കണ്ണൂർ: ജനങ്ങളുടെ സ്വരക്ഷിതത്വം ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിന്റെതാണെന്ന് കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല. കഴിഞ്ഞ ദിവസം കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട കണ്ണൂർ ജില്ലയിലെ ആറളം ഫാമിലെ വള്ളിയുടേയും ലീലയുടേയും വീടുകള്‍ സന്ദര്‍ശിച്ച് അവരുടെ പ്രയാസങ്ങളും അസ്വസ്ഥതകളും ചോദിച്ചറിഞ്ഞ ശേഷം സംസാരിക്കുകയായിരുന്നു ബിഷപ്.
ഇപ്പോഴും ഇവര്‍ക്ക് ഉല്‍ക്കണ്ഠ ഇല്ലാതെ ഉറങ്ങാന്‍ ആകുന്നില്ല. എപ്പോള്‍ വേണമെങ്കിലും ഏതു ഭവനത്തിലും കാട്ടുമൃഗങ്ങള്‍ ആക്രമിക്കാം. എല്ലാവരും ഭീതിയോടെയാണ് കഴിയുന്നത്. ഈയൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ബിഷപ് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നതുള്പ്പെടെയുള്ള സംരക്ഷണ സംവിധാനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. ഇവര്‍ക്ക് ലഭിക്കേണ്ട തൊഴിലുറപ്പുപദ്ധതിയുടെ കുടിശ്ശിക ഇവര്‍ക്ക് എത്രയും വേഗം ലഭ്യമാക്കണമെന്നും ബിഷപ് സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു.
ഇനിയെങ്കിലും ഒരു കുടുംബത്തിലും ഏതെങ്കിലുമൊരംഗം ഇത്തരത്തില്‍ നഷ്ടപ്പെടുന്ന സാഹചര്യമോ അതുമൂലം തീരാദുഖമനുഭവിക്കേണ്ടി വരുന്ന അവസ്ഥയോ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കണമെന്നും ബിഷപ് വടക്കുംതല ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രതിനിധികള്‍, വെള്ളരിവയല്‍ വികാരി ആന്റണി അറക്കല്‍, ബിഷപ്പ്സ് സെക്രട്ടറി ഡോ. ആന്റണി കുരിശിങ്കല്‍, കാരപറമ്പ് ആശ്രമത്തിലെ വൈദികന് എന്നിവരും ബിഷപ്പിനൊപ്പമുണ്ടായിരുന്നു.

