ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ആസന്നമായ ബിഹാറിൽ വോട്ടർപട്ടിക പരിഷ്കരണത്തിൽ തിരിച്ചറിയൽ രേഖയായി ആധാർ പരിഗണിക്കണമെന്ന് സുപ്രീംകോടതി. 12-മത്തെ തിരിച്ചറിയൽ രേഖയായി ആധാർ കൂടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി തെരഞ്ഞെടുപ്പു കമ്മിഷന് നിർദേശം നൽകിയിട്ടുണ്ട് .
നേരത്തെയുള്ള 11 തിരിച്ചറിയൽ രേഖയ്ക്ക് പുറമെയാണ് ആധാർ പരിഗണിക്കാൻ സുപ്രീംകോടതി നിർദേശിച്ചത്. എന്നാൽ ആധാർ പൗരത്വ രേഖയായി കണക്കാക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ആധാർ പൗരത്വത്തിന്റെ തെളിവല്ലെന്നും പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി ഒരു വോട്ടർ സമർപ്പിക്കുന്ന ആധാർ കാർഡ് നമ്പറിന്റെ ആധികാരികത തെരഞ്ഞെടുപ്പ് കമ്മീഷന് ഉറപ്പാക്കാൻ കഴിയണമെന്നും കോടതി പറഞ്ഞു .
രാജ്യത്തെ പൗരന്മാർക്ക് തങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടെന്ന് ഉറപ്പ് വരുത്താൻ അവകാശം ഉണ്ട്. എന്നാൽ വ്യാജമായി പൗരത്വം അവകാശപ്പെടുന്നവർക്ക് വോട്ടർ പട്ടികയിൽ തുടരാൻ അവകാശം ഇല്ലെന്നും സുപ്രീംകോടതിയിൽ ജസ്റ്റിസ് സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അനധികൃത കുടിയേറ്റക്കാരെ തെരഞ്ഞെടുപ്പ് പട്ടികയിൽ ഉൾപ്പെടുത്താൻ ആരും ആഗ്രഹിക്കുന്നില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.

