പുരാണം / ജെയിംസ് അഗസ്റ്റിന്
സങ്കീര്ത്തനങ്ങളില്ത്തന്നെ സംഗീതമുണ്ട്. സങ്കീര്‍ത്തനങ്ങള്‍ക്കു ഗാനരൂപം നല്കി ജെറി അമല്‍ദേവിന്റെ ഈണത്തില്‍ കേള്‍ക്കണമെങ്കില്‍ നിര്ഝരിയുടേ യൂട്യൂബ് ചാനലില്‍ ഒന്ന് കയറി നോക്കാം. ഫാ. മാത്യു മുളവനയാണ് മലയാളത്തിലും ഹിന്ദിയിലും മനോഹരമായ കവിതാരചന നിര്‍വഹിച്ചിട്ടുള്ളത്. ജയിംസ് എടേഴത്താണ് നിര്ഝരിയുടെ സ്ഥാപകന്‍.
ലോകബാങ്കിന്റെ വാഷിംഗ്ടണ്‍ ആസ്ഥാനത്തു ജോലി ചെയ്തിരുന്ന കൊച്ചി രൂപതയിലെ കുമ്പളങ്ങി തിരുഹൃദയ ഇടവകാംഗമായ ജെയിംസ് എടേഴത്ത് ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ ജെറി അമല്‍ദേവ് മാസ്റ്ററെ നേരില്‍ കണ്ടു. ഭക്തിഗാനങ്ങളെക്കുറിച്ചു ശരിയായ കാഴ്ചപ്പാട് ഉണ്ടായിരുന്ന ജയിംസ് എടേഴത്ത്, ജെറിമാഷിനോട് പരിഭവം പറഞ്ഞു;’മുന്‍പൊക്കെ പള്ളിയില്‍ പാടുന്ന പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ നമുക്കെല്ലാം ഭക്തിയും ശാന്തിയും ആശ്വാസവുമെല്ലാം തോന്നിയിരുന്നു. ഇപ്പോള്‍ പള്ളിയില്‍ പാടുന്ന ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ വല്ലാത്ത അസ്വസ്ഥതയാണ് ഉള്ളില്‍ വരുന്നത്.’ ജെറിമാഷും അതിനോടു യോജിച്ചു. നമുക്ക് കുറച്ചു നല്ല പാട്ടുകള്‍ ഒരുക്കാം എന്ന തീരുമാനത്തോടെയായിരുന്നു അവരന്ന് പിരിഞ്ഞത്.

ഫാ.മാത്യു മുളവനയും ജെറി അമല്‍ദേവും
യാതൊരു പ്രതിഫലവുമില്ലാതെ പാട്ടുകള്‍ക്ക് സംഗീതം നല്‍കാം എന്നൊരു വാഗ്ദാനവും ജെറിമാഷ് ജെയിംസിനു നല്കി. അവിടെ നിന്നാണ് നിര്ഝരിയുടെ തുടക്കം. 2005-ല്‍ നടന്ന ആദ്യചര്‍ച്ചയില്‍ സങ്കീര്‍ത്തനങ്ങളുടെ ഗാനരൂപം തയ്യാറാക്കാനുള്ള തീരുമാനമെടുത്തു. അന്ന് എറണാകുളത്തെ സി.എ.സി.യുടെ ഡയറക്ടര്‍ ആയി സേവനം ചെയ്തിരുന്ന ഫാ. വില്യം നെല്ലിക്കലിന്റെ പ്രത്യേക സഹായവും കൂടി ലഭിച്ചപ്പോള്‍ ആദ്യ സമാഹാരം റിലീസ് ചെയ്തു. 11 സങ്കീര്‍ത്തനങ്ങളാണ് ആദ്യ സി.ഡി.യില്‍ ഉള്‍പ്പെടുത്തിയിരുന്നത്. രമേഷ് മുരളി, സതീഷ് ഭട്ട്, വില്‍സണ്‍ പിറവം, എലിസബത്ത് രാജു, രാജലക്ഷ്മി എന്നിവരായിരുന്നു ഗായകര്‍.
നിര്ഝരിയുടെ സ്ഥാപകനായ ജയിംസ് എടേഴത്തിനു സ്വപ്നപദ്ധതിയെക്കുറിച്ചു ഏറെ പറയാനുണ്ട്. ‘ ആരാധനാക്രമത്തിനു അനുയോജ്യമായ നല്ല ഗാനങ്ങള്‍ റിലീസ് ചെയ്യാനും നവപ്രതിഭകള്ക്കു അവസരങ്ങള്‍ നല്‍കാനുമാണ് നിര്‍ഝരി ലക്ഷ്യമിടുന്നത്. ഇതുവരെ 45 സങ്കീര്‍ത്തനങ്ങള്‍ മലയാളത്തില്‍ റെക്കോര്‍ഡ് ചെയ്തു. അമ്പതു സങ്കീര്‍ത്തനങ്ങള്‍ക്കു ഹിന്ദിയിലും ഗാനരൂപം തയ്യാറാക്കി. ജെറി അമല്‍ദേവും ഫാ. ജോസഫ് മനക്കിലും ചേര്‍ന്നു സൃഷ്ടിച്ച ദിവ്യബലി ഗാനങ്ങളും പുതിയ ഗായകരെക്കൊണ്ടു പാടിപ്പിക്കാന്‍ കഴിഞ്ഞു. ആകെ 130 ഗാനങ്ങള്‍ നിര്ഝരിയുടെ യൂട്യൂബ് ചാനലില്‍ ചേര്‍ത്തിട്ടുണ്ട്. ഈ പദ്ധതികളില്‍ നിന്നും യാതൊരു സാമ്പത്തികനേട്ടവും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. കൂടുതല്‍ നല്ല പാട്ടുകള്‍ ലഭ്യമാക്കാനും പുതിയ ഗായകര്‍ക്ക് അവസരം നല്‍കാനും നിര്‍ഝരി തുടര്‍ന്നും ശ്രമിക്കും.
