കോട്ടപ്പുറം : തപസ്സുകാലം ദൈവത്തിലേക്കും മനുഷ്യരിലേക്കുമുള്ള ആത്മീയ യാത്രയായി പരിണമിക്കണമെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ . തപസ്സുകാലത്തിന് ആരംഭംകുറിച്ച് വിഭൂതി ബുധനാഴ്ചയിൽ കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിൽ അർപ്പിച്ച ദിവ്യബലിയിൽ മുഖ്യകാർമ്മികത്വം വഹിച്ച് വചനസന്ദേശം നൽകുകയായിരുന്നു ബിഷപ്പ്. പ്രാർത്ഥനയും പരിത്യാഗവും ദാനധർമ്മവും വഴി അത്മീയയാത്ര പൂർത്തീകരിക്കണം. സ്വാർത്ഥത വെടിഞ്ഞ് പാവപ്പെട്ടവർക്ക് നേരെ സഹായഹസ്തം നീട്ടാനും അവരുടെ കണ്ണീരൊപ്പാനും ബിഷപ്പ് വിശ്വാസികളെ ആഹ്വാനം ചെയ്തു.
കത്തീഡ്രിൽ നടന്ന ദിവ്യബലിയിൽ കത്തീഡ്രൽ വികാരി റവ.ഡോ ഡൊമിനിക് പിൻഹീറോ, സഹവികാരിമാരായ ഫാ. നിഖിൽ മുട്ടിക്കൽ, ഫാ ടോണി കുന്നത്തൂർ,കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ, ചാൻസലർ റവ.ഡോ.ഹെൽവസ്റ്റ് റൊസാരിയോ, പ്രൊക്കുറേറ്റർ ഫാ. ജോബി കാട്ടാശ്ശേരി, ബിഷപ്പിൻ്റെ സെക്രട്ടറി ഫാ. ബിയോൺ തോമസ്, മതബോധന ഡയറക്ടർ ഫാ. സിജോ വേലിക്കകത്തോട്ട് എന്നിവർ സഹകാർമ്മികരായി. സന്യസ്തരും വിശ്വാസികളുമടക്കം ആയിരങ്ങൾ പങ്കെടുത്തു.


