കോട്ടപ്പുറം : കോട്ടപ്പുറം മാർക്കറ്റിലെ പുരാതനമായ വിശുദ്ധ തോമ ശ്ലീഹയാൽ സ്ഥാപിതമായെന്നു വിശ്വസിക്കുന്ന മുസിരിസ് സെൻ്റ് തോമസ് കപ്പേളയിൽ വിശുദ്ധ തോമസിൻ്റെ തിരുനാളിനും കോട്ടപ്പുറം രൂപതാദിനാഘോഷത്തിനും കൊടികയറി.
കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺസിഞ്ഞോർ റോക്കി റോബി കളത്തിൽ കൊടിയേറ്റ് നിർവ്വഹിച്ചു.തുടർന്ന് നടന്ന ദിവ്യബലിക്ക് രൂപത എപ്പിസ്കോപ്പൽ വികാരി ഡോ. ഫ്രാൻസിസ്കോ പടമാടൻ മുഖ്യകാർമ്മികനായി. മോൺ.റോക്കി റോബി വചനപ്രഘോഷണം നടത്തി. ഫാ. ജിബിൻ കുഞ്ഞേലുപറമ്പ് സഹകാർമ്മികനായി. തിരുനാൾ സപ്ലിമെൻ്റ് “സാന്തോം ടൈംസി’ൻ്റെ പ്രകാശനം ഫാ ആൽഫിൻ ജൂഡ്സന് നല്കി ഡോ. ഫ്രാൻസിസ്കോ പടമാടൻ നിർവഹിച്ചു. കോട്ടപ്പുറത്തെ പുതിയ സഹവികാരിയായി ചുമതലയേറ്റ ഫാ. പീറ്റർ കണ്ണമ്പുഴ ഒഎഫ്എം കൊൺവെഞ്ച്വലിന് സ്വീകരണം നല്കി.
ഇന്ന് വൈകീട്ട് 5.30 ന് ദിവ്യബലിക്ക് ഗോതുരുത്ത് ഫൊറോന വികാരി ഫാ. ജാക്സൻ വലിയപറമ്പിൽ മുഖ്യകാർമ്മികത്വം വഹിക്കും. രൂപത ഫിനാൻഷ്യൽ അഡ്മിസ്ട്രേറ്റർ ഫാ.ജോബി കാട്ടാശ്ശേരി പ്രസംഗിക്കും.
ജൂലൈ മൂന്നിന് വൈകീട്ട് 4.30ന് കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് എൽപി സ്കൂളിൽ നിന്ന് കോട്ടപ്പുറം മാർക്കറ്റിലെ സെൻ്റ് തോമസ് കപ്പേളയിലേക്ക് നടക്കുന്ന പ്രവേശന പ്രദക്ഷിണത്തിൽ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിനൊപ്പം രൂപത, ഇടവക, സന്യസ്ത പ്രതിനിധികളും രൂപതയിലെ വൈദീകരും അണിനിരക്കും. തുടർന്ന് സെൻ്റ് തോമസ് കപ്പേളയിൽ ബിഷപ്പിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി. രൂപത വാർഷിക പദ്ധതിയുടെയും ക്രിസ്ബാൻ്റിൻ്റെ കവർ സോങ്ങിൻ്റെയും പ്രകാശനവും ഫെസിലിറ്റേഷൻ സെൻ്ററിൻ്റെ ഉദ്ഘാടനവും നടക്കും. തുടർന്ന് ഊട്ടുനേർച്ചയുമുണ്ടാകും.
1987 ജൂലൈ മൂന്നിന് തോമശ്ലീഹയുടെ രക്തസാക്ഷിത്വതിരുനാൾ ദിനത്തിലാണ് ‘ക്വോ ആപ്തിയൂസ് ‘ എന്ന ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുവെഴുത്തു വഴി കോട്ടപ്പുറം രൂപത സ്ഥാപിതമാകുന്നതും ‘റൊമാനി എത്ത് പൊന്തിഫിച്ചിസ്’ എന്ന അപ്പസ്തോലിക എഴുത്തു വഴി മോൺ. ഫ്രാൻസിസ് കല്ലറക്കൽ രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനാകുന്നതും. കോട്ടപ്പുറം രൂപതയുടെ മദ്ധ്യസ്ഥൻ വിശുദ്ധ തോമസ് അപ്പോസ്തലനാണ്.