലനവും കഴിഞ്ഞ് വീട്ടിലേക്കുള്ള അഞ്ച് കിലോമീറ്റര്‍ ദൂരമുള്ള നടപ്പ്.
കുട്ടികളായ ഞങ്ങള്‍ അതെല്ലാം അന്ന് പരമാവധി ആസ്വദിച്ചാണ് ചെയ്തിരുന്നത്.അക്കാലത്ത് സാറിന്റെ കീഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ നൂറുകണക്കിന് പേര്‍ക്ക് വോളിബോള്‍ തന്നെ ഒരു മികച്ച ജീവിതാവസ്ഥ നല്കി. അന്നത്തെ കുട്ടികളെല്ലാം തന്നെ പിന്നീട് മികച്ച പ്ലെയേഴ്സായി അറിയപ്പെട്ടു. എല്ലാവര്ക്കും ജോലി കിട്ടി. ഞാനും നേരെ ഇളയ സഹോദരിയായ സുനുവുമടക്കം ചിലര്‍ ദേശിയ അന്തര്‍ദേശീയ തലങ്ങളില്‍ കളിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടു.
‘1989-ല്‍ ഉത്തര്‍പ്രദേശില്‍ നടന്ന നാഷണല്‍ സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയ കേരള ടീമില്‍ അംഗമായിരുന്ന അനു ജേക്കബ് 2000 വരെയുള്ള തന്റെ നീണ്ട കരിയറില്‍ രാജ്യത്തെ ഒട്ടുമിക്ക നഗരങ്ങളിലും അരങ്ങേറിയിട്ടുള്ള പ്രമുഖ മത്സരങ്ങളിലെല്ലാം പങ്കെടുത്തിട്ടുണ്ട്.മാന്നാനം കെ.ഇ കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നതോടെ ആ കായിക ഗ്രാഫിന്റെ രണ്ടാം പാദം പിറന്നു.യൂണിവേഴ്സിറ്റി -ജൂനിയര്‍ നാഷണല്‍ യൂത്ത് നാഷണല്‍ സീനിയര്‍ നാഷണല്‍, ഫെഡറേഷന് കപ്പ്, മുതലായ നിരവധി മത്സരങ്ങളിലടക്കം പങ്കെടുക്കുകയും മികച്ച പ്രകടനത്തിലൂടെ എം.ജി യൂണിവേഴ്സിറ്റി ടീമിന് അഭിനന്ദനാര്‍ഹമായ വിജയങ്ങളില്‍ എത്തിക്കാനും പ്രധാന പങ്ക് വഹിച്ചു.
ഒരു വോള്‍ബോള്‍ പ്ലെയറിന് ഉയരം അനിവാര്യമാണെന്ന പാരമ്പര്യവിശ്വാസത്തെ സ്വന്തം പ്രകടനം കൊണ്ട് തിരുത്തിയ താരമാണ് അനുജേക്കബ്. അനുവിന്റെ ഉയരം അഞ്ചടി മൂന്നിഞ്ചാണ്.’ഈ ഒരു കാരണത്താല്‍ നാഷണല്‍ ടീമിലേക്കുള്ള സെലക്ഷന് നേടാന്‍ ആദ്യമൊക്കെ എനിക്കായില്ല. ‘പൊക്കമില്ലാത്തതാണെന്റെ പൊക്കം.. എന്ന് പറഞ്ഞ മഹാത്മാവിന് സ്തുതിയായിരിക്കട്ടെ. തന്റെ ശരീരത്തിന്റെ അഞ്ചടി മൂന്നിഞ്ച് ഉയരത്തേക്കാള്‍ ഇരട്ടിയായിരുന്നു അനു ജേക്കബിന്റെ ആത്മവിശ്വാസം.
പൊക്കക്കുറവിനെ തുടര്‍ന്ന് മാത്രം അനേക തവണ ദേശീയ ടീമില്‍ ഇടം നേടാതെ പോയ അനുവിനെക്കുറിച്ച് അന്നത്തെ വോളിബോള്‍ ഫെഡറേഷന് പ്രസിഡണ്ടായിരുന്ന ശിവന്തി ആദിത്യന്റെ വാക്കുകള്‍ക്ക് പശ്ചാത്താപത്തിന്റെ ഒരു ധ്വനിയുണ്ടായിരുന്നു.’ഇന്ത്യന്‍ വനിതാ വോളിക്ക് ഒഴിവാക്കാനാവാത്ത ഘടകമാണ് അനു ജേക്കബ്..’ഒടുവില്‍ 1995-ല്‍ തായ്ലണ്ടില് നടന്ന പ്രിന്‍സസ് കപ്പ് ടൂര്‍ണ്ണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍ അനുവിന് ആദ്യമായി സെലക്ഷന് കിട്ടി. പിന്നീട് അടുത്ത ഏഴ് വര്‍ഷക്കാലം അനു ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യഘടകമായി മാറി. പൊക്കക്കുറവിനെ മറയ്ക്കാന്‍ തേച്ചു മിനുക്കിയെടുത്ത തന്റെ പവര്‍ അറ്റാക്കുകളും ജംബ് സര്‍വ്വീസുകളും വോളിപ്രേമികളുടെ സൂപ്പര്‍ താരമായി അനുവിനെ വളര്‍ത്തി.