ഇരുപത്തി ഒന്നാം വയസ്സിലാണ് ജെറി അമല്‍ദേവ് സങ്കീര്‍ത്തനങ്ങളുടെ ഗാനരൂപങ്ങളുടെ സൃഷ്ടി തുടങ്ങുന്നത്. അന്ന് അദ്ദേഹം പൂനെ സെമിനാരിയിലെ വൈദിക വിദ്യാര്‍ത്ഥിയാണ്. ജെറി മാസ്റ്ററുടെ സെമിനാരിക്കാലത്തെ ഓര്‍മ്മകള്‍ അദ്ദേഹം പങ്കു വയ്ക്കുന്നു.
‘പൂനെ എസ് .വി.ഡി. സെമിനാരിയുടെ മേധാവിയായിരുന്നു ജര്‍മന്‍ മിഷനറിയായിരുന്ന ഫാ. എംഗല്‍ബര്‍ട്ട് സൈറ്റ്ലര്. ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും ആഴമേറിയ അവബോധമുണ്ടായിരുന്ന ദീര്ഘദര്ശിയായിരുന്നിന്നു ഫാ. ഏംഗല്‍ബര്‍ട്ട്. അദ്ദേഹം ഞങ്ങളെ വിളിച്ചുചേര്‍ത്തിട്ടു പറഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ അതിപുരാതനവും പാരമ്പര്യവും പേറുന്നൊരു സംസ്കാരത്തില്‍ ജീവിക്കുന്നവരാണ്.

ജെയിംസ് എടേഴത്ത്
ഈ ദേശത്തിന്റെ കലകളും സംഗീതവും സാഹിത്യവും ലോകത്തിനു തന്നെ മാതൃകയും വിസ്മയവുമാണ്. ഇവിടെ നിലവിലുള്ള പുണ്യഗ്രന്ഥങ്ങളും ഐതിഹ്യങ്ങളുമെല്ലാം പഠിക്കുന്നതും പ്രചരിക്കുന്നതും പദ്യരൂപത്തിലാണ്. അവ ഉത്തമമായ സാഹിത്യസൃഷ്ടികളുമാണ്. നമുക്ക് ഈ ജനത്തോട് സംവദിക്കണമെങ്കില്‍ നമ്മുടെ ആശയങ്ങള്‍ ഇതേ നിലവാരത്തില്‍ കലയിലൂടെ പ്രത്യേകിച്ച്, സംഗീതത്തിലൂടെ കൈമാറാന്‍ കഴിയണം.
ആ ആഹ്വാനമാണ് പുതിയ പാട്ടുകള്‍ ഇന്ത്യന്‍ ഭാഷകളില്‍ ഒരുക്കണമെന്ന ആശയം എന്നില്‍ മുളപ്പിച്ചത്. എന്നോടൊപ്പം സെമിനാരിയിലുണ്ടായിരുന്ന പ്രതിഭാധനനായ ഫാ. മാത്യു മുളവന ഹിന്ദിയിലും മലയാളത്തിലും എഴുതിയ വരികള്‍ക്ക് ഞാന്‍ സംഗീതം നല്കി. ആ സംഗീതയാത്ര ഞങ്ങള്‍ ഇന്നും തുടരുകയാണ്.’
നിര്ഝരിയുടെ യൂട്യൂബ് ചാനലില്‍ കുറച്ചു ദിവ്യബലി ഗാനങ്ങളും ചേര്‍ത്തിട്ടുണ്ട്. കെസ്റ്റര്‍, രമേഷ് മുരളി, ഗാഗുല്‍ ജോസഫ്, അനൂപ്, മരിയ ഡാവിന തുടങ്ങിയവരാണ് ഗായകര്‍. ഉത്തമമായ ഗാനങ്ങള്‍ സൃഷ്ടിക്കാനുള്ള ജെയിംസ് എടേഴത്തിന്റെ ജെറി അമല്‍ദേവും സഹപ്രവര്‍ത്തകരും നിര്‍ലോഭമായ പിന്തുണ നല്‍കുന്നുണ്ട്.
ജെയിംസ് എടേഴത്തിന്റെ ഭാര്യ റോസാ ജോണ്‍, നിര്ഝരിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി കൂടെയുണ്ട്. നമുക്കും ഈ ഉദ്യമത്തോടു സഹകരിക്കാം. ഈ ഗാനങ്ങള്‍ ഇടവകകളിലെ ഗായകസംഘങ്ങളെ പരിചയപ്പെടുത്താന്‍ ശ്രമിക്കാം. പുതുഗീതങ്ങള്‍ ഉണ്ടാകട്ടെ. നവപ്രതിഭകളും. ഗാനനിര്‍ഝരി അനുസ്യൂതം ഒഴുകട്ടെ.

