പാലക്കാട്: പാലക്കാട് കണ്ണമ്പ്ര കൊട്ടേക്കാട് കനത്ത മഴയില്‍ വീട് തകര്‍ന്നുവീണ് അമ്മയും മകനും മരിച്ചു.
കൊടക്കുന്ന് വീട്ടില്‍ സുലോചന (53), മകന് രഞ്ജിത്ത് (32) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പെയ്ത കനത്ത മഴയില്‍ വീടിന്റെ ചുവര് ഇടിഞ്ഞു വീഴുകയായിരുന്നു. സംഭവം ഇന്ന് പുലര്‍ച്ചെയാണ് നാട്ടുകാര്‍ അറിഞ്ഞത്.
അതേസമയം കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് സ്ത്രീ മരിച്ചു. മട്ടന്നൂര്‍ കോളാരിയില്‍ കുഞ്ഞാമിനയാണ് (51) മരിച്ചത്. ഇന്നലെ വൈകിട്ട് വീടിന് സമീപത്തെ വയലിലാണ് അപകടമുണ്ടായത്.
എടത്വയിൽ മരം വീണു വീട് തകർന്നു. പിഞ്ചുകുട്ടികൾ അടക്കം ഉറങ്ങിക്കിടന്നവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. തലവടി പഞ്ചായത്ത് 5-ാം വാർഡിൽ ബാലൻ നായരുടെ ഓട് മേഞ്ഞ വീടിന് മുകളിലേയ്ക്കാണ് ആഞ്ഞിലി മരം കടപുഴകി വീണത്. ഇന്ന് പുലർച്ചെ 3 മണിക്കാണ് അപകടം. വീട് ഭാഗികമായി തകർന്നു. മരം കടപുഴകി വീഴുമ്പോൾ ബാലൻ നായരും ഭാര്യ കുസുമ കുമാരി, മകൾ ദീപ്തി ബി നായർ, കൊച്ചുമക്കളായ ജയവർദ്ധിനി, ഇന്ദുജ പാർവ്വതി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിലുണ്ടായിരുന്നവർ അപകടം കൂടാതെ രക്ഷപ്പെട്ടു.