കോര്‍ട്ടിലെ എതിരാളികളെ തകര്‍ക്കാനാവശ്യമായ പോരാട്ടവീര്യം ധാരാളമായി കൈവശമുണ്ടായിരുന്ന അനുവിന്റെ പവര്‍ ഷോട്ടുകളും എടുത്തു പറയേണ്ടതു തന്നെ. അക്കാലത്ത് അനു ജേക്കബിന്റെ പേരില്‍ തിരുപ്പൂരില്‍ ഫാന്‍സ് അസോസിഷന് ഉണ്ടായിരുന്നു. രക്തദാനം, പുസ്തക വിതരണം എന്നിവയായിരുന്നു അവരുടെ പ്രധാന ജീവകാരുണ്യ പ്രവര്‍ത്തനം.1998-ല്‍ ശ്രീലങ്കയില്‍ ഇന്ത്യ വിജയപ്പതക്കമണിഞ്ഞ ഏഷ്യന്‍ സൗത്ത് ടൂര്‍ണ്ണമെന്റിലും അതേവര്‍ഷം തന്നെ തായ്ലണ്ടില് നടന്ന പ്രിന്‍സസ് കപ്പിലും 1999-ല്‍ നേപ്പാളില്‍ ഇന്ത്യ ചാമ്പ്യന്മാരായ സാഫ് ഗെയിംസിലും അനു ഇന്ത്യന്‍ കുപ്പായമണിഞ്ഞു. പിന്നീടൊരിക്കല്‍ മാലിദ്വീപിലെ ഒരു ക്ലബ്ബിനായി കളിക്കാനും അവസരമുണ്ടായി.’ശരീരപ്രകൃതിയിലെ പരിമിതികള്‍ക്കിടയിലും അനുവിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. അറ്റാക്കിങ്ങില്‍ വളരെ മികച്ചതാണ് അവള്. ടീമിന്റെ മനോവീര്യം ഉയര്‍ത്താന്‍ അനുവിന് കഴിയും,’ എന്ന് കേരള കോച്ച് ടി.കെ. രാഘവന് അക്കാലത്ത് സാക്ഷ്യപ്പെടുത്തിയിരുന്നു.
വോളിബോള്‍ മൈതാനത്തിനരികില്‍ തിങ്ങിക്കൂടിയ കാണികള്‍ ശ്വാസമടക്കി പിടിച്ചു നിന്നത് സ്വദേശത്ത് മാത്രമല്ല. വിദേശമണ്ണിലെ പുകള്‍പെറ്റ വോളിബോള്‍ കോര്‍ട്ടുകളിലും ഒരു കൊള്ളിയാന്‍ കണക്കെ അനു ജേക്കബ് എന്ന കൗമാരക്കാരി നിറഞ്ഞാടിയത് ഒരു ചരിത്രമാണ്…
”തായ്ലണ്ടില് വെച്ച് നടന്ന മത്സരത്തിനിടയില്‍ ആറടിയിലധികം ഉയരം വരുന്ന ഒരു ഓസ്ട്രേലിയന്‍ കളിക്കാരിയേയും ഏറ്റവും ഉയരം കുറഞ്ഞ എന്നെയും ചേര്‍ത്ത് നിറുത്തി സംഘാടകര്‍ ഒരു ചിത്രമെടുത്തു. ഇപ്പോഴും ആ പടം കാണുമ്പോള്‍ എനിക്ക് ചിരി വരും.’തന്റെ ഉയരമില്ലായ്മയ്ക്കുള്ള മറുപടിയായിരുന്നു ഓരോ പ്രകടനങ്ങളും.അനുവിന്റെ ‘ജംബ് സര്‍വ്വ്’ വളരെ പ്രശസ്തമായിരുന്നു., അതിലൂടെ പലപ്പോഴും നേരിട്ടുള്ള പോയിന്റുകള്‍ ടീമിന് നേടിക്കൊടുക്കുമായിരുന്നു. കളിയോടുള്ള തികഞ്ഞ ആത്മാര്‍ത്ഥതയാണ് മറ്റൊന്ന്. ഡിഫന്‍സിലായാലും, സ്മാഷ് ചെയ്യുന്നതിലായാലും, പന്ത് വീണ്ടെടുക്കാന്‍ ഡൈവ് ചെയ്യുന്നതിലായാലും അനുവിന്റെ പ്രകടനം അതിശയകരമായിരുന്നു..
