ഡബ്ലിൻ: Centre for World University Rankings (CWUR) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ആഗോള റാങ്കിങ് പട്ടികയിൽ അയർലണ്ടിലെ യൂണിവേഴ്സിറ്റികൾക്ക് തിരിച്ചടി. നാലിൽ മൂന്ന് പ്രധാന ഐറിഷ് സ്ഥാപനങ്ങൾക്കും റാങ്കിൽ ഇടിവുണ്ടായപ്പോൾ, University College Dublin (UCD) മാത്രമാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മുന്നേറ്റം രേഖപ്പെടുത്തിയിരിക്കുന്നത്.
ഇരുപതിനായിരത്തിലധികം സർവകലാശാലകളെ ഉൾപ്പെടുത്തി- പഠന നിലവാരം, ജോലിസാധ്യത, അധ്യാപകരുടെ ഗുണനിലവാരം, ഗവേഷണം എന്നിവ അടിസ്ഥാനമാക്കി തയ്യാറാക്കിയ പട്ടികയിൽ അയർലണ്ടിലെ ടോപ്പ് റാങ്കുള്ള സ്ഥാപനമായി Dublin Trinity College മാത്രം നിലനിന്നു.
ഐറിഷ് യൂണിവേഴ്സിറ്റികളുടെ റാങ്ക് ഇടിയാനുള്ള പ്രധാന കാരണം ഗവേഷണ മേഖലയിലെ കുറഞ്ഞ പ്രകടനമാണ് എന്നാണ് കണക്കുകൾ വ്യകതമാക്കുന്നത്. ലോകത്തെ മറ്റ് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വൻതോതിൽ ഫണ്ടിംഗ് ലഭ്യമാക്കിയും ഗവേഷണ പദ്ധതികൾക്കു മുൻഗണന നൽകിയും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിരിക്കുകയാണ്. എന്നിരുന്നാലും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ നില മെച്ചപ്പെടുത്തിയ അയര്‍ലണ്ടിലെ ഏക യൂണിവേഴ്സിറ്റിയായി University College Dublin (UCD) തന്നെ മുന്നേറ്റം കുറിച്ചു.
ഇതിനിടെ, പട്ടികയിൽ തുടർച്ചയായ പതിനാലാം തവണയും ഒന്നാം സ്ഥാനം നിലനിർത്തിയത് അമേരിക്കയിലെ പ്രശസ്തമായ ഹാർവാർഡ് യൂണിവേഴ്സിറ്റിയായിരുന്നു. എന്നാൽ മറ്റ് നിരവധി യുഎസ് യൂണിവേഴ്സിറ്റികൾ സർക്കാർ ഫണ്ടിങ്ങ് കുറവും, അക്കാദമിക് സ്വാതന്ത്ര്യത്തോടും അഭിപ്രായ സ്വാതന്ത്ര്യത്തോടും ബന്ധപ്പെട്ട തർക്കങ്ങളും മൂലം പിന്നോട്ടു പോയിട്ടുണ്ട്