വത്തിക്കാൻ സിറ്റി: 2025-ൽ ലോകമെമ്പാടും 17 മിഷ്ണറിമാർ കൊല്ലപ്പെട്ടതായി കണക്ക്. ഡിസംബർ 30ന് ഫിഡെസ് ഏജൻസിയാണ് വാർഷിക റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇതോടെ 2000 മുതൽ ജീവൻ നഷ്ടപ്പെട്ട മിഷ്ണറിമാരുടെ എണ്ണം 626 ആയി ഉയർന്നു. പ്രത്യാശയുടെ ജൂബിലി വർഷമായ 2025 -ൽ വിശ്വാസത്തെ പ്രതി മരിച്ചവരിൽ വൈദികർ, കന്യാസ്ത്രീകൾ, സെമിനാരി വിദ്യാർത്ഥികൾ, അൽമായർ എന്നിവർ ഉൾപ്പെടുന്നു.
ഭൂഖണ്ഡം തിരിച്ചുള്ള കണക്കുകൾ പ്രകാരം 2025-ൽ ഏറ്റവും കൂടുതൽ മിഷ്ണറിമാർ കൊല്ലപ്പെട്ടത് ആഫ്രിക്കയിലാണ്. ആറ് വൈദികർ, രണ്ട് സെമിനാരി വിദ്യാർത്ഥികൾ, രണ്ട് മതബോധന അധ്യാപകർ ഉൾപ്പെടെ പത്ത് മിഷ്ണറിമാർ കൊല്ലപ്പെട്ടു. അമേരിക്കയിൽ നാല് മിഷ്ണറിമാരാണ് കൊല്ലപ്പെട്ടത്. ഇതിൽ രണ്ട് വൈദികരും രണ്ട് കന്യാസ്ത്രീകളും ഉൾപ്പെടുന്നു.
കൊല്ലപ്പെട്ട മിഷ്ണറിമാരിൽ ഒരു വൈദികനും അൽമായനും ഉൾപ്പെടെ രണ്ട് പേർ ഏഷ്യയിൽനിന്നുള്ളവരാണ്. ഒരു വൈദികൻ യൂറോപ്പിൽ കൊല്ലപ്പെട്ടു. അതേസമയം അനൌദ്യോഗിക കണക്കുകൾ പ്രകാരം ലോകമെമ്പാടും നൂറുകണക്കിന് മിഷ്ണറിമാരും ആയിരകണക്കിന് ക്രൈസ്തവർ ക്രിസ്തു വിശ്വാസത്തെ പ്രതി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