അതിനൊക്കെയുള്ള സാക്ഷ്യമായി, തന്റെകാരിയറില് 35 തവണ ബെസ്റ്റ് പ്ലെയര്‍ അവാര്‍ഡിന് അര്‍ഹയായിട്ടുണ്ട്.’അന്നൊരിക്കല്‍ പാട്നയില്‍ നടന്ന നാഷണല്‍ ലീഗിനിടെ മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് എന്നെ അടുത്തുവിളിച്ച് അനുഗ്രഹിച്ചു. ‘എന്നാലും താന്‍ ഇന്നും ഓര്‍ത്തിരിക്കുന്ന അംഗീകാരം ഇതൊന്നുമല്ല.’ഞാന്‍ ഇന്നും ഹൃദയത്തില്‍ സൂക്ഷിച്ചു വെച്ചിരിക്കുന്ന മധുരമുള്ളൊരു അംഗീകാരത്തെക്കുറിച്ച് പറയാതിരിക്കാനാവില്ല,ഒരിക്കല്‍ അങ്കമാലിയില്‍ ഒരു മത്സരം നടക്കുന്നു. തിങ്ങിനിറഞ്ഞ ഗ്യാലറി, ടിക്കറ്റുകള്‍ നേരത്തെ തന്നെ തീര്‍ന്നുപോയിരുന്നു. വൈകിട്ട് തന്റെ ജോലിയെല്ലാം കഴിഞ്ഞ് കളികാണാന്‍ ഓടിക്കിതച്ചെത്തിയ ഒരു ചേട്ടന് പക്ഷേ കളികാണാനുള്ള യോഗമുണ്ടായില്ല..
അന്ന് ആ മത്സരം തീരുന്നതുവരെ സ്റ്റേഡിയത്തിന് പുറത്ത് കാത്തുനിന്ന അദ്ദേഹം എന്നെ കണ്ടതും തന്റെ കൈവശം കരുതിയിരുന്ന ഒരു പാക്കറ്റ് പോപ്പിന്‍സ് മിഠായി എനിക്ക് തന്നു. ഇന്നും ഞാന്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഏറ്റവും മധുരമുള്ള ഓര്‍മ്മയാണത്. ”മഹാരാഷ്ട്രയിലെ അകോലയില്‍ ഉസ്മാനിയ യൂണിവേഴ്സിറ്റിയുമായി നടന്നൊരു മത്സരം.. ഞാനന്ന് പകരക്കാരിയാണ്.നിര്‍ണ്ണായകമായ അഞ്ചാം ഗെയ്മില്‍ 8 പോയ്ന്റിന് ടീം പിന്നില്‍ നില്‍ക്കുമ്പോഴാണ് എന്നെ ഇറക്കിയത്. എന്റെ ആദ്യ സ്മാഷ് തന്നെ പോയ്ന്റായി മാറി. അതോടെ ടീം മൊത്തത്തില്‍ നല്ല ഫോമിലാകുകയും മത്സരത്തിലേക്ക് തിരിച്ചു വരികയും ഒടുവില്‍ ആ മത്സരം ഞങ്ങള്‍, എം.ജി യൂണിവേഴ്സിറ്റി വിജയിക്കുകയും ചെയ്തു.’ അന്നൊക്കെ വോളിബോളില്‍ ഞാന്‍ നന്നായി കളിച്ചെങ്കില്‍ അത് ബഹുമാന്യനരായ കോച്ചുമാരുടെയും സഹകളിക്കാരുടെയും പ്രോത്സാഹനവും സഹകരണവും കൊണ്ട് മാത്രമാണ്. ആരുടെയും വ്യക്തിഗതമായ മികവ് കൊണ്ടു മാത്രം ഒരു മത്സരഫലത്തെയും വിലയിരുത്തുന്നത് ശരിയല്ല. ജയമാകട്ടെ തോല്‍വിയാകട്ടെ എല്ലാമത്സരഫലങ്ങങ്ങളും ഒരു ടീംവര്‍ക്കിന്റെ പരിണിതഫലമാണ്. ‘ അനു ജേക്കബ് പറഞ്ഞു നിറുത്തി.
രണ്ടായിരമാണ്ടില്‍ വോളിബോളില്‍ നിന്നുള്ള അനുവിന്റെ അപ്രതീക്ഷിതമായ വിരമിക്കല്‍ പ്രഖ്യാപനം പരിശീലകരെയും കായികപ്രേമികളെയും അമ്പരപ്പിച്ചു. കാരണം നാഷണല്‍ രംഗത്തും കെ.എസ് ഇ ബി യിലും നല്ല ഫോം തുടരുന്നതിനിടയിലായിരുന്നു തന്റെ ഇരുപത്തിയാറാം വയസ്സില്‍, സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിറുത്തുന്നതാണ് നല്ലത് എന്ന നിലപാടില്‍ മുറുകെ പിടിച്ച് അനു ജേക്കബ് അന്ന് ആ പ്രഖ്യാപനം നടത്തിയത്.

